Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുമകളോടെ ‘ലാൻഡ് ക്രൂസർ 200’ എത്തി; വില 1.29 കോടി രൂപ

land cruiser 200

ഉത്സവകാലം പ്രമാണിച്ചു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) പുതിയ ‘ലാൻഡ് ക്രൂസർ 200’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചു. 1.29 കോടി രൂപയാണ് ഡൽഹിയിലെ ഷോറൂം വില. വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിഷ്കരിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് കമ്പനിയുടെ ആഗോള എസ് യു വി ശ്രേണിയിലെ ‘ലാൻഡ് ക്രൂസർ 200’ ഇന്ത്യയിലെത്തിക്കുന്നതെന്ന് ടി കെ എം സീനിയർ വൈസ് പ്രസിഡന്റ് അകിതൊഷി തകെമുര അറിയിച്ചു. ‘ലാൻഡ് ക്രൂസറി’ന്റെ എട്ടാം തലമുറയാണു പുതിയ സംവിധാനങ്ങളും സൗകര്യങ്ങളുമൊക്കെയായി ഇപ്പോൾ നിരത്തിലെത്തുന്നത്. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ 75 ലക്ഷത്തിലേറെ ഉടമകളാണ് ‘ലാൻഡ് ക്രൂസർ’ സ്വന്തമാക്കിയതെന്നും അദ്ദേഹം അറിയിച്ചു.

എസ് യു വിക്കു കരുത്തേകുന്നത് 4.5 ലീറ്റർ, വി എയ്റ്റ് ഡീസൽ എൻജിനാണ്; പരമാവധി 268 പി എസ് കരുത്തും 650 എൻ എം കരുത്തുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. പുതിയ ‘ലാൻഡ് ക്രൂസർ’ ഇന്ത്യയിൽ ‘ഫോർ ബൈ ഫോർ’ ലേ ഔട്ടിലും ലഭ്യമാവും. ഹീറ്റർ സഹിതമുള്ള സ്റ്റീയറിങ് വീൽ, എൽ ഇ ഡി പ്രകാശിതമാക്കുന്ന എൻട്രി സിസ്റ്റം, ടയറിന്റെ മർദം നിരീക്ഷിക്കാൻ സംവിധാനം, എൻഹാൻസ്ഡ് മൾട്ടി ടെറെയ്ൻ മോണിട്ടർ കാമറ എന്നിവയൊക്കെ പുതിയ ‘ലാൻഡ് ക്രൂസറി’ലുണ്ട്. രണ്ടു പുതിയ നിരങ്ങളിലും പരിഷ്കരിച്ച ‘ലാൻഡ് ക്രൂസർ 200’ ലഭ്യമാവും: കോപ്പർ ബ്രൗൺ, ഡാർക്ക് ബ്ലൂ മൈക്ക. ഇതോടൊപ്പം സൂപ്പർ വൈറ്റ്, വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, സിൽവർ മെറ്റാലിക്, ഗ്രേ മെറ്റാലിക്, ബ്ലാക്ക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ഡാർക്ക് റെഡ് മൈക്ക മെറ്റാലിക്, ബീജ് മൈക്ക മെറ്റാലിക് നിറങ്ങളിലും വാഹനം വിൽപ്പനയ്ക്കുണ്ടാവും.

ഉള്ളിൽ നിലവിലുള്ള കറുപ്പിനു പുറമെ ബ്രൗൺ, ഫ്ളാക്സൻ എന്നീ പുതുവർണങ്ങളോടെയാണു ‘ലാൻഡ് ക്രൂസറി’ന്റെ വരവ്. ഇന്ത്യൻ വിപണിയിൽ ‘റേഞ്ച് റോവറി’നോടാവും ‘ലാൻഡ് ക്രൂസറി’ന്റെ പ്രധാന പോരാട്ടം.