Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയന്ത്രണം: ഡൽഹിയിൽ മലിനീകരണം കുറഞ്ഞതിനു തെളിവില്ല

ഒറ്റ, ഇരട്ട അക്ക റജിസ്ട്രേഷൻ അടിസ്ഥാനമാക്കി ഡൽഹി സർക്കാർ നടപ്പാക്കിയ വാഹന നിയന്ത്രണം മൂലം പരിസ്ഥിതി മലിനീകരണം കുറഞ്ഞെന്നതിനു തെളിവില്ലെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്(സി പി സി ബി). ഇതോടെ 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരത്തിൽ നിന്നു പിൻവലിക്കാൻ കഴിയില്ലേ എന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഡൽഹി സർക്കാരിനോട് ആരാഞ്ഞു. ഒറ്റ, ഇരട്ട അക്ക നിയന്ത്രണ പദ്ധതി നടപ്പായതു മൂലം വാഹനത്തിരക്ക് കുറഞ്ഞെന്നു തെളിയിക്കാൻ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നായിരുന്നു സി പി സി ബിയുടെ നിലപാട്. പർട്ടിക്കുലേറ്റ് മാറ്ററിന്റെ അളവിലെ വ്യതിയാനം കാലാവസ്ഥയിലെയും കാറ്റിന്റെ ദിശയിലെയും മാറ്റം മൂലമാവാമെന്നും ബോർഡ് ജസ്റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ ട്രൈബ്യൂണൽ ബെഞ്ചിനെ അറിയിച്ചു.

ഡൽഹിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പഠിക്കാൻ സി പി സി ബിയെയാണു ട്രൈബ്യൂണൽ നിയോഗിച്ചിരിക്കുന്നത്. പഠനം പുരോഗമിക്കുകയാണെന്നും മേയ് രണ്ടോടെ വാഹനങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണം സംബന്ധിച്ച വിശദ റിപ്പോർട്ട് സമർപ്പിക്കാമെന്നും ബോർഡ് അറിയിച്ചു. അതേസമയം ഒറ്റ — ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തെ ഊർജിതമായി പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന് 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളെ നിരത്തിൽ നിന്നു പിൻവലിക്കുന്ന കാര്യത്തിലും ഇതേ ആവേശം ആയിക്കൂടേ എന്നായിരുന്നു ട്രൈബ്യൂണലിന്റെ ചോദ്യം. ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും ബെഞ്ച് അഭ്യർഥിച്ചു.

ഒറ്റ — ഇരട്ട അക്ക വാഹന നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുമ്പോൾ ഡൽഹിയിലെ അന്തരീക്ഷ വായുവിന്റെ നിലവാരം സ്വതന്ത്രമായി പരിശോധിക്കണമെന്നായിരുന്നു കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ സി പി സി ബിക്കു ട്രൈബ്യൂണൽ നൽകിയ നിർദേശം. വായുവിന്റെ ഗുണനിലവാര പരിശോധനയ്ക്കുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നു ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയും ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്.

Your Rating: