Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്രയിൽ വാഹന റജിസ്ട്രേഷന് ഇനി സെസും

cars

റോഡ് സുരക്ഷാ ഫണ്ടിനായി അധിക നികുതി നടപ്പാവുന്നതോടെ മഹാരാഷ്ട്രയിൽ പുതിയ വാഹനങ്ങൾ വാങ്ങാൻ ചെലവേറും. പുതുതായി റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ നികുതിക്കൊപ്പം അധിക സെസ് കൂടി ഈടാക്കാനാണു സംസ്ഥാന ഗതാഗത മന്ത്രി ദിവാകർ റവോത്തെ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിലെ നിർദേശം.

പുതിയ വാഹനങ്ങൾക്കുള്ള റജിസ്ട്രേഷൻ നികുതിയുടെ 10 ശതമാനത്തിൽ കവിയാത്ത തുകയാണ് അധിക നികുതി അല്ലെങ്കിൽ സെസ് ആയി ആടാക്കുക. മഹാരാഷ്ട്ര മോട്ടോർ വാഹന നികുതി നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്താനാണു ബിൽ അവതരിപ്പിച്ചിരിക്കുന്നത്. അനുദിനം പെരുകുന്ന അപകടങ്ങൾ നിയന്ത്രിക്കാനും പ്രത്യേക റോഡ് സുരക്ഷാ ഫണ്ട് രൂപീകരിക്കാനുമാണു ബിൽ ലക്ഷ്യമിടുന്നതെന്നാണു സർക്കാരിന്റെ വിശദീകരണം. മഹാരാഷ്ട്രയിൽ റജിസ്റ്റർ ചെയ്യുന്ന പുതിയ വാഹനങ്ങൾക്കു പുറമെ മറ്റു സംസ്ഥാനങ്ങളിൽ നിന്നു സ്ഥിരമായി മഹാരാഷ്ട്രയിലേക്കു ചേക്കേറുന്ന വാഹനങ്ങൾക്കും പുതിയ അധിക നികുതി ബാധകമാവും.

റോഡ് സുരക്ഷയ്ക്കായി പ്രത്യേക സെൽ രൂപീകരണം, റോഡ് അപകടങ്ങളുടെ അവലോകനം, റോഡ് സുരക്ഷാ പരിശീലന കേന്ദ്രം സ്ഥാപിക്കൽ തുടങ്ങിയവയ്ക്കാണ് വാഹന റജിസ്ട്രേഷനുള്ള സെസ് വഴി ലഭിക്കുന്ന അധിക വരുമാനം വിനിയോഗിക്കുകയെന്നും അധികൃതർ സൂചിപ്പിച്ചു. ഗതാഗത വകുപ്പ് ഓഫിസുകളിൽ ക്ലോസ്ഡ് സർക്യൂട്ട് ടി വി സംവിധാനം സ്ഥാപിക്കൽ, ഫ്ളയിങ് സ്ക്വാഡുകൾക്ക് സ്പീഡ് ഗണ്ണും ബ്രത്ത് അനലൈസറു ലഭ്യമാക്കൽ, റോഡുകളിലെ അടിസ്ഥാന സൗകര്യ വികസനം, മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണം, റോഡ് ചിഹ്നങ്ങൾ ഏർപ്പെടുത്തൽ, പൊതുജന ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവയ്ക്കും ഫണ്ട് ചെലവഴിക്കാൻ ആലോചനയുണ്ട്. ബിൽ നിയമസഭ പാസ്സാക്കിയ ശേഷം ലജിസ്ലേറ്റീവ് കൗൺസിലിന്റെ അംഗീകാരത്തിനു വിടും. നിയമസഭയുടെ മഴക്കാല സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.