Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പോപ്പ്മൊബൈലാ’യി ഇനി ഹ്യുണ്ടായ് ‘സാന്റാ ഫെ’

Hyundai Santa Fe Popemobile

യാത്രാവേളകളിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കു കൂട്ടായി ഇനി കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായിൽ നിന്നുള്ള സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സാന്റാ ഫെ’. ‘പോപ്പ്മൊബൈൽ’ ആയി മുൻഗാമികൾ ഉപയോഗിച്ചിരുന്ന പരിഷ്കരിച്ച മെഴ്സീഡിസ് ബെൻസ് ‘ജി ക്ലാസ്’ ഉപേക്ഷിച്ചാണു ഫ്രാൻസിസ് മാർപാപ്പ ‘സാന്റാ ഫെ’യിലേക്കു ചേക്കേറുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലെ കൊറിയ സന്ദർശനവേളയിലും മാർപാപ്പയുടെ യാത്രകൾ ഹ്യുണ്ടായിയുടെയും ഉപസ്ഥാപനമായ കിയയുടെയും വാഹനങ്ങളിലായിരുന്നു; കോംപാക്ട് വിഭാഗത്തിൽപെട്ട ‘സോൾ’, മിനിവാനായ ‘കാർണിവൽ’ എന്നിവയിലായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ യാത്ര.

‘പോപ്പ്മൊബൈൽ’ ചുമതല നിർവഹിച്ചിരുന്ന ‘മെഴ്സീഡിസ് ബെൻസ് ജി ക്ലാസ്’ എസ് യു വികളെ പോലെ കാര്യമായ അഴിച്ചുപണിയോടെയാണു കഴിഞ്ഞ വാരം സെന്റ് പീറ്റേഴ്്സ് ചത്വരത്തിൽ അരങ്ങേറ്റം കുറിച്ച ‘സാന്റാ ഫെ’യുടെയും വരവ്. ആദ്യ രണ്ടു സീറ്റുകൾക്കു പിന്നിലെ ഭാഗത്തെ മേൽക്കൂര മുറിച്ചു മാറ്റിയതോടെ പോപ്പിന്റെ ‘സാന്റാ ഫെ’യ്ക്കു നിസ്സാനിൽ നിന്നുള്ള ‘മുരാനൊ ക്രോസ് കാബ്രിയൊളെ’യുമായി സാമ്യം കൈവന്നിട്ടുണ്ട്. മടക്കിസൂക്ഷിക്കാവുന്ന ചവിട്ടുപടിക്കൊപ്പം യാത്രാവേളയിൽ പോപ്പിനും സഹായികൾക്കും സുരക്ഷ ഉറപ്പാക്കാനുള്ള സ്റ്റെബിലൈസർ ബാറുകളും കാറിൽ ഇടംപിടിച്ചിട്ടുണ്ട്.

മുൻ ‘പോപ്പ്മൊബൈലു’കളിൽ നിന്നു വ്യത്യസ്തമായി വെടിയുണ്ടകളെ പ്രതിരോധിക്കാൻ പോന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഒഴിവാക്കിയാണു ‘സാന്റാ ഫെ’യുടെ വരവെന്ന സവിശേഷതയുമുണ്ട്. വിവിധ നിലപാടുകളുടെ പേരിൽ അതതു കാലത്തെ മാർപാപ്പമാർ നേരിടുന്ന സുരക്ഷാഭീഷണി പരിഗണിച്ച് ‘ചില്ലുകൂട്’ എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലായിരുന്നു പല ‘പോപ്പ്മൊബൈലു’കളുടെയും രൂപകൽപ്പന. എങ്കിലും 1981ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്കു നേരെയുണ്ടായ വധശ്രമത്തോടയാണു ‘പോപ്പ്മൊബൈലി’നു ബുള്ളറ്റ് പ്രൂഫ് കവചം അനിവാര്യതയായത്. അദ്ദേഹത്തിന്റെ പിൻഗാമിയായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും ഈ സുരക്ഷ ഇഷ്ടപ്പെട്ടിരുന്നെന്നാണു കേൾവി.

എന്നാൽ പിന്നാലെയെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ‘ചില്ലുകൂട്ടി’ലെ യാത്ര തീർത്തും പഥ്യമായില്ല. ബ്രസീലിലെ അനുഭവം അനുസ്മരിച്ച് അടച്ചുപൂട്ടിയ ‘പോപ്പ്മൊബൈലി’ലെ യാത്രയോടുള്ള തന്റെ അനിഷ്ടവും അദ്ദേഹം വ്യക്തമാക്കി. നിർമാണം ചില്ല് ഉപയോഗിച്ചാവുമെങ്കിലും തന്നെ സംബന്ധിച്ചിടത്തോളം കൂട്ടിലടച്ച കിളിയുടെ അവസ്ഥയാണെന്നായിരുന്നു പാപ്പയുടെ നിലപാട്. അതിനുള്ളിൽ നിന്ന് വിശ്വാസികളെ അഭിവാദ്യം ചെയ്യാനും അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും തനിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘പോപ്പ്മൊബൈലി’ന്റെ സുരക്ഷാകവചം തന്നെ സംബന്ധിച്ചിടത്തോളം അദൃശ്യ ഭിത്തിയാണെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു. പോരെങ്കിൽ ഈ പ്രായത്തിൽ തനിക്കു കാര്യമായൊന്നും നഷ്ടപ്പെടാനില്ലെന്നും മാർപാപ്പ അവകാശപ്പെടുന്നു. കത്തോലിക്ക സഭയ്ക്കു പുതിയ കാഴ്ചപ്പാട് സമ്മാനിക്കാൻ യത്നിക്കുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് ‘സാന്റാ ഫെ’യിൽ സാക്ഷാത്കരിച്ച ‘പോപ്പ്മൊബൈൽ’ നൽകുന്നത് തികച്ചും സമകാലികമായ പ്രതിച്ഛായ കൂടിയാണ്.