Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനക്ഷമതയിൽ കൃത്രിമം: സുസുകിയുടെ കാരണവർ സ്ഥാനമൊഴിയുന്നു

osamu-suzuki-09-06 ഒസാമു സുസുകി

ടോക്കിയോ (ജപ്പാൻ) ∙ പ്രശസ്ത വാഹന  നിർമാണ കമ്പനിയായ സുസുകി മോട്ടോർ കോർപറേഷന്റെ ചീഫ് എക്സിക്യൂട്ടീവും ചെയർമാനുമായ ഒസാമു സുസുകി ചെയർമാൻ പദവി ഒഴിയുന്നു. കാറുകളുടെ ഇന്ധനക്ഷമത ശരിയായ അംഗീകൃത പരിശോധനാ മാർഗങ്ങളിലൂടെയല്ല നിർണയിച്ചിരുന്നതെന്നു മേയിൽ കമ്പനിതന്നെ വെളിപ്പെടുത്തിയതിനെ തുടർന്നുള്ള വിവാദങ്ങളാണ് ചെയർമാന്റെ രാജിയിൽ കലാശിച്ചത്. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഒസാമു ഹോണ്ടയും പടിയിറങ്ങും. ഈ തീരുമാനങ്ങൾ 29 ന് പ്രാബല്യത്തിൽ വരും.

ജപ്പാനിൽ വിറ്റ 21.4 ലക്ഷം കാറുകളുടെ കാര്യത്തിലാണു കമ്പനിയിൽ കൃത്രിമം നടന്നത്. കാറുകളുടെ ഇന്ധനക്ഷമത പരിശോധിക്കുന്നതിനു പകരം, ഫാക്ടറിക്കുള്ളിൽ വാഹന ഘടകങ്ങളുടെ പരിശോധനയിