Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നു മൂന്നു പുതിയ ടാറ്റകൾ...

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
tatahexa ടാറ്റ ഹെക്സ

വിദേശ വാഹന ആധിപത്യത്തിൽ ചെറുതായൊന്നു കാലിടറിയ ടാറ്റ മോട്ടോഴ്സ് ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ഒന്നാന്തരം ഉത്പന്ന നിരയുണ്ടെങ്കിലും രാജ്യാന്തര പരിവേഷത്തിൻറെ കുറവ് ബ്രാൻഡിൻറെ ഗാംഭീര്യം തെല്ലൊന്ന് ഇകഴ്ത്തുന്നുവെന്ന തോന്നൽ ശക്തം. ഈ കുറവിലാണ് ടാറ്റ ആദ്യം ശ്രദ്ധയർപ്പിക്കുന്നത്.

ലയൊണൽ മെസ്സി: രാജ്യാന്തര പരിവേഷം തെല്ലും കുറയരുതെന്ന ടാറ്റയുടെ ലക്ഷ്യം സാക്ഷാൽക്കരിക്കപ്പെടുന്നത് മെസ്സി എന്ന ആഗോള ഫുട്ബോളറിലൂടെയാണ്. മെസ്സി ടാറ്റയുടെ ആഗോള ബ്രാൻഡ് അംബാസഡറായി നിയമിതനായി. ടാറ്റാ മോട്ടോഴ്സിൻറെ നീല ജഴ്സിയണിഞ്ഞ് താരം പന്തടക്കത്തോടെ കളിക്കുന്നതും എതിരാളികളുടെ വലയം തകർത്ത് ആക്രമിച്ചു ഗോളടിക്കുന്നതും ടെലിവിഷനിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നു. തീർച്ചയായും സാധാരണക്കാരുടെ ഇടയിൽ ടാറ്റയ്ക്ക് രാജ്യാന്തര മുഖം ലഭിച്ചു തുടങ്ങി.

ജാഗ്വാർ ലാൻഡ് റോവർ: കാര്യങ്ങൾ അറിയാവന്നവർക്ക് അറിയാം സത്യത്തിൽ ടാറ്റയ്ക്ക് മെസ്സിയുടെ സഹായമൊന്നും ആവശ്യമില്ലെന്ന്. വാഹനരംഗത്ത് ആഡംബരത്തിലും ഗാംഭീര്യത്തിലും ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജാഗ്വാറും ലാൻഡ് റോവറും ടാറ്റയുടെ സ്വന്തമാണ്. അതിലും വലിയൊരു രാജ്യാന്തര പേരൊന്നും വേറെ ആവശ്യമില്ലല്ലോ... എങ്കിലും ജെ എൽ ആറിനെക്കാൾ സാധാരണക്കാരന് മെസ്സിയായിരിക്കുമല്ലോ പ്രിയംകരം. പ്രത്യേകിച്ച് ഫുട്ബോൾ ഇന്ത്യയിൽ കൂടുതൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്.

nexon ടാറ്റ നെക്സൊൺ

ഹെക്സ, കൈറ്റ്, നെക്സൊൺ: പുതിയ കാറുകളുണ്ടെങ്കിലേ ഏതു വാഹന കമ്പനിയും ജനശ്രദ്ധയാകർഷിക്കൂ. അടുത്ത കൊല്ലം തീരുംമുമ്പ് തികച്ചും പുതിയ മൂന്നു വാഹനങ്ങളുമായാണ് ടാറ്റ മോട്ടോഴ്സ് എത്തുന്നത്. ബോൾട്ടിലും ചെറിയ ഒരു കാർ, ഇപ്പോഴത്തെ ട്രെൻഡിങ്ങായ ഒരു കോംപാക്ട് എസ് യു വി, ഒരു വലിയ എസ് യു വി.

