Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടയർ വില പ്രതിമാസത്തവണയായി ഈടാക്കാൻ മിഷ്‌ലിൻ ഇന്ത്യ

Michelin Tyres

തവണ വ്യവസ്ഥയിൽ ടയർ വാങ്ങാൻ അവസരമൊരുക്കി ഫ്രഞ്ച് നിർമാതാക്കളായ മിഷ്ലിൻ ഇന്ത്യ രംഗത്ത്. ഇന്ത്യയിലെ മിഷ്ലിൻ പ്രയോറിറ്റി പാർട്ണർ(എം പി പി), ടയർ പ്ലസ് സ്റ്റോറുകൾ വഴിയാണ് ടയറുകൾ പ്രതിമാസത്തവണ(ഇ എം ഐ) വ്യവസ്ഥയിൽ ലഭിക്കുകയെന്നും കമ്പനി അറിയിച്ചു.
ടയർ വില 5,000 രൂപയ്ക്കു മുകളിലാണെങ്കിലാണ് ഇ എം ഐ ആനുകൂല്യം ലഭ്യമാവുക. പ്രധാന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു ടയർ വാങ്ങുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുക. ടയർ വില പൂർണമായി തന്നെ ഇ എം ഐ ആയി അടയ്ക്കാമെന്ന നേട്ടവുമുണ്ട്.

ഇന്ത്യയിൽ ടയർ വാങ്ങുന്ന അനുഭവത്തെ ഉടച്ചുവാർക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നു മിഷ്ലിൻ ഇന്ത്യ കൊമേഴ്സ്യൽ ഡയറക്ടർ മോഹൻ കുമാർ അഭിപ്രായപ്പെട്ടു. ഉൽപന്നങ്ങൾ കൂടുതൽ പേരിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇ എം ഐ പദ്ധതി അവതരിപ്പിക്കുന്നത്. യാത്രാവാഹന, ലഘു ട്രക്ക് ടയർ ഇടപാടുകാർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. അധിക വിലയോ പലിശയോ നൽകാതെ ടയർ വില പ്രതിമാസത്തവണകളായി അടയ്ക്കാനുള്ള അവസരമാണു മിഷ്ലിൻ ഇന്ത്യ ഒരുക്കുന്നത്. ടയറുകളുടെ വില മൂന്ന് അല്ലെങ്കിൽ ആറു മാസത്തവണകളായി തിരിച്ചടയ്ക്കാനാണ് അവസരം.