Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോട്ടോ ജി പി: യമഹയിൽ റോസിക്കു കൂട്ടായി വിനെയ്ൽസ്

maverick-vinales-and-rossi Maverick Vinales And Valentino Rossi

മോട്ടോ ജി പിയിലെ നവാഗത പ്രതിഭയെന്ന പെരുമ സ്വന്തമാക്കിയ യുവറൈഡർ മാവെറിക് വിനെയ്ൽസ് യമഹ ടീമിലേക്ക്. ഒൻപതു തവണ ലോക ചാംപ്യൻഷിപ് നേടിയ വലന്റീനൊ റോസിയുടെ സഹറൈഡറാവാനാണു നിലവിൽ സുസുക്കി എക്സ്റ്റാർ ടീമംഗമായ വിനെയ്ൽസിന്റെ വരവ്. 2017, 2018 സീസണുകളിൽ യമഹയ്ക്കായി മത്സരിക്കാനാണു വിനെയ്ൽസ് കരാർ ഒപ്പിട്ടത്. അതേസമയം രണ്ടു സീസൺ കൂടി യമഹയ്ക്കൊപ്പം തുടരുമെന്നു റോസി കഴിഞ്ഞ മാർച്ചിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സീസണിൽ റോസിക്കൊപ്പമുണ്ടായിരുന്ന ജോർജ് ലൊറെൻസൊ കഴിഞ്ഞ ദിവസം യമഹ വിട്ട് ഇറ്റാലിയൻ ടീമായ ഡ്യുകാറ്റിയിലേക്കു ചേക്കേറാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. മൂന്നു തവണ ലോക ചാംപ്യൻഷിപ് നേടിയിട്ടുള്ള ലൊറെൻസൊയെ 2018 അവസാനം വരെയാണു ഡ്യുകാറ്റി ടീമിലെടുത്തിരിക്കുന്നത്.

ഈ സീസണിലെ മോട്ടോ ജി പി ലോക ചാംപ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്താണു വിനെയ്ൽസ്. 2011ൽ 125 സി സി വിഭാഗത്തിലാണ് വിനെയ്ൽസ് ലോക ചാംപ്യൻഷിപ്പിൽ അരങ്ങേറ്റം കുറിച്ചത്; 21 വയസ് മാത്രമുള്ള വിനെയ്ൽസ് സമീപകാലത്ത് മോട്ടോ ജി പി ചാംപ്യൻഷിപ്പിൽ അരങ്ങേറ്റം കുറിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ റൈഡറുമാണ്. 2013ൽ മോട്ടോ ത്രീ ലോക ചാംപ്യൻഷിപ് ജയിച്ച വിനെയ്ൽസ് അരങ്ങേറ്റ വർഷം 125 സി സി വിഭാഗത്തിൽ ‘റൂക്കി ഓഫ് ദ് ഇയർ’ പുരസ്കാരവും നേടിയിരുന്നു. തുടർന്ന് 2014ൽ ‘മോട്ടോ ടു’വിലും 2015ൽ ‘മോട്ടോ ജി പി’യിലും വിനെയ്ൽസ് ‘റൂക്കി ഓഫ് ദ് ഇയർ’ ബഹുമതി സ്വന്തമാക്കി.

അതിനിടെ മോട്ടോ ജി പി പദ്ധതിയുടെയും ‘ജി എസ് എക്സ് — ആർ ആറി’ന്റെയും വികസനത്തിനും വളർച്ചയ്ക്കും വിനെയ്ൽസ് നൽകിയ സംഭാവനകൾക്ക് ടീം സുസുക്കി എക്സ്റ്റാർ കൃതജ്ഞത രേഖപ്പെടുത്തി. സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ വിനെയ്ൽസിനു പൂർണ പിന്തുണയും ടീം സുസുക്ക് എക്സ്റ്റാറും സുസുക്കി മോട്ടോർ കോർപറേഷനും വാഗ്ദാനം ചെയ്തു. യമഹയിലേക്കു ചേക്കേറിയ വിനെയ്ൽസിനു പകരക്കാരനായി നിലവിൽ ഡ്യുകാറ്റി ടീമംഗമായ ആൻഡ്രിയ ഇയനോണിനെയാണു സുസുക്കി എക്സ്റ്റാർ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഡ്യുകാറ്റി ടീമിൽ ലൊറെൻസൊയ്ക്കു കൂട്ടാവുക ആൻഡ്രിയ ഡൊവിസിസൊയാവുമെന്ന് ഉറപ്പായി. അതേസമയം, 2017 സീസണിൽ ടീമിന്റെ രണ്ടാം റൈഡർ ആരാവുമെന്നു ടീം സുസുക്കി എക്സ്റ്റാർ വെളിപ്പെടുത്തിയിട്ടില്ല. സ്പാനിഷ് റൈഡർ ഡാനി പെഡ്രോസയുമായുള്ള കരാർ രണ്ടു വർഷത്തേക്കു കൂടി ദീർഘിപ്പിക്കുകയാണെന്നു കഴിഞ്ഞ ദിവസം റെപ്സോൾ ഹോണ്ട പ്രഖ്യാപിച്ചിരുന്നു.
 

Your Rating: