Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2022നുള്ളിൽ 5,000 കാർ വിൽക്കാനാവുമെന്ന് മക്ലാരൻ

mclaren-570-gt McLaren 570GT

അഞ്ചോ ആറോ വർഷത്തിനുള്ളിൽ വിൽപ്പന മൂന്നിരട്ടിയായി വർധിപ്പിക്കാനാവുമെന്നു ബ്രിട്ടീഷ് ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ മക്ലാരൻ ഓട്ടോമോട്ടീവിനു പ്രതീക്ഷ. വലിപ്പം കുറഞ്ഞ ആഡംബര സ്പോർട്സ് കാറുകളുടെ നിർമാണത്തിൽ വൈദഗ്ധ്യമുള്ള മക്ലാരന്റെ ‘570 ജി ടി’ ജനീവ മോട്ടോർ ഷോയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഇത്തരം മോഡലുകളുടെ പിൻബലത്തിൽ 2022 ആകുമ്പോഴേക്ക് വിൽപ്പന അയ്യായിരത്തിലേറെ യൂണിറ്റിലെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മൈക്ക് ഫ്ളെവിറ്റ്. കഴിഞ്ഞ വർഷം 1,534 കാറുകളാണു മക്ലാരൻ ഓട്ടമോട്ടീവ് വിറ്റത്; 1.20 ലക്ഷം പൗണ്ട്(ഏകദേശം 1.13 കോടി രൂപ) മുതൽ എട്ടു ലക്ഷം പൗണ്ട്(ഏകദേശം 7.56 കോടി രൂപ) വരെ വിലമതിക്കുന്ന മോഡലുകളാണു കമ്പനി വിൽപ്പനയ്ക്കെത്തിക്കുന്നത്. 2010ൽ മാത്രമാണ് മക്ലാരൻ ഓട്ടമോട്ടീവ് ആഡംബര സ്പോർട്സ് കാറുകൾ പൊതുവിപണിയിൽ വിൽപ്പന തുടങ്ങിയത്.

mclaren-570-gt-1 McLaren 570GT

മോഡൽ ശ്രേണി വിപുലീകരിച്ചതാണു വിൽപ്പന മെച്ചപ്പെടുത്താൻ വഴി തുറന്നതെന്നു ഫ്ളെവിറ്റ് വിശദീകരിക്കുന്നു. നിലവിൽ ഏഴു മോഡലുകളാണു കമ്പനി വിൽപ്പനയ്ക്കെത്തിക്കുന്നത്; ഇതിലെ പുതുമുഖമായ ‘570 ജി ടി’ക്കാവട്ടെ വനിതകളടക്കമുള്ള പുതിയ ഇടപാടുകാരെ കണ്ടെത്താനുള്ള കഴിവുണ്ടെന്നും അദ്ദേഹം കരുതുന്നു. കമ്പനി പിന്തുടരുന്ന ബിസിനസ് മാതൃക പ്രകാരം 4,000 കാർ വിൽക്കാൻ കഴിഞ്ഞാൽ തന്നെ മികച്ച നേട്ടമാണ്. ഇപ്പോഴത്തെ നില തുടർന്നാൽ 2022 ആകുമ്പോഴേക്ക് 4,500 മുതൽ 5,000 കാറുകൾ വരെ വിൽക്കാൻ മക്ലാരൻ ഓട്ടമോട്ടീവിനു കഴിയുമെന്നാണു പ്രതീക്ഷയെന്നും ഫ്ളെവിറ്റ് വ്യക്തമാക്കി. അതേസമയം, കമ്പനിയുടെ വാർഷിക വിൽപ്പന അയ്യായിരം യൂണിറ്റിനു മുകളിലെത്താനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം അംഗീകരിക്കുന്നു. ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന മക്ലാരൻ ടീമിന്റെ സൗകര്യങ്ങളും വൈദഗ്ധ്യവുമൊക്കെ മക്ലാരൻ ഓട്ടമോട്ടീവും പങ്കുവയ്ക്കുന്നു.

ട്രാക്കിലെ പരമ്പരാഗത എതിരാളികളായ ഫെറാരിയും ആസ്റ്റൻ മാർട്ടിനുമൊക്കെ റോഡ് കാറുകളിൽ പുലർത്തുന്ന ആധിപത്യം വെല്ലുവിളിക്കാൻ ലക്ഷ്യമിട്ടാണു ടീം മക്ലാരൻ ഓട്ടമോട്ടീവ് എന്ന പ്രത്യേക കമ്പനി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയത്. അതിനിടെ വിവിധ രാജ്യങ്ങളിൽ പ്രാബല്യത്തിലുള്ള മലിനീകരണ നിയന്ത്രണ നിബന്ധനകൾ കർശനമാക്കുന്നതു മക്ലാരൻ പോലുള്ള ചെറിയ നിർമാതാക്കൾക്കു കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും വൻകിട ഗ്രൂപ്പുകളുടെ ഭാഗമായി മാറാതെ തന്നെ ഈ വെല്ലുവിളി നേരിടാൻ മക്ലാരനു കഴിയുമെന്നാണു കമ്പനിയുടെ ഗ്ലോബൽ ഡയറ്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്) ജോളിയോൺ നാഷിന്റെ പ്രതീക്ഷ.

mclaren-570-gt-3 McLaren 570GT

കഴിഞ്ഞ വർഷം 12 കോടി പൗണ്ട്(ഏകദേശം 1133.44 കോടി രൂപ) ആണു കമ്പനി ഗവേഷണ, വികസന മേഖലയിൽ ചെലവഴിച്ചത്. കമ്പനിയുടെ മൊത്തം വരുമാനത്തിൽ 30% ആയിരുന്നു ആർ ആൻഡ് ഡി ചെലവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 2022 വരെയുള്ള ആറു വർഷക്കാലത്ത് പുതിയ മോഡലുകളുടെ വികസനത്തിനായി 100 കോടി പൗണ്ട് (ഏകദേശം 9445 കോടി രൂപ) ചെലവിടാനാണു കമ്പനിയുടെ പദ്ധതിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ജഗ്വാർ പോലുള്ള നിർമാതാക്കളുടെ ശൈലി പിന്തുടർന്നും ഫോർ ബൈ ഫോർ വാഹനങ്ങൾക്കുള്ള ആവശ്യം ഉയരുന്നതു പരിഗണിച്ചും എസ് യു വി മേഖലയിലേക്കു പ്രവേശിക്കാൻ മക്ലാരനു പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.