Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷത്തിൽ നിസ്സാൻ, ജി എം കാറുകൾക്കും വിലയേറും

GM

വിപണിയെ നയിക്കുന്ന മാരുതി സുസുക്കിയും പ്രധാന എതിരാളികളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡും പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കാൻ തീരുമാനിച്ചതോടെ മറ്റു കമ്പനികളുടെ പ്രഖ്യാപനം വെറും ഔപചാരികതയായിട്ടുണ്ട്. എങ്കിലും മുൻനിരക്കാരുടെ പാത പിന്തുടർന്ന് ജനുവരി മുതൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുമെന്ന് യു എസിൽ നിന്നുള്ള ജനറൽ മോട്ടോഴ്സും ജപ്പാനിൽ നിന്നുള്ള നിസ്സാനുമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തയിടെ അവതരിപ്പിച്ച പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ട്രെയ്ൽബ്ലേസർ’ ഒഴികെ ഇന്ത്യയിൽ വിൽക്കുന്ന ‘ഷെവർലെ’ ബ്രാൻഡിൽപെട്ട വാഹനങ്ങളുടെ വില രണ്ടു ശതമാനം വരെ വർധിപ്പിക്കാനാണു ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ)യുടെ തീരുമാനം. മറ്റു നിർമാതാക്കളെ പോലെ ഉൽപ്പാദന ചെലവിലെ വർധനയും വിദേശ നാണയ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളുമാണ് വില വർധനയ്ക്കു കാരണമായി ജി എം ഐയും നിരത്തുന്നത്.

chevrolet Beat

എൻട്രി ലവൽ കാറായ ‘ബീറ്റ്’ മുതൽ സെഡാനായ ‘ക്രൂസ്’ വരെയാണു ജി എം ഇന്ത്യയിൽ നിർമിച്ചു വിൽക്കുന്നത്; വിവിധ മോഡലുകൾക്ക് 4.20 ലക്ഷം മുതൽ 16.85 ലക്ഷം രൂപ വരെയാണു ഡൽഹിയിലെ ഷോറൂം വില. തായ്ലൻഡിൽ നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു വിൽക്കുന്നതിനാലാണ് ‘ട്രെയ്ൽബ്ലേസറി’നെ വില വർധനയിൽ നിന്ന് ഒഴിവാക്കിയതെന്നും ജി എം വിശദീകരിക്കുന്നു. ഉൽപ്പാദന ചെലവ് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വാഹന വിലയിൽ മൂന്നു ശതമാനം വരെ വർധന നടപ്പാക്കാനാണു നിസ്സാൻ ഒരുങ്ങുന്നത്. ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിയിലെ വാഹനങ്ങൾക്കും ജനുവരി ഒന്നു മുതൽ വില ഉയരുമെന്നു കമ്പനി വ്യക്തമാക്കി. കമ്പനി മത്സരക്ഷമമായി തുടരാൻ ലക്ഷ്യമിട്ടും ഉൽപ്പാദന ചെലവിലെ ക്രമാതീത വർധന നേരിടാൻ വേണ്ടിയുമാണ് ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങൾക്കു വില കൂട്ടുന്നതെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര അറിയിച്ചു.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്, ടൊയോട്ട കിർലോസ്കർ മോട്ടോർ തുടങ്ങിയവർക്കൊപ്പം ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവും മെഴ്സീഡിസ് ബെൻസും ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില പുതുവർഷത്തിൽ വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതൽ വിവിധ മോഡലുകൾക്കു പരമാവധി 20,000 രൂപ വില കൂട്ടാനാണു മാരുതിയുടെ തീരുമാനം. ജനുവരി മുതൽ ഇന്ത്യയിൽ വിൽക്കുന്ന കാറുകൾക്ക് 30,000 രൂപ വരെ വില ഉയരുമെന്നാണു ഹ്യുണ്ടായ് മോട്ടോർ പ്രഖ്യാപിച്ചത്. പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കുമെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവാണ് ആദ്യം പ്രഖ്യാപിച്ചത്. ‘മിനി’ ഉൾപ്പടെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കുമെന്നായിരുന്നു ബി എം ഡബ്ല്യു അറിയിച്ചത്. എല്ലാ മോഡലുകൾക്കും മൂന്നു ശതമാനം വില വർധനയാണു ജനുവരി ഒന്നിനു പ്രാബല്യത്തിലെത്തുകയെന്നും ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ അറിയിച്ചു.പിന്നാലെ ഇന്ത്യൻ മോഡൽ ശ്രേണിയുടെ വിലയിൽ രണ്ടു ശതമാനം വരെ വർധന നടപ്പാക്കുമെന്ന് എതിരാളികളായ മെഴ്സീഡിസ് ബെൻസും പ്രഖ്യാപിച്ചു. തുടർന്ന് പുതുവർഷത്തിൽ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്നു ജപ്പാനിൽ നിന്നുള്ള ടൊയോട്ടയും അറിയിച്ചു. ജനുവരി മുതൽ വാഹന വില മൂന്നു ശതമാനം വരെയാണു കൂട്ടുന്നതെന്നും ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) വ്യക്തമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.