Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിറ്റ്സുബിഷി: ഇന്ധനക്ഷമത 16% പെരുപ്പിച്ചെന്നു സർക്കാർ

Mitsubishi Pajero Sport

മിറ്റ്സുബിഷി മോട്ടോഴ്സ് കോർപറേഷൻ നിർമിച്ച വാഹനങ്ങളുടെ ഇന്ധനക്ഷമത 16% വരെ പെരുപ്പിച്ചു കാട്ടിയെന്നു ജപ്പാൻ സർക്കാർ. ജപ്പാനിൽ നികുതി ഇളവിന് അർഹതയുള്ള ചെറുകാറുകളുടെ ഇന്ധനക്ഷമതയിലാണു കമ്പനി കൃത്രിമം കാട്ടിയതെന്നും സർക്കാർ കണ്ടെത്തി. മിറ്റ്സുബിഷിയുടെ കാറുകളുടെ ഇന്ധനക്ഷമത കണ്ടെത്താൻ സ്വന്തം നിലയ്ക്കു കണ്ടെത്തിയതായും ജപ്പാനിലെ ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ഇതോടെയാണ് ഇന്ധനക്ഷമത കണക്കുകളിൽ 16% വരെ വ്യത്യാസമുണ്ടെന്നു ബോധ്യമായത്. അതേസമയം കൃത്രിമം കാട്ടിയെന്ന പേരിൽ വാഹന വിൽപ്പന നിർത്താൻ മിറ്റ്സുബിഷി മോട്ടോഴ്സിനോട് ആവശ്യപ്പെടില്ലെന്നും ഗതാഗത മന്ത്രി കീചി ഇഷി അറിയിച്ചു. ഇന്ധനക്ഷമതയിലെ വ്യത്യാസം മൂലം വാഹനങ്ങൾക്ക് ഗതാഗത മന്ത്രാലയം അനുവദിച്ച ക്ലാസിഫിക്കേഷനിൽ മാറ്റം വരുന്നില്ല എന്നതിനാലാണു വിൽപ്പന വിലക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

മിനി കാറായ ‘ഇ കെ’യുടെയും മറ്റു ചില ചെറുകാറുകളുടെയും ഇന്ധനക്ഷമയ ക്രമമായി പെരുപ്പിച്ചു കാട്ടിയിരുന്നെന്ന് അടുത്തയിടെയാണു ടോക്കിയോ ആസ്ഥാനമായ മിറ്റ്സുബിഷി മോട്ടോഴ്സ് കോർപറേഷൻ സ്ഥിരീകരിച്ചത്. എന്നാൽ വിദേശത്തു വിറ്റ കാറുകളുടെ ഇന്ധനക്ഷമത കണക്കുകളിൽ കള്ളം പറഞ്ഞിട്ടില്ലെന്നാണു കമ്പനിയുടെ നിലപാട്.
പ്രതിസന്ധിയെ മറികടക്കാൻ സഹായം വാഗ്ദാനം ചെയ്തു കമ്പനിയുടെ 34% ഓഹരികൾ കഴിഞ്ഞ മാസം ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനി സ്വന്തമാക്കിയിരുന്നു. സ്വന്തമായി മിനി കാറുകൾ നിർമിക്കാത്ത നിസ്സാനു വേണ്ടി കരാർ വ്യവസ്ഥയിൽ മിറ്റ്സുബിഷി ഇത്തരം മോഡലുകൾ നിർമിച്ചു നൽകിയിരുന്നു. വിവാദത്തെ തുടർന്നു നിസ്സാൻ സ്വന്തം നിലയ്ക്കു നടത്തിയ പരിശോധനയിൽ ഇത്തരം മോഡലുകളുടെ ഇന്ധനക്ഷമത സംബന്ധിച്ചു മിറ്റ്സുബിഷി നൽകിയ കണക്കുകളും കള്ളമാണെന്നു തെളിഞ്ഞിരുന്നു.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി രാജ്യത്തു നിലവിലുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായല്ല കമ്പനി വാഹനങ്ങളുടെ ഇന്ധനക്ഷക്ഷമത പരിശോധിക്കുന്നതെന്നായിരുന്നു ജാപ്പനീസ് നിർമാതാക്കളിൽ ആറാം സ്ഥാനത്തുള്ള മിറ്റ്സുബിഷി മോട്ടോഴ്സ് നേരത്തെ കുറ്റസമ്മതം നടത്തിയത്. ഈ വീഴ്ചയെപ്പറ്റി അന്വേഷിക്കാൻ കമ്പനിക്കു പുറത്തു നിന്നുള്ള സമിതിയെ നിയോഗിക്കുമെന്നും മൂന്നു മാസത്തിനകം ഇതേപ്പറ്റി റിപ്പോർട്ട് ലഭിക്കുമെന്നും മിറ്റ്സുബിഷി മോട്ടോഴ്സ് വ്യക്തമാക്കിയിരുന്നു.