Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ട്രക്കുകൾക്ക് ‘എക്സ് ഗാർഡ്’ ടയറുമായി മിഷ്‌ലിൻ

michelin-x-guard

ഇന്ത്യൻ നിരത്തുകളിലെ ട്രക്കുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തു നിർമിച്ച റേഡിയൽ ടയറുകളായ ‘എക്സ് ഗാർഡ്’ ഫ്രഞ്ച് നിർമാതാക്കളായ മിഷ്‌ലിൻ പുറത്തിറക്കി. ട്യൂബും ഫ്ളാപ്പുമടക്കം(നികുതി ഉൾപ്പടെ) 18,500 രൂപയാണു ടയറിനു വില. തുടക്കത്തിൽ ആന്ധ്ര പ്രദേശ്, ഗുജറാത്ത്, ഹരിയാന, കർണാടക, മഹാരാഷ്ട്ര, മധ്യ പ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ അംഗീകൃത മിഷ്ലിൻ ഡീലർമാർ മുഖേനയാണു ടയർ വിൽപ്പനയ്ക്കെത്തുക.

തുടക്കത്തിൽ രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിൽ പരിമിത രീതിയിൽ ‘എക്സ് ഗാർഡ്’ വിൽക്കാനാണു മിഷ്‌ലിന്റെ പദ്ധതി. തുടർന്ന് അടുത്ത വർഷത്തോടെ ടയറിന്റെ വിപണനം രാജ്യവ്യാപകമാക്കും. മിഷ്‌ലിന്റെ പേറ്റന്റുള്ള രണ്ടു സാങ്കേതികവിദ്യകളാണ് ‘എക്സ് ഗാർഡി’ലൂടെ ഇന്ത്യൻ വിപണിയിൽ അരങ്ങേറുന്നത്: ഇൻഫിനികോയിൽ സാങ്കേതികവിദ്യയും റിജീനിയൻ സാങ്കേതികവിദ്യയും. താരതമ്യേന ഭാരം കുറവെങ്കിലും ഉള്ളിൽ നിന്നു ദൃഢത ഉറപ്പാക്കുന്ന സാങ്കേതികവിദ്യയാണ് ഇൻഫിനികോയിൽ. കൂടുതൽ ഗ്രിപ്പും അധികം ആയുസ്സും സമ്മാനിക്കാൻ പര്യാപ്തമായ തന്ത്രമാണ് റിജീനിയൻ ടെക്നോളജി.‘എക്സ് ഗാർഡി’ലൂടെ രാജ്യത്തെ വാണിജ്യവാഹന വിഭാഗത്തിലെ ഏറ്റവും വിൽപ്പനസാധ്യതയേറിയ മേഖലയിലേക്കാണു മിഷ്‌ലിൻ പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ടയർ വിലയുടെ കാര്യത്തിൽ കർക്കശ നിലപാടുകാരാട ദീർഘദൂര, ഇടത്തരം ചരക്കുനീക്കക്കാരെയാണ് ‘എക്സ് ഗാർഡി’ലൂടെ മിഷ്‌ലിൻ നോട്ടമിടുന്നത്. 

അതിവേഗമുള്ള പരിവർത്തനങ്ങളാണ് ഇന്ത്യൻ വിപണിയിൽ ദൃശ്യമാവുന്നതെന്നും ഇവിടെ വിജയം വരിക്കാൻ ഉപയോക്താക്കളുടെ അഭിരുചികൾക്കൊത്തുള്ള മാറ്റം അനിവാര്യമാണെന്നും മിഷ്‌ലിൻ ഇന്ത്യ കൊമേഴ്സ്യൽ ഡയറക്ടർ മോഹൻ കുമാർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇടപാടുകാരുടെ വീക്ഷണത്തിലേക്കുള്ള മാറ്റമാണ് മിഷ്‌ലിന്റെ ‘എക്സ് ഗാർഡ്’. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഉൽപ്പന്നമാണിതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം ഉൽപന്നങ്ങളിലൂടെ കൂടുതൽ ഇടപാടുകാരെ മിഷ്‌ലിനിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

Your Rating: