Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബാഗിനു പുതിയ നിർമാതാവിനെ തേടി ടൊയോട്ട

Takata Airbag

നിർമാണ തകരാറുള്ള എയർബാഗുകൾ സൃഷ്ടിച്ച പ്രതിസന്ധിയുടെ പേരിൽ തകാത്ത കോർപറേഷനെ കൈവിടാൻ ടൊയോട്ട മോട്ടോർ കോർപറേഷൻ ഒരുങ്ങുന്നു. തകാത്തയെ ഒഴിവാക്കി താരതമ്യേന ചെറുകിട നിർമാതാക്കളായ നിപ്പോൺ കയാകു കമ്പനിയിൽ നിന്ന് ദശലക്ഷക്കണക്കിന് എയർബാഗുകൾ വാങ്ങാനാണു ടൊയോട്ട തയാറെടുക്കുന്നത്. എയർബാഗ് പോലുള്ള വാഹനഘടകങ്ങൾക്കു പുറമെ രാസവസ്തുക്കളും ഔഷധങ്ങളുമൊക്കെ നിർമിക്കുന്ന, ടോക്കിയോ ആസ്ഥാനമായ നിപ്പോൺ കയാക്കുവിന് നൂറോളം വർഷത്തെ പ്രവർത്തന പരിചയമാണുള്ളത്.

തങ്ങളുടെ ആവശ്യത്തിനൊത്ത് എയർബാഗുകൾ ലഭ്യമാക്കാൻ കഴിയുംവിധം ഉൽപ്പാദനം വർധിപ്പിക്കാൻ നിപ്പോൺ കയാകുവിനോടു ടൊയോട്ട ആവശ്യപ്പെട്ടിരുന്നു. അടുത്ത ജൂലൈ മുതൽ 2020 വരെയുള്ള കാലത്തിനിടെ 1.30 കോടി എയർബാഗ് ഇൻഫ്ളേറ്ററുകൾ ലഭ്യമാക്കണമെന്നാണു നിപ്പോൺ കയാകുവിനോടു ടൊയോട്ടയുടെ നിർദേശം.

അപകടസാധ്യത പരിഗണിച്ചു വരുംവർഷങ്ങളിൽ മാറ്റിനൽകേണ്ടി വരുന്നവ കൂടി പരിഗണിച്ചാണ് ടൊയോട്ട, നിപ്പോൺ കയാകുവിൽ നിന്നു വാങ്ങേണ്ട എയർബാഗുകളുടെ കണക്കെടുത്തതെന്നാണു കരുതപ്പെടുന്നത്. തുടക്കത്തിൽ തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകൾ മാറ്റാനായി നിപ്പോൺ കയാക്കുവിൽ നിന്നുള്ളവ ഉപയോഗിക്കാനും ക്രമേണ പുതിയ വാഹനങ്ങളിലും ഇവ തന്നെ ഘടിപ്പിക്കാനുമാണത്രെ ടൊയോട്ടയുടെ പദ്ധതി.

വിന്യാസ വേളയിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള തകാത്ത എയർബാഗുകൾ ഘടിപ്പിച്ചതിന്റെ പേരിൽ കോടിക്കണക്കിന് വാഹനങ്ങളാണു വിവിധ നിർമാതാക്കൾ ലോകവ്യാപകമായി തിരിച്ചുവിളിക്കേണ്ടി വന്നത്. എയർബാഗ് ഇൻഫ്ളേറ്ററിൽ തകാത്ത കോർപറേഷൻ ഉപയോഗിച്ച അമോണിയം നൈട്രേറ്റ് പ്രൊപ്പല്ലന്റിന് പെട്ടെന്നു തീ പിടിക്കുന്നതോടെ ലോഹനിർമിത ചെറു പേടകം പൊട്ടിത്തെറിച്ച് മൂർച്ചയേറിയ വസ്തുക്കൾ യാത്രക്കാർക്കും ഡ്രൈവർക്കും നേരെ പാഞ്ഞെത്താനുള്ള സാധ്യതയാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്. ഇതോടെ ആഗോളതലത്തിൽ ദശലക്ഷക്കണക്കിനു വാഹനങ്ങളാണു വിവിധ നിർമാതാക്കൾ തിരിച്ചുവിളിച്ചു പരിശോധിച്ചത്.

മൊത്തം 11 നിർമാതാക്കൾ വിറ്റ കാറുകളും ട്രക്കുകളുമാണ് എയർബാഗ് തകരാറിന്റെ പേരിൽ പരിശോധിക്കപ്പെടുന്നത്. ഇൻഫ്ളേറ്റർ പ്രവർത്തനം പിഴയ്ക്കാനുള്ള കാരണം കണ്ടെത്താൻ തകാത്തയും വിവിധ വാഹന നിർമാതാക്കളും യു എസിലെ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനും(എൻ എച്ച് ടി എസ് എ) നടത്തിയ പരിശോധനകൾ ഫലം കണ്ടിട്ടുമില്ല. ഏറെക്കാലമായി ചൂടും ഈർപ്പവുമേറിയ മേഖലകളിൽ ഉപയോഗത്തിലുള്ള വാഹനങ്ങളിലെ എയർബാഗുകളാണ് അതി മർദത്തോടെ വിന്യസിക്കപ്പെടാൻ സാധ്യതയെന്നാണു തകാത്തയുടെ നിഗമനം. അതിനാൽ അഞ്ചു വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളാണ് ഇതുവരെ വിവിധ രാജ്യങ്ങളിൽ തിരിച്ചുവിളിച്ചു പരിശോധിച്ചതും.