Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിയറ്റുമായി സഹകരണത്തിനില്ലെന്ന് ഒപെൽ

Opel CEO Karl-Thomas Neumann Opel CEO Karl-Thomas Neumann

ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള സാധ്യത ജർമൻ വാഹന നിർമാതാക്കളായ ഒപെൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കാൾ തോംസൺ ന്യൂമാൻ തള്ളി. പക്ഷേ വാഹന വ്യവസായം പുരോഗമിക്കണമെങ്കിൽ ജനറൽ മോട്ടോഴ്സി(ജി എം)ന്റെ ഉപസ്ഥാപനമായ ഒപെലിലടക്കം വിൽപ്പന വർധിക്കുകയും ഉൽപ്പാദനശേഷി വിനിയോഗം ഉയരുകയും വേണമെന്ന് അദ്ദേഹം വിലയിരുത്തി. സഹകരിച്ചുള്ള പ്രവർത്തനത്തിനുള്ള സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിയറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സെർജിയൊ മാർക്കിയോണി, ജനറൽ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മേരി ബാരയ്ക്ക് അയച്ച ഇ മെയിലിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ വാഹന വ്യവസായം സംബന്ധിച്ചു മാർക്കിയോണിയുടെ വിലയിരുത്തൽ തത്വത്തിൽ ശരിയാണെന്നു ന്യൂമാൻ അംഗീകരിച്ചു. ഒരേ സാധനം 10 പേർ 10 തവണ വികസിപ്പിക്കുന്നതാണു വാഹന വ്യവസായ മേഖലയിലെ പതിവ്.

കിലോമീറ്ററിന് 95 ഗ്രാം കാർബൺ ഡയോക്സൈഡ് എന്ന നിലവാരത്തിലേക്കു പരിസര മലിനീകരണം കുറയ്ക്കണമെങ്കിൽ യൂറോപ്യൻ കാർ നിർമാതാക്കൾ ഏറെക്കുറെ സമാനമായ എൻജിനുകൾ വികസിപ്പിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. അടുത്ത തലമുറയിൽപെട്ട ചെറു എൻജിനുകൾ സംയുക്തമായി വികസിപ്പിക്കുന്നത് ഉൽപ്പാദന ചെലവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നായിരുന്നു മാർക്കിയോണിയുടെ വിലയിരുത്തൽ.

വിൽപ്പന വർധിപ്പിക്കാനും വളർച്ചയ്ക്കുമായി ഫ്രഞ്ച് കമ്പനിയായ പ്യുഷൊ പി എസ് എയുമായി സഖ്യത്തിലേർപ്പെട്ടതു ഗുരുതര പിഴവായി പോയെന്നും ന്യൂമാൻ അംഗീകരിച്ചു. ഈ ലക്ഷ്യം കൈവരിക്കാൻ ജനറൽ മോട്ടോഴ്സിലെ തന്നെ സാധ്യതകളായിരുന്നു ആദ്യം പരിഗണിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ നിലപാടിൽ ഉറച്ചു നിൽക്കുന്ന ന്യൂമാൻ, പ്യുഷൊയുമായുള്ള സഹകരണം പരിമിതപ്പെടുത്താനും നടപടിയെടുത്തിട്ടുണ്ട്. പകരം മാതൃസ്ഥാപനമായ ജനറൽ മോട്ടോഴ്സിന്റെ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാനാണ് ഒപെലിന്റെ പുതിയ പദ്ധതി.