Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെന്നീസ് മക്ലാരനു പുറത്ത്; എക്സിക്യൂട്ടീവ് ഡയറക്ടറായി സാക് ബ്രൗൺ

mclaren-570-gt Mclaren 570 GT

ബ്രിട്ടീഷ് ടീമായ മക്ലാരന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സാക് ബ്രൗൺ എത്തുന്നു. ടീം മേധാവിയായിരുന്ന റോൺ ഡെന്നീസിന്റെ പകരക്കാരനായാണു ഫോർമുല വണ്ണിലെ വാണിജ്യ മേഖലയിലെ വിദഗ്ധനായി വിലയിരുത്തപ്പെടുന്ന ബ്രൗണിന്റെ വരവ്. ഫോർമുല ത്രീ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള ബ്രൗൺ മാർക്കറ്റിങ് രംഗത്തു പ്രവർത്തിക്കുന്ന കമ്പനിയായ ജെ എം ഐയുടെ സ്ഥാപകനുമാണ്. അമേരിക്കക്കാരനായ ബ്രൗൺ അടുത്ത മാസം മക്ലാരന്റെ നേതൃപദം ഏറ്റെടുക്കുമെന്നാണു പ്രതീക്ഷ.

ജനുവരിയിൽ കരാർ കാലാവധി അവസാനിക്കുംവരെ ടീമിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായി തുടരാനുള്ള ഡെന്നീസിന്റെ ശ്രമത്തിനു കഴിഞ്ഞ ആഴ്ച തിരിച്ചടിയേറ്റിരുന്നു. വോക്കിങ് ആസ്ഥാനമായ ടീമിന്റെ ബോർഡ് ഓഫ് ഡയറക്ടേറഴ്സ് തനിക്കു നിർബന്ധിത അവധി അനുവദിച്ചതിനെ ചോദ്യം ചെയ്തു ഡെന്നീസ് സമർപ്പിച്ച ഹർജി ലണ്ടൻ ഹൈക്കോടതി തള്ളുകയായിരുന്നു.ടീമിന്റെ വാണിജ്യപരവും തന്ത്രപരവുമായ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിർണായക ചുവടുവയ്പാണു ബ്രൗണിന്റെ നിയമനമെന്നാണു മക്ലാരന്റെ നിലപാട്. ഫോർമുല വണ്ണിൽ ടീമിനെ വീണ്ടും വിജയപഥത്തിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും മക്ലാരൻ വ്യക്തമാക്കുന്നു.
മോട്ടോർ സ്പോർട് വിപണന മേഖലയിൽ പ്രവർത്തിക്കുന്ന എജൻസിയായ ജെ എം ഐയുടെ സ്ഥാപകനെന്ന നിലയിൽ മുമ്പുതന്നെ മക്ലാരനോടു സഹകരിച്ചു പരിചയമുണ്ടെന്നായിരുന്നു ബ്രൗണിന്റെ പ്രതികരണം. ഇത്തരം ദീർഘകാല ബന്ധങ്ങൾ ഭാവിയിലും പ്രയോജനകരമാവുമെന്ന് അദ്ദേഹം കരുതുന്നു.

മക്ലാരനൊപ്പം 36 വർഷം നീണ്ട പ്രവർത്തനത്തിനൊടുവിലാണു റോൺ ഡെന്നീസ് ടീമിന്റെ പടിയിറങ്ങുന്നത്. 2009ൽ മക്ലാരന്റെ ടീം പ്രിൻസിപ്പൽ സ്ഥാനം ഒഴിഞ്ഞെങ്കിലും അഞ്ചു വർഷത്തിനു ശേഷം ഡെന്നീസ് അതേ സ്ഥാനത്തു തിരിച്ചെത്തുകയായിരുന്നു.
ഫോർമുല വൺ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിനായി 1988ലും 1989ലും മക്ലാരൻ ടീമംഗങ്ങളായ അയർട്ടൻ സെന്നയും അലൻ പ്രോസ്റ്റും കൊമ്പുകോർത്തപ്പോൾ ഡെന്നീസായിരുന്നു ടീമിനെ നയിച്ചിരുന്നത്. 1998ലും 1999ലും മിക ഹകിനൻ ടീമിനു തുടർച്ചയായ ഡ്രൈവേഴ്സ് ചാംപ്യൻഷിപ് നേടിക്കൊടുത്തപ്പോഴും അമരത്ത് ഡെന്നീസ് തന്നെ. ടീമിലെത്തി രണ്ടാം വർഷം(2008) ലൂയി ഹാമിൽറ്റൻ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ മുത്തമിട്ടതും ഡെന്നീസിന്റെ നേതൃപാടവത്തിലായിരുന്നു. എന്നാൽ സമീപകാലത്തു വിജയങ്ങൾ അന്യമായതോടെ ഡെന്നീസിന്റെ നിലനിൽപ്പ് പ്രതിസന്ധിയിലായി. ജാപ്പനീസ് എൻജിൻ നിർമാതാക്കളായ ഹോണ്ടയുമായി സഖ്യം പുനഃസ്ഥാപിച്ചെങ്കിലും വിജയം മാത്രം ടീമിനെ വിട്ടുനിന്നു. എങ്കിലും മക്ലാരനായി കളിക്കളം വാണ ഡെന്നീസിന്റെ പിൻഗാമിയായ ചീഫ് എക്സിക്യൂട്ടീവിനെ കണ്ടെത്താനുള്ള ശ്രമം ടീം ഇപ്പോഴും തുടരുകയാണ്.

Your Rating: