Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെതർലൻഡിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രം

tesla-model-3

മലിനീകരണ വിമുക്തമായ ഊർജത്തിന്റെ സാധ്യതകൾ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിൽ ഡച്ചുകാർക്കു പ്രത്യേക വൈഭവമുണ്ട്. 2014ൽ സൗരോർജത്തിൽ നിന്നു പ്രകാശപൂരിതമാവുന്ന ലോകത്തിലെ തന്നെ ആദ്യ റോഡ് യാഥാർഥ്യമാക്കിയ ചരിത്രവും നെതർലൻഡ്സിനു സ്വന്തമാണ്. വീണ്ടും ഇത്തരം ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കാനുള്ള ദൗത്യത്തിൽ പരമ്പരാഗത ഇന്ധനങ്ങളെ പപൂർണമായും കൈവിടാനാണു ഡച്ച് സർക്കാർ ആലോചിക്കുന്നത്. 2025 ആകുന്നതോടെ സാധാരണ, ആന്തരിക ജ്വലന സാങ്കേതികവിദ്യയുള്ള എൻജിനുകൾ ഘടിപ്പിച്ച കാറുകളുടെ വിൽപ്പന നിരോധിക്കുകയെന്ന നിർദേശമാണു രാജ്യം ഭരിക്കുന്ന ലേബർ പാർട്ടി പരിഗണിക്കുന്നത്. അതായത് 2025 മുതൽ വൈദ്യുതിയിലോ ഹൈഡ്രജനിലോ ഓടുന്ന കാറുകൾ മാത്രമാവും നെതർലൻഡ്സിൽ വിൽക്കാൻ അനുവദിക്കുക.

എന്നാൽ നിലവിൽ നിരത്തിലുള്ള പെട്രോൾ, ഡീസൽ എൻജിൻ കാറുകളുടെ അവയ്ക്ക് നിയമാനുസൃതം അനുവദിച്ച കാലാവധി വരെ തുടരാൻ അനുവദിക്കും. പക്ഷേ ഓട്ടം തികച്ചു നിരത്തൊഴിയുന്ന പെട്രോൾ, ഡീസൽ എൻജിൻ കാറുകൾക്കു പകരമെത്തുക മലിനീകരണ വിമുക്തമായ സാങ്കേതികവിദ്യയിൽ ഓടുന്ന വാഹനങ്ങൾ മാത്രമാവും. പ്രതീക്ഷിച്ചതു പോലെ പരിസ്ഥിതിവാദികൾ ഈ വിപ്ലവകരമായ ആശയത്തെ സർവാത്മനാ സ്വാഗതം ചെയ്തിട്ടുണ്ട്. കാർ നിർമാതാക്കൾ ഉൾപ്പെടെയുള്ളവർ ആശയത്തെ എതിർത്തും രംഗത്തെത്തിക്കഴിഞ്ഞു.

എങ്കിലും ഡച്ച് പാർലമെന്റിൽ ലേബർ പാർട്ടിക്കു വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ രാജ്യത്തു ഭാവിയിൽ പരിസ്ഥിതി സൗഹൃദ കാറുകൾ മാത്രം വിൽക്കാനുള്ള നിർദേശം പരിഗണനയ്ക്കെത്താൻ തന്നെയാണു സാധ്യത. പോരെങ്കിൽ നെതർലൻഡ്സിൽ മാത്രമല്ല യൂറോപ്യൻ യൂണിയൻ മേഖലയിലാകെ തന്നെ വൈദ്യുത, സങ്കര ഇന്ധന കാറുകളുടെ വിൽപ്പന വർധിക്കുന്നുണ്ടെന്നു വിവിധ പഠനങ്ങൾ കണ്ടെത്തിയതും ഈ നീക്കത്തിനു ശക്തി പകരുമെന്നാണു പ്രതീക്ഷ. വൈദ്യുത വാഹന നിർമാതാക്കളായ ടെസ്ലയിൽ നിന്നുള്ള വില കുറഞ്ഞ കാറായ ‘മോഡൽ ത്രീ’യുടെ വരവും നെതൽലൻഡ്സിന് ആവേശം പകരുന്നുണ്ട്.