Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെനോ ‘ട്വിസി’ക്കു സ്വന്തം പതിപ്പുമായി നിസ്സാൻ

renault-twizy Renault Twizy

യാത്രാവാഹനങ്ങളുടെ ഭാവിയെന്ന അവകാശവാദത്തോടെ ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ പുതിയ മൊബിലിറ്റി കൺസെപ്റ്റ്(എൻ എം സി) വികസിപ്പിക്കുന്നു. ‘സ്കൂട്ട് ക്വാഡ്’ എന്ന പേരിൽ രണ്ടു സീറ്റുള്ള വൈദ്യുത വാഹനം(ഇ വി) പക്ഷേ നിലവിൽ യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ വിൽപ്പനയ്ക്കുള്ള ‘റെനോ ട്വിസി’യുടെ ബാഡ്ജ് എൻജിനീയറിങ് വകഭേദമാണെന്നാണു വിലയിരുത്തൽ. അതേസമയം വിഭാഗം ഏതെന്നു വ്യക്തമാക്കാത്തതിനാൽ നിസ്സാന്റെ ന്യൂ മൊബിലിറ്റി കൺസപ്റ്റ് ഇതുവരെ അമേരിക്കയിൽ വിൽപ്പന തുടങ്ങിയിട്ടില്ല. എങ്കിലും സാൻഫ്രാൻസിസ്കോ നഗരത്തിലെത്തുന്നവർക്കു ലഘു വൈദ്യുത വാഹനങ്ങൾ വാടകയ്ക്കു നൽകാൻ സ്കൂട്ട് നെറ്റ്വർക്സ് ആവിഷ്കരിച്ച പദ്ധതിയിൽ എൻ എം സികൾ ഇടംപിടിച്ചിട്ടുണ്ട്. പരീക്ഷണമെന്ന നിലയിൽ ഈ പദ്ധതിയിൽ 10 എൻ എം സികൾ ഉൾപ്പെടുത്താനാണു കമ്പനിയും നിസ്സാനുമായുള്ള ധാരണ. നിസ്സാന്റെ എൻ എം സികളെ ‘സ്കൂട്ട് ക്വാഡ്’ എന്നാണു കമ്പനി വിശേഷിപ്പിക്കുന്നത്.

കോംപാക്ട് നാലു ചക്രവാഹനമായ ‘സ്കൂട്ട് ക്വാഡ് ഇ വി’ക്ക് ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ ഓടാനാവും; മണിക്കൂറിൽ 80 കിലോമീറ്ററാണു വാഹനത്തിന്റെ പരമാവധി വേഗമെങ്കിലും അമേരിക്കയിൽ വേഗം 40 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മുന്നിലും പിന്നിലുമായിട്ടാണു ‘സ്കൂട്ട് ക്വാഡി’ലെ രണ്ടു സീറ്റെങ്കിലും വാഹനത്തെ ബൈക്ക് എന്നു വിളിക്കാനാവില്ല; ‘സ്കൂട്ട് ക്വാഡി’നു നാലു ചക്രങ്ങളുള്ളതിനൊപ്പം ഓടിക്കുന്നതും കാർ പോലെയാണ്. പോരെങ്കിൽ ഇരുചക്രവാഹനങ്ങളെ അപേക്ഷിച്ചു കൂടുതൽ സുരക്ഷയും ‘സ്കൂട്ട് ക്വാഡ്’ ഉറപ്പു നൽകുന്നു. വിതി കുറഞ്ഞതും മടക്കിത്തുറക്കുന്നതുമായ വാതിലിനു ജനലുകൾ ഇല്ലാത്തതിനാൽ വായുസഞ്ചാരത്തിനും തടസ്സമില്ല. 200 വോൾട്ട് ചാർജർ വഴി ബാറ്ററി ‘നിറയാൻ’ നാലു മണിക്കൂറെടുക്കും.

റെനോ ‘ഡസ്റ്ററി’നെ ‘ടെറാനോ’ ആയി റീബ്രാൻഡ് ചെയ്തിട്ടുള്ള നിസ്സാൻ ഇതാദ്യമായാണു വൈദ്യുത വാഹനം റീ ബാഡ്ജ് ചെയ്യുന്നതെന്ന പ്രത്യേകതയുണ്ട്. റെനോ ‘ട്വിസി’ അടിസ്ഥാനമാക്കി യു എസിൽ നടത്തുന്ന പരീക്ഷണം മറ്റു രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുമോ എന്നും ബാറ്ററിയിൽ ഓടുന്ന കൂടുതൽ വാഹനങ്ങളെ ബാഡ്ജ് എൻജിനീയറിങ് വഴി നിസ്സാൻ സ്വന്തം ശ്രേണിയിൽ അവതരിപ്പിക്കുമോ എന്നും വ്യക്തമല്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.