ചെറിയ കാർ—കൈറ്റ്: പേര് ഇതാകണമെന്നില്ല. കോഡ് നാമമാണ്. മൂന്നു ലക്ഷം രൂപ മുതൽ വില വരുന്ന ഒരു കൊച്ചു ഹാച്ച്ബാക്ക്. ഇൻഡിക്കയ്ക്കും പിന്നീട് ഇൻഡിഗോയ്ക്കും ഈ കാർ പകരമായേക്കും. ടാറ്റയുടെ യൂറോപ്യൻ ടെക്നിക്കൽ സെൻറർ രൂപകൽപന ചെയ്ത കാറിന് ആഗോള തലത്തിലുള്ള സൗകര്യങ്ങളും സുരക്ഷയും ആധുനികതയുമുണ്ടാകും. പുതിയ പ്ലാറ്റ്ഫോമിലാണ് നിർമാണം. രണ്ട് എൻജിനുകൾ. 1.2 റെവ്ട്രോൺ പെട്രോൾ, 1.0 ഡീസൽ. രണ്ടും മൂന്നു സിലണ്ടർ.

tatakites ടാറ്റ കൈറ്റ്

ചെറിയ എസ് യു വി—നെക്സൊൺ: 2014 ഓട്ടൊ എക്സ്പൊയിൽ കൺസപ്റ്റായി പ്രദർശിപ്പിച്ച മിനി എസ് യു വി 2016 എക്സ്പൊയിൽ കാറായി പ്രദർശിപ്പിക്കും, കൊല്ലം തീരും മുമ്പ് വിപണിയിലുമിറക്കും. നാലു മീറ്ററിൽത്താഴെ നീളമുള്ള നെക്സൊൺ — ഇതും കോഡ് നാമമാകണം — ഏഴു ലക്ഷം രൂപ മുതൽ ലഭിക്കും. ഫോഡ് ഇക്കൊസ്പോർട്ടായിരിക്കും മുഖ്യ എതിരാളി. ബോൾട്ട്, സെസ്റ്റ് പ്ലാറ്റ്ഫോമിൽ അതിഷ്ഠിതമാണ്. ടാറ്റയുടെ ഏറ്റവും പുതിയ തലമുറ 1.5 ലീറ്റർ ഡൈകോർ ഡീസൽ എൻജിൻ. 110 ബി എച്ച പി 1.2 ലീറ്റർ റെവ്ട്രോൺ പെട്രോൾ. ഒട്ടേറെ ആധുനിക സൗകര്യങ്ങളും എ ല്ലാ ടാറ്റകളെപ്പോലെ പണത്തിനു മൂല്യവും നൽകുന്നതായിരിക്കും നെക്സോൺ.

വലിയ എസ് യു വി: ആര്യയിൽ നിന്നു കിട്ടിയ പാഠങ്ങൾ ഹെക്സയിലാണ് ടാറ്റ പൂർത്തിയാക്കുന്നത്. ആര്യയുടെ പരിഷ്കൃത പ്ലാറ്റ്ഫോമിൽ രൂപ കൽപന ചെയ്ത ഹെക്സ കാഴ്ചയിൽ ഏറെ വ്യത്യസ്തമാണ്. കൂടുതൽ വലുപ്പവും ഭംഗിയും തോന്നിപ്പിക്കുന്ന രൂപം. ആധുനികവുമാണ്. ലാൻഡ് റോവറിലുള്ള മൾട്ടി ഡ്രൈവ് മോഡ് സിസ്റ്റം അടക്കം ഒട്ടേറെ സൗകര്യങ്ങൾ. 154 ബി എച്ച് പിയുള്ള 2.2 ലീറ്റർ ഡീസൽ വേരികോർ എൻജിൻ പഴയ ഡൈകോർ സീരീസിലും ആധുനികം. സുരക്ഷാസൗകര്യങ്ങൾ ലോക നിലവാരത്തിൽ. ഇന്ത്യയിൽ നിന്നുള്ള ആഗോള സ്ഥാപനമായ ടാറ്റയുടെ വളർച്ചയിൽ ഒരോ ഇന്ത്യക്കാരനും അഭിമാനിക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.