Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നാപ്ഡീൽ വഴി ടയർ വിൽക്കാനൊരുങ്ങി മിഷ്‌ലിൻ

michelin-snapdeal

ഓൺലൈൻ വാണിജ്യ, വ്യാപാര പോർട്ടലായ സ്നാപ്ഡീൽ വഴി ടയർ വിൽക്കാൻ ഫ്രഞ്ച് നിർമാതാക്കളായ മിഷ്ലിൻ തീരുമാനിച്ചു. ഇതുസംബന്ധിച്ചുള്ള കരാർ ഇരുകമ്പനികളും ഒപ്പുവച്ചു. മിഷ്‌ലിന്റെ അംഗീകൃത വ്യാപാരികളിൽ നിന്നു ടയർ വാങ്ങാനായി ഓൺലൈൻ വഴി ഓർഡർ നൽകാനുള്ള സംവിധാനമാണു സ്നാപ്ഡീൽ ലഭ്യമാക്കുക. ഇടപാടുകാർ ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും പഴയ ടയർ മാറ്റി പുതിയതു ഘടിപ്പിക്കാനുള്ള സൗകര്യവും ഈ ഓൺലൈൻ സംവിധാനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ടയർ വാങ്ങുന്ന ദിവസം തന്നെ സൗജന്യമായി ഫിറ്റ് ചെയ്യിക്കാനും ഓൺലൈൻ ഇടപാടുകാർക്ക് അവസരമുണ്ട്. കൂടാതെ വീൽ അലൈൻമെന്റ്, ബാലൻസിങ് തുടങ്ങിയവയും ഓൺലൈൻ വഴി ബുക്ക് ചെയ്യാം. ഇടപാടുകാരുടെ ബാഹുല്യവും രാജ്യവ്യാപക സാന്നിധ്യവും പരിഗണിച്ചാണു സ്നാപ്ഡീലുമായി സഹകരിക്കാൻ തീരുമാനിച്ചതെന്നു മിഷ്‌ലിൻ ഇന്ത്യ കൊമേഴ്സ്യൽ ഡയറക്ടർ മോഹൻ കുമാർ അറിയിച്ചു.

നിലവിലുള്ള വിതരണ ശൃംഖലയുമായി പുതിയ സംവിധാനം യോജിച്ചു പോകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഒപ്പം ഓൺലൈൻ വിൽപ്പന കമ്പനിയുടെ ഡീലർമാർക്കു സമാന്തര വരുമാന മാർഗമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്നാപ്ഡീൽ പോലുള്ള ഓൺലൈൻ വ്യാപാര പോർട്ടലുകളുടെ സാധ്യത രാജ്യത്തെ വിവിധ വാഹന നിർമാതാക്കൾ നേരത്തെ തന്നെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇരുചക്രവാഹന നിർമാതാക്കളിൽ ഹീറോ മോട്ടോ കോർപിനു പുറമെ മഹീന്ദ്ര ടു വീലേഴ്സും പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡുമൊക്കെ ഇപ്പോൾ സ്നാപ്ഡീൽ വഴി വിൽപ്പന നടത്തുന്നുണ്ട്.

Your Rating: