Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസെരാട്ടി മടങ്ങി വരുന്നു; പ്രഖ്യാപനം 15ന്

ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടി ഇന്ത്യയിലേക്കു മടങ്ങുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് അരങ്ങൊരുങ്ങി. ബുധനാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന പത്രസമ്മേളനത്തിലാവും മസെരാട്ടിയുടെ മടങ്ങുവരവിന്റെ വിളംബരം. അഹമ്മദബാദ് ആസ്ഥാനമായ ഗ്രൂപ് പ്ലാനറ്റ് പെറ്റൽ മുംബൈയിൽ തുറക്കുന്ന ആദ്യ മസെരാട്ടി ഡീലർഷിപ്പിന്റെ പ്രഖ്യാപനവും ബുധനാഴ്ച പ്രതീക്ഷിക്കാം.

മൂന്നു വർഷം മുമ്പു തന്നെ മസെരാട്ടിക്ക് ഇന്ത്യയിൽ സാന്നിധ്യമുണ്ടായിരുന്നതാണ്; ശ്രേയൻസ് ഗ്രൂപ്പായിരുന്നു കമ്പനിയുടെ ഔദ്യോഗിക ഇറക്കുമതിക്കാർ. എന്നാൽ വിൽപ്പനാന്തര സേവനത്തെക്കുറിച്ച് പരാതികളേറെയിതോടെ കഴിഞ്ഞ ഏപ്രിലിൽ ഫെറാരിയും മസെരാട്ടിയും ശ്രേയൻസ് ഗ്രൂപ്പുമായുള്ള വിപണന കരാർ അവസാനിപ്പിക്കുകയായിരുന്നു.

രണ്ടാം വരവിൽ ‘ഗ്രാൻ ടുറിസ്മൊ’, ‘ഗ്രാൻ കബ്രിയൊ’, ക്വാട്രോപോർട്ടെ’ മോഡലുകളാവും മസെരാട്ടി ഇന്ത്യയിൽ അണിനിരത്തുകയെന്നാണു പ്രതീക്ഷ. ടൂറിങ് ലക്ഷ്യമിടുന്ന ടു ഡോർ സ്പോർട്സ് കൂപ്പെ/കബ്രിയോളെയാണു ‘ഗ്രാൻ ടുറിസ്മൊ’; ‘ക്വാട്രോപൊർട്ടെ’യാവട്ടെ നാലു ഡോറുള്ള ആഡംബര സ്പോർട്സ് സെഡാനും. 4.2 ലീറ്റർ, 4.7 ലീറ്റർ വി എയ്റ്റ് പെട്രോൾ എൻജിനുകളാണു ‘ഗ്രാൻ ടുറിസ്മൊ’യ്ക്കും ‘ഗ്രാൻ കബ്രിയൊ’യ്ക്കും കരുത്തേകുന്നത്. ‘ക്വാട്രോപൊർട്ടെ’യിലാവട്ടെ മൂന്നു ലീറ്റർ വി സിക്സ്, 3.8 ലീറ്റർ വി എയ്റ്റ് പെട്രോൾ എൻജിനുകൾക്കൊപ്പം മൂന്നു ലീറ്റർ വി സിക്സ് ഡീസൽ എൻജിനോടെയും ലഭ്യമാണ്.

പിന്നാലെ മസെരാട്ടിയുടെ തുറുപ്പുചീട്ടായ ‘ഘിബ്ലി’ സ്പോർട്സ് സെഡാനും ഇന്ത്യയിലെത്തിയേക്കും. ആഗോളതലത്തിൽ 330 ബി എച്ച് പി കരുത്തും 550 എൻ എം ടോർക്കും സൃഷ്ടിക്കുന്ന മൂന്നു ലീറ്റർ, ഇരട്ട ടർബോ വി സിക്സ് പെട്രോൾ എൻജിനോടെയാണ് കാർ വിൽപ്പനയ്ക്കെത്തുന്നത്. നിശ്ചലാവസ്ഥയിൽ നിന്ന് വെറും 5.7 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുന്ന കാറിന്റെ പരമാവധി വേഗമാവട്ടെ മണിക്കൂറിൽ 263 കിലോമീറ്ററാണ്.

പോരെങ്കിൽ മസെരാട്ടി ചരിത്രത്തിലെ ആദ്യ ഡീസൽ കാർ എന്ന പെരുമ സഹിതം ഡീസൽ ‘ഘിബ്ലി’യും ലഭ്യമാണ്. മൂന്നു ലീറ്റർ, വി സിക്സ് ഡീസൽ എൻജിന് പരമാവധി 275 ബി എച്ച് പി (ഇറ്റലിയിൽ 250 ബി എച്ച് പി മാത്രം) കരുത്ത് സൃഷ്ടിക്കാനാവും; നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.3 സെക്കൻഡ് എടുക്കുന്ന കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണ്. ‘ക്വാട്രോപോർട്ടെ’യെ അപേക്ഷിച്ചു ചെറുതെങ്കിലും മെഴ്സീഡിസ് ബെൻസ് ‘സി എൽ എസ്’, ഔഡി ‘എ സെവൻ’, ബി എം ഡബ്ല്യു ‘സിക്സ് സീരീസ് ഗ്രാൻ കൂപ്പെ’ എന്നിവയെ ഫലപ്രദമായി നേരിടാൻ ‘ഘിബ്ലി’ക്കാവും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.