Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ സർവീസിങ്: നിസ്സാൻ — മൈ ടി വി എസ് ധാരണ

JAPAN-COMPANY-STOCKS-NISSAN-FILES

ഇന്ത്യയിലെ വിൽപ്പനാന്തര സേവന ശൃംഖല വിപുലീകരിക്കാനായി ജാപ്പനീസ് കാർ നിർമാതാക്കളായ നിസ്സാനുംടി വി എസ് ഓട്ടമൊബീൽ സൊല്യൂഷൻസി(ടി വി എസ് എ എസ് പി എൽ) മൾട്ടി ബ്രാൻഡ് സർവീസ് സ്റ്റേഷനായ ‘മൈ ടി വി എസു’മായി ധാരണാപത്രം ഒപ്പിട്ടു. തമിഴ്നാട്ടിൽ ‘മൈ ടി വി എസി’ന്റെ സഹകരണത്തോടെ എട്ട് അംഗീകൃത സർവീസ് പോയിന്റുകളാണു നിസ്സാൻ സ്ഥാപിക്കുക. നിലവിൽ നിസ്സാൻ ഡീലർമാരുടെ 23 സർവീസ് ഔട്ട്ലെറ്റുകളാണു സംസ്ഥാനത്തുള്ളത്. കാർ ഉടമകളെ കൂടുതൽ സന്തുഷ്ടരാക്കുകയെന്ന ലക്ഷ്യത്തോടെയാണു സർവീസിങ്ങിനായി പുത്തൻ സാധ്യതകൾ അവതരിപ്പിക്കുന്നതെന്നു നിസ്സാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് ഗിലോം സികാഡ് അറിയിച്ചു. ഉപയോക്താക്കളുടെ സൗകര്യവും സംതൃപ്തിയും മുൻനിർത്തിയാണു ‘മൈ ടി വി എസു’മായി ധാരണാപത്രം ഒപ്പിട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കാർ സർവീസിങ്ങിനായി നിസ്സാനുമായുള്ള സഖ്യം തന്ത്രപ്രധാനമാണെന്നായിരുന്നു ‘മൈ ടി വി എസ്’ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീനിവാസ് രാഘവന്റെ പ്രതികരണം. ഇരുകമ്പനികൾക്കുമിടയിലെ സമാനതകൾ ഫലപ്രദമായി വിനിയോഗിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യം ഉറപ്പുനൽകാനാണു ധാരണാപത്രം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ശ്രേണിയിൽ പുതിയ മോഡലായ ‘റെഡി ഗോ’ അവതരിപ്പിച്ചതോടെയാണു നിലവിലുള്ള സർവീസ് ശൃംഖല അപര്യാപ്തമാണെന്നു നിസ്സാൻ വിലയിരുത്തിയത്.

വിൽപ്പാനന്തര സേവനത്തിനും വാഹന പരിപാലനത്തിനും കൂടുതൽ അവസരം സൃഷ്ടിക്കുന്നത് ഡാറ്റ്സൻ ശ്രേണിയുടെ വിൽപ്പന ഗണ്യമായി മെച്ചപ്പെടുത്തുമെന്നും കമ്പനി കരുതുന്നു. അടുത്ത വർഷത്തോടെ ഇന്ത്യയിലെ വിപണന ശൃംഖല വൻതോതിൽ വികസിപ്പിക്കാനാണു നിസ്സാന്റെ പദ്ധതി. 2017ൽ ഡീലർഷിപ്പുകളുടെ എണ്ണം 300 ആയി ഉയർത്താനാണു കമ്പനി ശ്രമിക്കുന്നത്; ഇതോടെ രാജ്യത്തെ 95% ജനസംഖ്യയ്ക്കും നിസ്സാൻ സേവനം ലഭ്യമാവുമെന്നും കമ്പനി കരുതുന്നു.