Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനം: ഇന്ത്യയെ വിട്ട് ചൈനയെ ആശ്രയിക്കാൻ നേപ്പാൾ

fuel

ഇന്ത്യയെ ആശ്രയിക്കുന്നതു കുറച്ചു പകരം ചൈനയിൽ നിന്നു പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള നടപടികൾ നേപ്പാൾ ഊർജിതമാക്കി. ചൈനയുമായി നേരത്തെ ഒപ്പിട്ട ഉഭയകക്ഷി കരാർ പ്രകാരമാണു നേപ്പാൾ വാണിജ്യ മന്ത്രാലായം ആ രാജ്യത്തു നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള നടപടികൾക്ക് തുടക്കമിട്ടത്. രാജ്യത്തിന് ആവശ്യമുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ മൂന്നിലൊന്നും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യാനാണു നേപ്പാൾ സർക്കാരിന്റെ നീക്കം.

കഴിഞ്ഞ ഏപ്രിലിൽ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ ചൈന സന്ദർശിച്ച വേളയിലാണു പെട്രോളിയം ഉൽപന്ന ഇറക്കുമതിക്കുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ഇതിനായി നേപ്പാളിൽ മൂന്നു ഡിപ്പോകൾ നിർമിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച തുടർനടപടികൾ ഊർജിതമാക്കാൻ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചെന്ന് നേപ്പാൾ വാണിജ്യ, സപ്ലൈസ് മന്ത്രി ഗണേശ്മാൻ പുൻ അറിയിച്ചു. ബെയ്ജിങ്ങിൽ നിന്നുള്ള ഇന്ധന ഇറക്കുമതി സംബന്ധിച്ച വിശദ റിപ്പോർട്ട് ചൈനയിലെ വിദേശകാര്യ മന്ത്രാലയത്തിനു സമർപ്പിച്ചിട്ടുമുണ്ട്. നികുതി, ചരക്കു നീക്കം തുടങ്ങിയ കാര്യങ്ങളിൽ അവ്യക്തത തുടരുന്ന സാഹചര്യത്തിൽ നയതന്ത്ര സംവിധാനങ്ങൾ വഴിയാവും ഈ വിഷയത്തിലെ തുടർ ചർച്ചകളെന്നും അദ്ദേഹം സൂചിപ്പിച്ചു.

ചൈനയിൽ നിന്നുള്ള ഇന്ധന നീക്കത്തിനായി 450 ഗ്യാസ് ബുള്ളറ്റുകൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചതായി നേപ്പാൾ ഓയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടർ ഗോപാൽ ബഹാദുർ ഖഡ്ക അറിയിച്ചു. ഇന്ധന സംഭരണത്തിനുള്ള ഡിപ്പോൾ പരിഷ്കരിക്കാനും ടാങ്കുകൾ പുനഃർനിർമിക്കാനുമുള്ള നിർദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്. അതേസമയം നാരായൺഗഢ് — മുഗ്ലിൻ റോഡിലെ തടസ്സത്തിന്റെ മറവിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയും കരിഞ്ചന്ത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്നു കൺസ്യൂമർ വെൽഫെയർ പ്രൊട്ടക്ഷൻ ഫോറം അധ്യക്ഷ ജ്യോതി ബനിയയും നാഷനൽ കൺസ്യൂമേഴ്സ് ഫോറം അധ്യക്ഷൻ പ്രേംലാൽ മഹർജാനും ആവശ്യപ്പെട്ടു.  

Your Rating: