Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നു, വിജയത്തിനുള്ള ചേരുവകളുമായി ‘2017 സ്വിഫ്റ്റ്’

swift-rs Representative Image

മാരുതി സുസുക്കി ഇന്ത്യയിൽ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെയും കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘വിറ്റാര ബ്രേസ്സ’യുടെയും വിജയം പുത്തൻ ‘സ്വിഫ്റ്റി’ന്റെ രൂപകൽപ്പനയെ സ്വാധീനിക്കാൻ സാധ്യത. അടുത്ത വർഷം വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന പുതിയ ‘സ്വിഫ്റ്റി’ൽ വിപുലമായി മാറ്റങ്ങളാണു പ്രതീക്ഷിക്കുന്നത്. കോംപാക്ട് ശൈലി പൂർണമായും ഉപേക്ഷിക്കാതെ പുതിയ ‘സ്വിഫ്റ്റി’ൽ ഹാച്ച്ബാക്കിന്റെ സവിശേഷതകൾ ഉൾപ്പെടുത്താനാവും മാരുതി സുസുക്കിയുടെ ശ്രമം.

ഹാച്ച്ബാക്കുകളോടു വിപണിക്കുള്ള പ്രതിപത്തിയുടെ പ്രതിഫലനമായാണു ‘ബലേനൊ’യുടെ വിജയത്തെ മാരുതി സുസുക്കി വിലയിരുത്തുന്നത്. ഇതുതന്നെയാണു ‘2017 സ്വിഫ്റ്റി’നും സമാന രൂപകൽപ്പന പിന്തുടരാൻ കമ്പനിയെ പ്രേരിപ്പിക്കുന്നതും. ഒപ്പം തന്നെ കോംപാക്ട് വാഹനമെന്ന മികവ് കൈവിട്ടു പോവാതിരിക്കാനും കമ്പനി പ്രത്യേക ശ്രദ്ധ പുലർത്തും. രൂപകൽപ്പനയിൽ ‘ബലേനൊ’യുടെ സ്വാധീനം പ്രകടമാവുന്ന പുത്തൻ ‘സ്വിഫ്റ്റി’നു നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 100 കിലോഗ്രാമോളം ഭാരവും കുറവാകും. ഇതോടെ കാഴ്ചയിൽ മാത്രമല്ല, പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ ‘സ്വിഫ്റ്റ്’ മുൻഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാവും.

പൂർണമായും പൊളിച്ചെഴുതിയ അകത്തളത്തിലാവട്ടെ പുത്തൻ മോഡലുകളോടു കിട പിടിക്കുന്ന ഇൻസ്ട്രമെന്റ് ക്ലസ്റ്ററും മറ്റു സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പ്രതീക്ഷിക്കാം. നിലവിലുള്ള പെട്രോൾ, ഡീസൽ എൻജിനുകൾക്കു പുറമെ മൂന്നാമതൊരു എൻജിൻ സാധ്യത കൂടി പുത്തൻ ‘സ്വിഫ്റ്റി’ലുണ്ടാവുമെന്ന സൂചനകളും ശക്തമാണ്. വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനത്തിനുള്ള പുത്തൻ ‘സ്വിഫ്റ്റ്’ ഒക്ടോബറിൽ നടക്കുന്ന പാരിസ് ഓട്ടോ ഷോയിലാവും അരങ്ങേറ്റം കുറിക്കുക.  

Your Rating: