Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസ് ശാല പൂട്ടാനൊരുങ്ങി മിറ്റ്സുബിഷി

Mitsubishi

വാങ്ങാൻ ആളെ കണ്ടെത്താൻ കഴിയാതെ യു എസിലെ ഏക നിർമാണശാല അടച്ചുപൂട്ടാൻ ജാപ്പനീസ് നിർമാതാക്കളായ മിറ്റ്സുബിഷി മോട്ടോഴ്സ് ഒരുങ്ങുന്നു. ഫാക്ടറി പ്രവർത്തനം നിർത്തുന്നതു സംബന്ധിച്ച വിജ്ഞാപനം ഈ മാസം അവസാനമുണ്ടാവുമെന്നാണു സൂചന. അതേസമയം ശാലയുടെ പ്രവർത്തനം നിർത്തുകയാണെന്നു മിറ്റ്സുബിഷി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇല്ലിനോയിലെ നോർമലിലുള്ള കാർ നിർമാണശാലയിൽ യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ്(യു എ ഡബ്ല്യു) യൂണിയൻ പ്രതിനിധീകരിക്കുന്ന തൊള്ളായിരത്തോളം ജീവനക്കാരാണുള്ളത്. ഡെട്രോയിറ്റിലെ വൻകിട വാഹന നിർമാതാക്കളുമായി വേതനവർധന ചർച്ചചെയ്യുന്നതിനിടെ മിറ്റ്സുബിഷിയുടെ ശാല അടച്ചുപൂട്ടുന്നതു യൂണിയനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. മുൻ പങ്കാളിയായ ക്രൈസ്​ലറുമായി ചേർന്നുള്ള സംയുക്ത സംരംഭമായി 1988ൽ തുടങ്ങിയ നോർമൽ ശാലയുടെ പൂർണ നിയന്ത്രണം 1991ലാണു മിറ്റ്സുബിഷി മോട്ടോഴ്സ് സ്വന്തമാക്കിയത്.

യു എസ് ശാലയിലെ ഉൽപ്പാദനം അവസാനിപ്പിക്കുകയാണെന്നു ജൂലൈയിലാണു മിറ്റ്സുബിഷി പ്രഖ്യാപിച്ചത്. വേതന ചെലവ് ഉയർന്നതും വിനിമയ നിരക്കിൽ ഡോളർ കരുത്താർജിച്ചതുമൊന്നുമല്ല ഈ തീരുമാനത്തിനു പിന്നിലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. യു എസിലെ വിൽപ്പന ഗണ്യമായി കുറഞ്ഞതിനാൽ പ്രാദേശികമായി നിർമിക്കുന്നതിനു പകരം ഇറക്കുമതി ചെയ്യുന്നതാണ് ആദായകരമെന്നായിരുന്നു മിറ്റ്സുബിഷിയുടെ ന്യായീകരണം.

ശാലയുടെ ഉടമസ്ഥാവകാശം കൈമാറി പ്രശ്നത്തിൽ നിന്നു തലയൂരാനാണു മിറ്റ്സുബിഷി ഇതുവരെ ശ്രമിച്ചത്. നവംബറിനകം പുതിയ ഉടമസ്ഥരെ കണ്ടെത്തിയാൽ തൊഴിൽ നഷ്ടം പരിമിതപ്പെടുത്താമെന്നും കമ്പനി കരുതുന്നു. എന്നാൽ പ്രവർത്തന ചെലവേറിയ ശാലയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ ഇതുവരെ ആരും മുന്നോട്ടുവരാത്തതാണു മിറ്റ്സുബിഷിക്കു തലവേദനയാവുന്നത്.

നോർമൽ പ്ലാന്റിന്റെ പ്രതാപകാലത്ത് രണ്ടു ലക്ഷം യൂണിറ്റ് വരെയായിരുന്നു വാർഷിക ഉൽപ്പാദനം. കഴിഞ്ഞ വർഷമാവട്ടെ 69,178 ‘ഔട്ട്ലാൻഡർ’ എസ് യു വികൾ മാത്രമാണ് ഈ ശാലയിൽ നിന്നു പുറത്തെത്തിയതെന്നു കമ്പനിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.