Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി എന്ന വ്യാപാരനാമത്തിനായുള്ള അപ്പീൽ തള്ളി

Maruti Suzuki Logo

മാരുതി എന്ന വ്യാപാര നാമത്തിന്റെ അവകാശം തേടി വടക്കൻ ഗുജറാത്തിൽ നിന്നുള്ള പിസ്റ്റൻ നിർമാണ കമ്പനി സമർപ്പിച്ച അപ്പീൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലറ്റ് ബോർഡ്( ഐ പി എ ബി) തള്ളി. മാരുതി പിസ്റ്റൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഗുജറാത്തി കമ്പനി ‘മാരുതി’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ മാരുതി ഉദ്യോഗ് ലിമിറ്റഡും നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

വാഹനങ്ങൾക്കുള്ള പിസ്റ്റനും മറ്റു ഭാഗങ്ങളും നിർമിക്കുന്ന കമ്പനി 1991 മുതൽ പ്രവർത്തിക്കുന്നുണ്ടെന്നാണു മാരുതി പിസ്റ്റൻ പ്രൈവറ്റ് ലിമിറ്റഡിന്റെ വാദം. ‘മാരുതി’ എന്ന വ്യാപാരനാമം നിയമപ്രകാരം സ്വന്തമാക്കിയതിനൊപ്പം ഇക്കാര്യം ട്രേഡ്മാർക്ക് രംഗത്തെ പ്രസിദ്ധീകരണങ്ങളിൽ പരസ്യപ്പെടുത്തിയിരുന്നെന്നും മാരുതി പിസ്റ്റൻ അവകാശപ്പെടുന്നു.

എന്നാൽ 1972ൽ തന്നെ ഈ പേര് ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കിയിരുന്നെന്നായിരുന്നു അന്ന് മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ എതിർവാദം. മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ വ്യാപാരമുദ്രയോടു സമാനമായ ചിത്രം ഉപയോഗിക്കുന്നതിനാൽ പിസ്റ്റൻ നിർമാതാക്കൾ മാരുതിയുടെ സൽപേരും പ്രശസ്തിയും മുതലെടുക്കുകയാണെന്നും കമ്പനി ആരോപിച്ചു.

മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ വാദങ്ങൾ ട്രേഡ്മാർക്ക് അസിസ്റ്റന്റ് റജിസ്ട്രാർ അംഗീകരിച്ചതിനെ ചോദ്യം ചെയ്താണു മാരുതി പിസ്റ്റൻ ഐ പി എ ബിയെ സമീപിച്ചത്.

ഇരുകമ്പനികളുടെയും വ്യാപാരമുദ്രകൾ വ്യത്യസ്തവും സമാനതകളില്ലാത്തതും ആണെന്നായിരുന്നു മാരുതി പിസ്റ്റൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലറ്റ് ബോർഡിൽ നിലപാടെടുത്തത്. ഇരുചക്ര, ത്രിചക്ര വാഹനങ്ങളിൽ ഉപയോഗിക്കുന്ന പിസ്റ്റനിൽ മാത്രമാണു കമ്പനി ഈ വ്യാപാരമുദ്ര ഉപയോഗിക്കുന്നത്. അതേസമയം, വ്യാപാരമുദ്രകൾ സമാനവും ഒരേപോലുള്ളതുമാണെന്ന നിലപാടിലായിരുന്നു മാരുതി ഉദ്യോഗ്.

തെളിവുകളെ അടിസ്ഥാനമാക്കിയും വ്യക്തമായ ധാരണയോടെയുമാണ് അസിസ്റ്റന്റ് റജിസ്ട്രാർ ഈ വിഷയത്തിൽ തീരുമാനമെടുത്തതെന്നായിരുന്നു ജസ്റ്റിസ് കെ എൻ ബാഷയും ടെക്നിക്കൽ അംഗം സഞ്ജീവ് കുമാർ ചസ്വാളും ഉൾപ്പെട്ട ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലറ്റ് ബോർഡിന്റെ വിലയിരുത്തൽ. പേരും വ്യാപാരമുദ്രയും തമ്മിലുള്ള സാമ്യം പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനിടയുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഇരുകമ്പനികളും വാഹന വ്യവസായത്തിലാണെന്നതിനാൽ സമാന വ്യാപാരമുദ്ര കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

മാരുതി ഉദ്യോഗ് നേടിയെടുത്ത സൽപേരു ദുരുപയോഗം ചെയ്യാൻ പിസ്റ്റൻ കമ്പനിയെ അനുവദിക്കാനാവില്ലെന്നുംഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലറ്റ് ബോർഡ് വ്യക്തമാക്കി. സ്വന്തം ഉൽപന്നങ്ങളുടെ വ്യത്യസ്തത ഉറപ്പാക്കുന്നതിൽ പിസ്റ്റൻ കമ്പനി പരാജയപ്പെട്ടു. എന്നാൽ കമ്പനി 1972ൽ സ്ഥാപിതമായെന്നും 1984 മുതൽ കാർ വിൽക്കുന്നുണ്ടെന്നും മാരുതി ഉദ്യോഗ് തെളിയിച്ചു.

Your Rating: