മികച്ച വിൽപ്പനയുടെയും വളർച്ചയുടെയും പിൻബലത്തിൽ ജർമൻ ആഡംബര കാർ ബ്രാൻഡായ മെഴ്സീഡിസ് ബെൻസ് ഇന്ത്യയിൽ രണ്ടാമത്തെ നിർമാണശാലയുടെ പ്രവർത്തനത്തിനു തുടക്കം കുറിച്ചു. പുണെയ്ക്കടുത്ത് ചക്കനിൽ തന്നെ സ്ഥാപിച്ച പുതിയ ശാലയിൽ നിന്ന് പുതുതലമുറ കോംപാക്ട് എസ് യു വിയായ ‘ജി എൽ എ ക്ലാസ്’ ആണ് ആദ്യം പുറത്തെത്തുക.
പുതിയ ശാല കൂടി പ്രവർത്തനക്ഷമമായതോടെ മെഴ്സീഡിസ് ബെൻസിന്റെ ചക്കനിലെ നിക്ഷേപം 1,000 കോടി രൂപയിലേറെയായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണു പുതിയ ശാലയുടെ ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കറും മഹാരാഷ്ട്ര വ്യവസായ മന്ത്രി സുഭാഷ് ദേശായിയും പങ്കെടുത്തു.
ഇതോടെ ഇന്ത്യയിലെ വാർഷിക ഉൽപ്പാദനശേഷി 20,000 യൂണിറ്റിലെത്തിക്കാനും മെഴ്സീഡിസ് ബെൻസിനു കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക നിർമാണം ആരംഭിച്ചതോടെ ‘ജി എൽ എ ക്ലാസി’ന്റെ വിലയിൽ ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം രൂപയുടെ വരെ കുറവും വന്നു; 31.31 ലക്ഷം മുതൽ 34.25 ലക്ഷം രൂപ വരെയാവും പുണെ ഷോറൂമിൽ ഇനി മുതൽ ഈ എസ് യു വിക്കു വില. ഒൻപതു മാസം മുമ്പു വിൽപ്പനയ്ക്കെത്തിയ ‘ജി എൽ എ ക്ലാസി’നുള്ള വർധിച്ച ആവശ്യം മുൻനിർത്തിയാണു മെഴ്സീഡിസ് ബെൻസ് ഇന്ത്യയിൽ നിർമാണം ആരംഭിക്കുന്നത്. ഇന്ത്യയിലെ മൊത്തം മെഴ്സീഡിസ് ബെൻസ് കാർ വിൽപ്പനയുടെ 30 ശതമാനത്തോളമാണു ‘ജി എൽ എ ക്ലാസി’ന്റെ സംഭാവന.
ഇതോടെ മെഴ്സീഡിസ് ബെൻസിന്റെ നിർമാണശാലകളിൽ ഒരേ പ്ലാന്റിൽ മൂന്നു കാർ അസംബ്ലി ലൈനുള്ള ഏക രാജ്യവുമായി ഇന്ത്യ മാറി; കോംപാക്ട് കാറുകളും സലൂണുകളും എസ് യു വികളുമെല്ലാം ചക്കനിലെ ശാലയിൽ നിന്നു പുറത്തിറങ്ങുന്നുണ്ട്. കൂടാതെ യു എസിനു പുറത്ത് ‘എം എൽ ക്ലാസും’ ‘ജി എൽ ക്ലാസും’ പോലുള്ള എസ് യു വികൾ നിർമിക്കുന്ന ഏക ശാലയും ചക്കനിലാണെന്ന് മെഴ്സീഡിസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടർ ഇബെർഹാദ് കെൺ പറയുന്നു. ‘ജി എൽ എ ക്ലാസി’ന്റെ കാര്യത്തിലാവട്ടെ ജർമനിക്കു പുറത്ത് ഈ കോംപാക്ട് എസ് യു വി നിർമാണം ആരംഭിക്കുന്നതും ഇതാദ്യമാണ്.
നിലവിൽ ആറു മോഡലുകളാണു മെഴ്സീഡിസ് ബെൻസ് ഇന്ത്യയിൽ നിർമിക്കുന്നത്: ‘എസ് ക്ലാസ്’, ‘ഇ ക്ലാസ്’, ‘സി ക്ലാസ്’, ‘എം ക്ലാസ്’, ‘ജി എൽ ക്ലാസ്’, ‘ജി എൽ എ ക്ലാസ്’. വൈകാതെ ‘സി എൽ എ’ സെഡാൻ നിർമാണത്തിനും ഇന്ത്യയിൽ തുടക്കമാവുമെന്നാണു സൂചന.
കഴിഞ്ഞ വർഷം 2013നെ അപേക്ഷിച്ച് 13% വളർച്ചയോടെ 10,200 കാറുകളാണു മെഴ്സീഡിസ് ബെൻസ് ഇന്ത്യയിൽ വിറ്റത്. ഇക്കൊല്ലവും 10 ശതമാനത്തിലേറെ വിൽപ്പന വളർച്ച കൈവരിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ഇതിനായി പരിഷ്കരിച്ച പതിപ്പുകളടക്കം ഇക്കൊല്ലം 15 പുതിയ മോഡൽ അവതരണങ്ങളാണു കമ്പനി വാഗ്ദാനം ചെയ്യുന്നത്. വിപണന ശൃംഖല വിപുലീകരിക്കാനായി ഇക്കൊല്ലം 15 പുതിയ ഡീലർഷിപ് തുറക്കാനും മെഴ്സീഡിസ് ബെൻസിനു പദ്ധതിയുണ്ട്. ഇതിനു പുറമെ മൂന്ന് എ എം ജി പെർഫോമൻസ് സെന്ററുകളും ഇക്കൊല്ലം പ്രവർത്തനം തുടങ്ങും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.