Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറിൽ എയർബാഗ് നിർബന്ധമാക്കില്ല

Takata Airbag

രാജ്യത്തു കാറുകളിൽ എയർബാഗ് നിർബന്ധമാക്കാൻ ഉദ്ദേശ്യമില്ലെന്നു കേന്ദ്ര സർക്കാർ. എങ്കിലും 2017 ഒക്ടോബർ മുതൽ വാഹനങ്ങൾ കൂട്ടിയിടിക്കുമ്പോൾ യാത്രക്കാരുടെ സുരക്ഷിതത്വം വർധിപ്പിക്കാൻ ലക്ഷ്യമിട്ടു നിയമഭേദഗതി നടപ്പാക്കുന്നുണ്ടെന്നും സർക്കാർ ലോക്സഭയെ അറിയിച്ചു. യാത്രാവാഹനങ്ങളിൽ എയർബാഗ് നിർബന്ധമാക്കാനുള്ള നിർദേശങ്ങളൊന്നും നിലവിൽ പരിഗണനയില്ലെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചതായി കേന്ദ്ര ഘന വ്യവസായ, പൊതു സംരംഭ മന്ത്രി ആനന്ദ് ഗീഥെയാണു ലോക്സഭയിൽ രേഖാമൂലം മറുപടി നൽകിയത്. എങ്കിലും മെച്ചപ്പെട്ട സുരക്ഷ ലക്ഷ്യമിട്ട് 1988ലെ കേന്ദ്ര മോട്ടോർ വാഹന ആക്ടിലും 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലും ചില ഭേദഗതി വരുത്താൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്. നേരിട്ടുള്ള കൂട്ടിയിടിയിൽ വാഹനങ്ങളിലുള്ള യാത്രക്കാർക്കു മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാനുള്ള ഈ പരിഷ്കാരങ്ങൾ 2017 ഒക്ടോബർ ഒന്നു മുതൽ പുതിയ മോഡൽ വാഹനങ്ങൾക്കും 2019 ഒക്ടോബർ ഒന്നു മുതൽ എല്ലാ മോഡലുകൾക്കും ബാധകമാവും.

കൂടാതെ പാർശ്വങ്ങളിൽ നിന്നുള്ള ആഘാതത്തിലും യാത്രികർക്കു കൂടുതൽ സുരക്ഷ ഉറപ്പാക്കാനുള്ള പരിഷ്കാരങ്ങളും 2017 ഒക്ടോബർ ഒന്നിനു പ്രാബല്യത്തിലെത്തും. നിലവിലുള്ള മോഡലുകളിൽ ഈ പരിഷ്കാരങ്ങൾ 2019 ഒക്ടോബർ മുതലാവും നടപ്പാവുക.കാൽനടയാത്രക്കാർക്കും മറ്റും കൂടുതൽ സുരക്ഷ ഉറപ്പാക്കാനും സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ പുതിയ മോഡലുകളിൽ 2018 ഒക്ടോബർ ഒന്നു മുതലും നിലവിലുള്ള മോഡലുകളിൽ രണ്ടു വർഷത്തിനു ശേഷവുമാകും നടപ്പാവുക. കാർ യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താൻ ചില നടപടികൾ ഘട്ടം ഘട്ടമായി സ്വീകരിച്ചിട്ടുണ്ടെന്നും ഗീഥെ വെളിപ്പെടുത്തി. സീറ്റ് ബെൽറ്റും സീറ്റ് ബെൽറ്റ് ആങ്കറേജുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ 2005 ഏപ്രിൽ മുതൽ പ്രാബല്യത്തിലുണ്ട്. ഇതനുസരിച്ചാണു കാറുകളിലെ മുൻ — പിൻ സീറ്റുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയത്. കഴിഞ്ഞ ഒക്ടോബർ മുതൽ ചൈൽഡ് റിസ്ട്രെയ്ന്റ് സംവിധാനവും നിർബന്ധമാക്കിയിട്ടുണ്ട്.

Your Rating: