Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ‘ബലേനൊ’ ജപ്പാനിലേക്ക്; കയറ്റുമതി തുടങ്ങി

Baleno

ഇന്ത്യയിൽ നിർമിച്ച പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ ജപ്പാനിലേക്കുള്ള കയറ്റുമതിക്കു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) തുടക്കമിട്ടു. അടുത്ത മാസമാണു പുതിയ ‘ബലേനൊ’ ജപ്പാൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുക. ഇതാദ്യമായാണു മാരുതി സുസുക്കി ഇന്ത്യയിൽ നിർമിച്ച കാർ സുസുക്കിയുടെ ജന്മനാടായ ജപ്പാനിൽ വിൽപ്പനയ്ക്കെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

baleno-dial

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നാണു ജപ്പാനിലേക്കുള്ള ‘ബലേനൊ’ കപ്പൽ കയറിയത്. 1,800 കാറുകളാണ് ആദ്യ സംഘത്തിലുള്ളത്. തുറമുഖ സാമീപ്യം പരിഗണിച്ചും കയറ്റുമതി സാധ്യത വിപുലീകരണം ലക്ഷ്യമിട്ടും ഗുജറാത്തിൽ സുസുക്കി മോട്ടോർ കോർപറേഷൻ പുതിയ കാർ നിർമാണശാലയും സ്ഥാപിക്കുന്നുണ്ട്.

baleno-interior

‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ വിജയമാണു ജപ്പാനിലേക്കുള്ള ‘ബലേനൊ’ കയറ്റുമതിയിൽ പ്രതിഫലിക്കുന്നതെന്നു സുസുക്കി മോട്ടോർ കോർപറേഷൻ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ടി സുസുക്കി അഭിപ്രായപ്പെട്ടിരുന്നു. ആഗോള ഉൽപ്പാദന കേന്ദ്രമെന്ന നിലയിൽ മാരുതി സുസുക്കിയുടെ പ്രസക്തിയും പ്രാധാന്യവും ഇനിയും വർധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ക്രമേണ ലോകവ്യാപകമായി 100 വിപണികളിലേക്ക് ഇന്ത്യയിൽ നിർമിച്ച ‘ബലേനൊ’ കയറ്റുമതി ചെയ്യാനാണു മാരുതി സുസുക്കി ലക്ഷ്യമിട്ടിരിക്കുന്നത്. പുതിയ കാർ വികസനത്തിനായി മാരുതി സുസുക്കിയും അനുബന്ധ ഘടക നിർമാതാക്കളും ചേർന്ന് 1,060 കോടിയാളം രൂപയാണു നിക്ഷേപിച്ചത്. ഹരിയാനയിലെ മനേസാറിലുള്ള ശാലയിൽ നിന്നാണു ‘ബലേനൊ’ ഉൽപ്പാദിപ്പിക്കുന്നത്.

baleno-rear-view

ജപ്പാനിലേക്കുള്ള കയറ്റുമതിക്കു മുന്നോടിയായി ആ രാജ്യത്തെ ഇരുനൂറോളം ഡീലർമാർ മനേസാർ ശാല സന്ദർശിച്ചിരുന്നു. ‘ബലേനൊ’ ഉൽപ്പാദനം സംബന്ധിച്ചു വ്യക്തമായ ധാരണ ലഭിക്കാൻ വേണ്ടിയായിരുന്നു ഈ പ്ലാന്റ് സന്ദർശനം. ആഭ്യന്തര വിപണിയിലും മികച്ച വരവേൽപ്പാണു ‘ബലേനൊ’യ്ക്കു ലഭിച്ചത്; നിലവിൽ എൺപതിനായിരത്തിലേറെ ബുക്കിങ്ങുകൾ ‘ബലേനൊ’യ്ക്കു ലഭിച്ചിട്ടുണ്ടെന്നാണു കമ്പനിയുടെ അവകാശവാദം.

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഹ്യുണ്ടേയ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്വാഗൻ ‘പോളോ’ തുടങ്ങിയവയെ നേരിടുന്ന ‘ബലേനൊ’ പുത്തൻ ഷോറൂം ശൃംഖലയായ ‘നെക്സ’ വഴിയാണു മാരുതി സുസുക്കി വിൽപ്പനയ്ക്കെത്തിക്കുന്നത്.