Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്സ്‌വാഗൻ മലിനീകരണ നിയന്ത്രണം പാലിച്ചില്ല: ആനന്ദ് ഗീഥെ

volkswagen-01

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ ഇന്ത്യയിൽ നിലവിലുള്ള മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നു കേന്ദ്ര ഘനവ്യവസായ മന്ത്രി ആനന്ദ് ഗീഥെ. ഈ വിഷയത്തിൽ ഫോക്സ്‌വാഗന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ പിഴവുകൾ വരുത്തിയതിനു കഴിഞ്ഞ ദിവസം മാപ്പ് അപേക്ഷിച്ച ഫോക്സ്‌വാഗൻ പക്ഷേ ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.

എന്നാൽ മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കുന്നില്ലെന്നു ഫോക്സ്‌വാഗൻ രേഖാമൂലം അറിയിച്ചെന്നാണു ഗീഥെയുടെ പക്ഷം. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനിക്കെതിരെ തുടർനടപടികൾ ഉണ്ടാവുമെന്നും ഓട്ടോ എക്സ്പോയിൽ ഫോക്സ്‌വാഗൻ പവിലിയൻ സന്ദർശിച്ചശേഷം ഗീഥെ വ്യക്തമാക്കി. പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ തിരിച്ചുവിളിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാവും സർക്കാർ തുടർനടപടികൾ സംബന്ധിച്ചു തീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.

Volkswagen-German-car-maker

ഇന്ത്യയിൽ നിലവിലുള്ള മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കുന്നതിൽ സംഭവിച്ച പിഴവിന്റെ പേരിൽ ഫോക്സ്‌വാഗൻ പാസഞ്ചർ കാർസ് ബോർഡിലെ വിൽപ്പന, വിപണന വിഭാഗം ചുമതലയുള്ള ജർഗൻ സ്റ്റാക്മാനാണു കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തിയത്. ഇന്ത്യയിലെ നിലവാരം പാലിക്കുമെന്ന് ഉറപ്പു നൽകിയതിനൊപ്പം കമ്പനി സ്വന്തം നിലയിൽ മൂന്നു ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഫോക്സ്‌വാഗന്റെ ഭാഗത്തു നിന്നു ചില ഗുരുതര വീഴ്ചകൾ സംഭവിച്ചെന്നും അതിൽ ഖേദമുണ്ടെന്നുമായിരുന്നു സ്റ്റാക്മാന്റെ പ്രതികരണം. തെറ്റുകൾ തിരുത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്. അധികൃതരുടെ മേൽനോട്ടത്തിൽ പിഴവുകളെപ്പറ്റി സമഗ്ര അന്വേഷണം നടത്തി. നിലവിൽ ഫോക്സ്‌വാഗൻ കാറുകൾ ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ സോഫ്റ്റ്‌വെയർ സഹായം തേടിയെന്ന പേരിൽ ഫോക്സ്‌വാഗനെതിരെ ആഗോളതലത്തിൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ഔഡി, സ്കോഡ, ഫോക്സ്‌വാഗൻ ബ്രാൻഡുകളിലായി 3,23,700 വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കാനാണു കമ്പനി ഒരുങ്ങുന്നത്. 2008 മുതൽ 2015 നവംബർ വരെ ഇന്ത്യയിൽ വിറ്റ കാറുകൾക്കാണ് പരിശോധന ആവശ്യമായി വരിക. ഈ കാറുകളുടെ എൻജിനിലെ സോഫ്റ്റ്‌വെയർ പരിഷ്കരിച്ചു പ്രശ്നം പരിഹരിക്കാനാണു ഫോക്സ്‌വാഗന്റെ നീക്കം.