Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുഡ്ഗാവിൽ നിസ്സാനു സ്പെയർ പാർട്സ് വിതരണ കേന്ദ്രം

Nissan

കാർ ഉടമകൾക്കു മെച്ചപ്പെട്ട വിൽപ്പനാന്തര സേവനം ഉറപ്പാക്കാനായി ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ ഉത്തരേന്ത്യയിൽ മേഖലാ സ്പെയർ പാർട്സ് വിതരണ കേന്ദ്രം തുറന്നു. ഗുഡ്ഗാവിനടുത്ത് ലുഹാരിയിൽ പുതിയ കേന്ദ്രം പ്രവർത്തനം തുടങ്ങിയത് വാഹന ഉടമകൾക്കും ഡീലർമാർക്കും ഏറെ പ്രയോജനകരമാണെന്നാണു നിസ്സാന്റെ വിശദീകരണം. ഉത്തരേന്ത്യയിൽ സ്പെയർ പാർട്സ് ലഭിക്കാൻ നേരത്തെ എട്ട് — ഒൻപതു ദിവസമെടുത്തിരുന്നത് പുതിയ കേന്ദ്രം വന്നതോടെ ഒഴിവാകുമെന്നാണു പ്രതീക്ഷ. ഇത്തരം കാലതാമസം നേരിടാൻ സ്പെയർ പാർട്സ് ശേഖരിച്ചു സൂക്ഷിക്കാൻ ഡീലർമാർ കൂടുതൽ സ്ഥലം നീക്കിവച്ചിരുന്ന പതിവും ഇതോടെ അവസാനിപ്പിക്കാനാവും.

ഉത്തരേന്ത്യയിലെ വിൽപ്പനാന്തര സേവനം മെച്ചപ്പെടുത്താൻ പുതിയ വിതരണ കേന്ദ്രം ഏറെ സഹായകമാവുമെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എൻ എം ഐ പി എൽ) മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര അഭിപ്രായപ്പെട്ടു. ഉപയോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കാൻ മികച്ച വിൽപ്പനാന്തര സേവനം അനിവാര്യമാണ്. ആവശ്യമായ സ്പെയർ പാർട്ടുകൾ സമയബന്ധിതമായും വേഗത്തിലും കാര്യക്ഷമതയോടെയും കൈമാറുന്നത് ഉപയോക്താക്കളെ സന്തുഷ്ടരാക്കുന്നതിൽ സുപ്രധാനമാണെന്നും മൽഹോത്ര വിലയിരുത്തി. പുതിയ കേന്ദ്രം പ്രവർത്തനം തുടങ്ങുന്നതോടെ സ്പെയർ പാർട്ടുകളുടെ കൈമാറ്റം വേഗത്തിലാവുന്നത് ഉപയോക്താക്കൾക്ക് ഏറെ ഗുണകരമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രത്യേക ഓഫിസ്, കന്റീൻ ബ്ലോക്കുകൾക്കു പുറമെ വിപുലമായ സംഭരണ സ്ഥലവും പുതിയ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹെവി ഡ്യൂട്ടി റാക്കിങ്, ഷെൽവിങ് റാക്ക്, സിറ്റേജ്, ട്രോളി തുടങ്ങിയവയിലാണു യന്ത്രഘടകങ്ങൾ സൂക്ഷിക്കുന്നത്. ഡീലർഷിപ്പുകൾക്ക് കൈമാറേണ്ട സ്പെയർ പാർട്സ് ട്രക്കുകളിൽ കയറ്റാൻ അത്യാധുനിക ഫോർക് ലിഫ്റ്റും സജ്ജീകരിച്ചിട്ടുണ്ട്. 57 ജീവനക്കാരെയാണു നിസ്സാൻ ഇന്ത്യ പുതിയ കേന്ദ്രത്തിൽ നിയോഗിച്ചിരിക്കുന്നത്.

പുതിയ കേന്ദ്രം തുറന്നതിനൊപ്പം സ്പെയർ പാർട്സുകൾക്കുള്ള ഓർഡറുകൾ സുഗമമായി കൈകാര്യം ചെയ്യാനുള്ള മൾട്ടി ഡിപ്പോ സോഫ്റ്റ്വെയർ സംവിധാനവും എൻ എം ഐ പി എൽ അവതരിപ്പിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.