Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിക്ക് ബസ് വാങ്ങാൻ കേന്ദ്ര ബജറ്റിൽ പണമില്ല

dtc-lowfloor

പൊതു ഗതാഗത മേഖല ശക്തിപ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ പദ്ധതിയെ കേന്ദ്ര സർക്കാർ അവഗണിച്ചെന്നു ഡൽഹി സർക്കാർ. പൊതുഗതാഗത മേഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് പുതിയ ബസ്സുകൾ വാങ്ങാനായി 4,000 കോടി രൂപയാണു ഡൽഹി സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ കേന്ദ്ര ബജറ്റ് ഈ ആവശ്യം പൂർണമായും നിരാകരിച്ചെന്നാണു പരാതി. രാജ്യതലസ്ഥാനത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ ബസ് വാങ്ങാൻ കേന്ദ്ര സർക്കാർ പണം അനുവദിച്ചില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പൊതു ഗതാഗത മേഖലയ്ക്കായി 4,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ഫണ്ട് വിനിയോഗിച്ച് 5,000 പുതിയ ബസ്സുകൾ നിരത്തിലിറക്കാനും ജനങ്ങളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കാനുമായിരുന്നു പദ്ധതി.

പരിസ്ഥിതി മലിനീകരണം കുറയ്ക്കാനായി ഒറ്റ, ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണു ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ പൊതുഗതാഗത സംവിധാനങ്ങൾ ശക്തമാക്കാൻ നടപടി തുടങ്ങിയത്. പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതോടെ ജനങ്ങൾ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതു കുറയ്ക്കുമെന്നും അങ്ങനെ പരിസ്ഥിതി മലിനീകരണം നിയന്ത്രണ വിധേയമാക്കാനാവുമെന്നുമാണു സർക്കാരിന്റെ പ്രതീക്ഷ. ഇതിനു പുറമെ ബസ്സുകൾക്കുള്ള എക്സൈസ് ഡ്യൂട്ടി നിരക്ക് കുറയ്ക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും ബജറ്റ് അവഗണിച്ചതായി സിസോദിയ കുറ്റപ്പെടുത്തുന്നു. പൂർണമായും നിർമിച്ച രീതിയിലുള്ള ബസ്സുകളുടെ എക്സൈസ് ഡ്യൂട്ടി നിലവിൽ 12.625% ആണ്; ഇതിൽ ഇളവ് അനുവദിച്ചു പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തണമെന്നായിരുന്നു ഡൽഹി സർക്കാരിന്റെ ആവശ്യം. എന്നാൽ ഇതിനോടും കേന്ദ്ര സർക്കാർ അനുഭാവ നിലപാട് സ്വീകരിച്ചില്ലെന്നു സിസോദിയ ആരോപിച്ചു.

Your Rating: