Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ പമ്പുകൾ തുറക്കാൻ എം ആർ പി എല്ലും

mrpl-to-open-fuel-pumps

ഇന്ധന ചില്ലറ വിൽപ്പന ആരംഭിക്കാൻ പൊതു മേഖല സ്ഥാപനമായ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്(എം ആർ പി എൽ) ഒരുങ്ങുന്നു. നടപ്പു സാമ്പത്തിക വർഷത്തോടെ പ്രവർത്തനം ആരംഭിക്കാനും ആദ്യഘട്ടത്തിൽ 100 പെട്രോൾ പമ്പുകൾ തുറക്കാനുമാണു പദ്ധതിയെന്ന് കമ്പനി ചെയർമാൻ ദിനേഷ് കെ സറാഫ് അറിയിച്ചു.

ഡീസൽ, പെട്രോൾ വില നിയന്ത്രണം നീക്കിയതോടെ ചില്ലറ വിപണനം ആരംഭിക്കാൻ സാഹചര്യം തികച്ചും അനുകൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടക്കത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടകത്തിലെയും കേരളത്തിലെയും പ്രധാന നഗരങ്ങളിലാവും എം ആർ പി എൽ പമ്പുകൾ തുറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം അവസാനത്തോടെയാണു പെട്രോളിനു പിന്നാലെ ഡീസലിന്റെയും വില നിയന്ത്രണം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതോടെ റിലയൻസ് ഇൻഡസ്ട്രീസും എസ്സാർ ഓയിലും പോലുള്ള സ്വകാര്യ എണ്ണ ശുദ്ധീകരണശാലകൾ ഇന്ധന ചില്ലറ വിൽപ്പന പുനഃരാരംഭിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സാഹചര്യം അനുകൂലമാണെങ്കിലും ഭാവിയിൽ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ഉയർന്നാൽ ഇന്ധന വില നിയന്ത്രണം തിരിച്ചെത്തിയേക്കാമെന്ന ആശങ്കയെ തുടർന്നു സ്വകാര്യ കമ്പനികൾ കൂടുതൽ വിൽപ്പന ശാലകൾ തുറന്നിട്ടില്ല.

പൊതു മേഖല സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയത്തിനും ഭാരത് പെട്രോളിയത്തിനുമാണു രാജ്യത്തെ ഇന്ധന ചില്ലറ വ്യാപാര മേഖലയിലെ കുത്തക. വില നിയന്ത്രണം പ്രാബല്യത്തിലുള്ളപ്പോൾ ഇന്ധന വിൽപ്പന മൂലം പൊതു മേഖല എണ്ണ കമ്പനികൾ നേരിടുന്ന നഷ്ടം കേന്ദ്ര സർക്കാർ നികത്തിയിരുന്നു. ഇതോടെയാണു സ്വകാര്യ കമ്പനികളുടെ പെട്രോൾ പമ്പുകൾ നഷ്ടത്തിലായതും പിടിച്ചു നിൽക്കാനാവാതെ പ്രവർത്തനം നിർത്തിയതും.

പൊതു മേഖലയിലെ എണ്ണ, പ്രകൃതി വാതക കോർപറേഷ(ഒ എൻ ജി സി)ന്റെ ഉപസ്ഥാപനമായ എം ആർ പി എൽ 2010ൽ തന്നെ ഇന്ധന ചില്ലറ വിൽപ്പന ആരംഭിക്കാൻ ശ്രമിച്ചിരുന്നതാണ്. എന്നാൽ അന്ന് നഷ്ടം നികത്താൻ സബ്സിഡി അനുവദിക്കില്ലെന്നു സർക്കാർ വ്യക്തമാക്കിയതോടെ കമ്പനി പിൻമാറുകയായിരുന്നെന്നു സരാഫ് വിശദീകരിച്ചു. സബ്സിഡി കൂടാതെ പൊതുമേഖല എണ്ണ കമ്പനികളുമായി മത്സരിക്കാനാവില്ലെന്നതായിരുന്നു കമ്പനി നേരിട്ട പ്രതിസന്ധി.

നിലവിൽ 500 ചില്ലറ വിൽപ്പന ശാലകൾ ആരംഭിക്കാനുള്ള ലൈസൻസ് എം ആർ പി എല്ലിനുണ്ട്. മാതൃസ്ഥാപനമായ ഒ എൻ ജി സിക്കാവട്ടെ 1,100 പമ്പുകൾ തുറക്കാൻ അനുമതിയുണ്ട്. പോരെങ്കിൽ സ്വന്തം പേരിൽ ചില്ലറ വിൽപ്പന ശാലകൾ തുറക്കില്ലെന്ന് ഒ എൻ ജി സി തീരുമാനിച്ചിട്ടുള്ളതും എം ആർ പി എല്ലിന് അനുകൂലഘടകമാണെന്നു സരാഫ് കരുതുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.