Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിൽ 20,842 കാർ തിരിച്ചുവിളിക്കാൻ മസെരാട്ടി

maserati-quattroporte Maserati Quattroporte

രൂപകൽപ്പനയിലെ പിഴവിന്റെ പേരിൽ ചൈനയിൽ 20,842 കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടി ഒരുങ്ങുന്നു. ഇറക്കുമതി വഴി ചൈനയിൽ വിൽപ്പനയ്ക്കെത്തിയ സെഡാനായ ‘ക്വാട്രൊപോർട്ടെ’, സ്പോർട്സ് എക്സിക്യൂട്ടീവ് സെഡാനായ ‘ഘിബ്ലി’ മോഡലുകൾക്കാണു പരിശോധന ആവശ്യമായി വരിക. 2013 മാർച്ച് 22നും 2015 ഡിസംബർ മൂന്നിനുമിടയ്ക്കു നിർമിച്ച കാറുകൾക്കാണു പരിശോധന ആവശ്യമെന്നു ചൈനയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്വാളിറ്റി സൂപ്പർവിഷൻ, ഇൻസ്പെക്ഷൻ ആൻഡ് ക്വാറന്റൈൻ അറിയിച്ചു. കാറിലെ ഫ്ളോർ മാറ്റിന്റെയും ആക്സിലേറ്റർ പെഡലിന്റെയും രൂപകൽപ്പനയിലെ പിഴവാണു കാറുകൾ തിരിച്ചുവിളിക്കാൻ മസെരാട്ടിയെ നിർബന്ധിതരാക്കിയത്. രൂപകൽപ്പനയിലെ പിഴവിന്റെ ഫലമായി ഫ്ളോർ മാറ്റ് പെഡലിനിടയിൽ കുടുങ്ങാനും അങ്ങനെ ആക്സിലറേറ്റർ തുടർച്ചയായി പ്രവർത്തിക്കാനും സാധ്യതയുണ്ടെന്നാണു ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്വാളിറ്റി സൂപ്പർവിഷൻ, ഇൻസ്പെക്ഷൻ ആൻഡ് ക്വാറന്റൈൻ കണ്ടെത്തിയത്. ഇങ്ങനെ സംഭവിച്ചാൽ കാറുകൾ അപകടത്തിൽപെടുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

ഈ പ്രശ്നം പരിഹരിക്കാനായി മാറ്റും പെഡലും സൗജന്യമായി മാറ്റിനൽകാനാണു മസെരാട്ടിയുടെ പദ്ധതി. ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബൈൽസി(എഫ് സി എ)ന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടി ഇന്ത്യൻ വിപണിയിലും തിരിച്ചെത്തിയിട്ടുണ്ട്. എഫ് സി എയുടെ തന്നെ ഉടമസ്ഥതയിലുള്ള ആഡംബര കാർ ബ്രാൻഡായ ഫെറാരിയുടെ പാത പിന്തുടർന്നാണു മസെരാട്ടിയും ഇന്ത്യയിൽ സ്വന്തം നിലയിൽ വിൽപ്പനയും വിപണനവും ആരംഭിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ന്യൂഡൽഹിയിലും നവംബറിൽ ബെംഗളൂരുവിലും ഡീലർഷിപ് ആരംഭിച്ച മസെരാട്ടിയുടെ മൂന്നാം ഷോറൂം മുംബൈയിലാണു പ്രവർത്തിക്കുന്നത്. ‘ക്രാട്രോപൊർട്ടെ’, ‘ഘിബ്ലി’ എന്നിവയ്ക്ക പുറമെ സ്പോർട്സ് കൂപ്പെയായ ‘ഗ്രാൻടുറിസ്മൊ’, ‘ഗ്രാൻകബ്രിയൊ’ എന്നിവയൊക്കെ കമ്പനി ഇന്ത്യയിൽ ലഭ്യമാക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ വിൽക്കുന്ന കാറുകൾക്ക് ഇപ്പോഴത്തെ പരിശോധന ബാധകമാണോയെന്നു വ്യക്തമല്ല.

Your Rating: