Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ വില കുറയാത്തത് എന്തുകൊണ്ട്?

petrol-diesel-price-hike

ക്രൂഡ് ഓയിലിന്റെ വില നിരന്തരം കുറയുന്നതായുള്ള വാർത്തകൾ നാം മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ ഇന്ധന വില രാജ്യാന്തര വിലയ്ക്ക് അനുസരിച്ച് കുറയാത്തതെന്തു കൊണ്ട്? 2014 ജൂണിൽ ബാരലിന് 101 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ തുടര്‍ച്ചയായി ഇടിഞ്ഞ് 34.52 ഡോളറിൽ എത്തി നിൽക്കുന്നു. 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില! എന്നിട്ടും സാധാരണക്കാരന് അതിന്റെ എന്തെങ്കിലും മെച്ചം ലഭിക്കുന്നുണ്ടോ? ചില കണക്കുകള്‍ നോക്കാം.

ക്രൂഡ് ഓയിലിന്റെ വില ബാരലിലാണ് കണക്കാക്കുന്നത്. ഒരു ബാരൽ എന്നാൽ 159 ലിറ്റർ ഇപ്പോഴത്തെ വില ഡോളർ രൂപ വിനിമയ നിരക്ക് അനുസരിച്ച് ഒരു ബാരൽ എണ്ണയ്ക്ക് 34.52 ഡോളർ. അതായത് ഇപ്പോഴത്തെ വിനിമയനിരക്ക് നോക്കിയാൽ 2312.84 രൂപ. അങ്ങനെയായാൽ ഒരു ലിറ്റർ അസംകൃത എണ്ണയ്ക്ക് 2312.84/159=14.54 രൂപ. ഒരു ബാരൽ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചാൽ അതിൽ നിന്നു ലഭിക്കുന്നതിൽ 47 ശതമാനം പെട്രോളും 23 ശതമാനം ഡീസലുമാണ്. ജെറ്റ് ഫ്യുവൽ, ടാർ, എൽപിജി തുടങ്ങിയവയാണ് ബാക്കി ലഭിക്കുന്നത്.

opec-oil-production

ലോകത്തെ ഏറ്റവും കുറഞ്ഞ ശുദ്ധീകരണ ചെലവുള്ള രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര വിപണിയിൽ‌ വില കുറഞ്ഞതിന്റെ മുറയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കൂട്ടിയ നികുതി ഇരട്ടിയിൽ അധികമാണ്. ഉദാഹരണത്തിന് പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 9.48 ആയിരുന്നത് ഇപ്പോള്‍ 19.06 രൂപയായും ഡീസലിന്‍റേത് ലിറ്ററിന് 3.65 രൂപയായിരുന്നത് ഇപ്പോള്‍ 10.66 രൂപയുമായാണ് കൂട്ടിയത്. വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ യഥാക്രമം 2.26, 1.43 രൂപ വീതമാണ്.

ഇനി കേരളത്തിലെ നികുതി നോക്കുകയാണെങ്കിൽ ഡീസലിന്റെ കേരളത്തിലെ നികുതി നിരക്ക് 27.39 ശതമാനവും പെട്രോളിന് 34.26 ശതമാനവുമാണ്. കഴിഞ്ഞ ദിവസം പെട്രോള്‍, ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ നേരിയ കുറവ് വരുത്തിയതിന് പിന്നാലെ സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 1.17 രൂപയുമാണ് തീരുവ വര്‍ധിപ്പിച്ചത്. ഇതിലൂടെ സര്‍ക്കാരിന് ലഭിക്കുക 2,500 കോടിയുടെ അധികവരുമാനമാണ്. എന്താണ് ജനങ്ങള്‍ക്ക് ലഭിച്ചത് ?

പെട്രോളും ഡീസലും കേവലം ഉപഭോഗവസ്തുക്കളല്ല. മറിച്ച് മറ്റ് ഒട്ടനവധി അവശ്യ വസ്തുക്കളുടെ വില നിർണ്ണയിക്കുന്നതിൽ നിർണായകമാവുന്ന ഘടകങ്ങളാണ്. രാജ്യാന്തര വില ഇത്ര കുറവായിട്ടും അതിന്റെ ഒരു പ്രയോജനവും ജനങ്ങൾക്ക് ലഭിക്കുന്നില്ല. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടുമ്പോൾ ഇന്ധന വില കുറച്ച് അതു നിയന്ത്രിക്കാൻ സാധിക്കുമെന്നിരിക്കെ അതു ചെയ്യാതെ തീരുവ കൂട്ടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയല്ലേ ?

പാർലമെന്റിൽ ഇൗ വിഷയം ഒരു ജനപ്രതിനിധി പോലും ഉയർത്തി കണ്ടില്ല. ജനങ്ങളുടെ ബുദ്ധിമുട്ടിന് ഒരു പരിധി വരെ പരിഹാരം കാണാനാവുന്ന ഒരു മാർഗം മുന്നിലുണ്ടായിട്ടും നിഷ്ക്രിയരായിരിക്കുകയാണ് നമ്മുടെ ഭരണാധികാരികൾ.