Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഴ്സീഡിസ് ബദൽ ഇന്ധന മോഡലുകൾ ഇന്ത്യയിലേക്കും

mercedes-benz-s500-plug-in-hybrid Mercedes Benz S500 Plug-In Hybrid

പ്ലഗ് ഇൻ ഹൈബ്രിഡുകളും പൂർണ തോതിലുള്ള വൈദ്യുത വാഹനങ്ങളുമടക്കം ഇന്ത്യയിലും ബദൽ ഇന്ധന മോഡലുകൾ അവതരിപ്പിക്കാൻ ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ഒരുങ്ങുന്നു. വരുംവർഷങ്ങളിൽ രാജ്യത്തെ മലിനീകരണ നിയന്ത്രണ നിലവാരം കർശനമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ 2018ൽ തന്നെ ഇത്തരം വാഹനങ്ങൾ വിൽപ്പനയ്ക്കെത്തക്കാനാണു കമ്പനിയുടെ പദ്ധതി.  

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് അഞ്ച് ഒഴിവാക്കി നേരിട്ടു ഭാരത് സ്റ്റേജ് ആറ് നിലവാരം കൈവരിക്കാൻ കഴിഞ്ഞ മാർച്ചിലാണു കേന്ദ്ര സർക്കാർ തീരുമാനിച്ചത്. മുമ്പത്തെ വാഹന ഇന്ധന നയ പ്രകാരം 2022 ഏപ്രിലോടെ ഭാരത് സ്റ്റേജ് അഞ്ച് നിലവാരവും 2024 ഏപ്രിൽ മുതൽ ഭാരത് സ്റ്റേജ് ആറ് നിലവാരവും നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ ഭാരത് സ്റ്റേജ് അഞ്ച് ഒഴിവായതോടെ രണ്ടു വർഷം മുമ്പു തന്നെ ഭാരത് സ്റ്റേജ് ആറ് നിലവാരം പ്രാബല്യത്തിലെത്തും. അതേസമയം ഭാരത് സ്റ്റേജ് ആറ് നിലവാരം കൈവരിക്കാൻ കമ്പനിക്ക് അനായാസം കഴിയുമെന്ന് മെഴ്സീഡിസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ റോളണ്ട് ഫോൾജർ വ്യക്തമാക്കി. ഒറ്റ വർഷത്തിനുള്ളിൽ ഇതിനുള്ള മാറ്റങ്ങൾ നടപ്പാക്കാനാവും. വിപണിയിലറങ്ങാൻ സർവസജ്ജമായതിനാൽ ഭാരത് സ്റ്റേജ് ആറ് നിലവാരം നടപ്പാവുന്നതു കമ്പനിക്കു ഗുണകരമാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ഇതിനു പുറമെ പ്ലഗ് ഇൻ ഹൈബ്രിഡ്, പൂർണ വൈദ്യുത വാഹനം തുടങ്ങി ബദൽ ഡ്രൈവ് ട്രെയ്നുകൾ അവതരിപ്പിക്കാനും കമ്പനിക്കു സാധിക്കും. ആഗോളവിപണികളിൽ കമ്പനി ഇപ്പോൾ തന്നെ ഇത്തരം മോഡലുകൾ ലഭ്യമാക്കുന്നുണ്ടെന്നും ഫോൾജർ ഓർമിപ്പിച്ചു. രാജ്യാന്തരതലത്തിൽ ഇത്തരം മോഡലുകളുടെ ഏറ്റവും വിപുല ശ്രേണിയുള്ള കമ്പനിയാണു മെഴ്സീഡിസ് എന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം മലിനീകരണ നിയന്ത്രണ നിലവാരമുള്ള കാറുകൾ തയാറാണെങ്കിലും ഭാരത് സ്റ്റേജ് ആറ് നടപ്പാക്കാൻ സമയവും സർക്കാർ പിന്തുണയും അനിവാര്യമാണെന്ന് ഫോൾജർ വ്യക്തമാക്കി. സർട്ടിഫിക്കേഷൻ നടപടികൾ വേഗത്തിലാക്കാനും നിർദിഷ്ട നിലവാരമുള്ള ഇന്ധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും സർക്കാരിന്റെ സജീവ പിന്തുണ അത്യാവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. 2018ൽ തന്നെ മെഴ്സിഡീസ് ബെൻസ് ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള കാറുകൾ വിൽപ്പനയ്ക്കെത്തിക്കാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു. 

ആഗോളതലത്തിൽ ഏറ്റവുമധികം പ്ലഗ് ഇൻ മോഡലുകൾ വിപണനം ചെയ്യുന്ന മെഴ്സീഡിസ് ഈ സാങ്കേതിക വിദ്യയിൽ വൻതോതിലുള്ള നിക്ഷേപവും നടത്തുന്നുണ്ട്. ജർമനിയിലെ കമെൻസിൽ രണ്ടാമത്തെ ബാറ്ററി നിർമാണശാലയ്ക്കായി കമ്പനി 50 കോടി യൂറോ(ഏകദേശം 3732.18 കോടി രൂപ)യുടെ നിക്ഷേപമാണ് ഈയിടെ കമ്പനി പ്രഖ്യാപിച്ചത്. കൂടാതെ 2010 ഏപ്രിലിൽ എലോൺ മസ്ക് സ്ഥാപിച്ച യു എസ് വൈദ്യുത വാഹന നിർമാണ കമ്പനിയായ ടെസ്ല മോട്ടോഴ്സ് ഇൻകോർപറേറ്റഡിൽ മെഴ്സീഡിസ് ബെൻസ് 10% ഓഹരി പങ്കാളിത്തവും നേടിയിരുന്നു.

Your Rating: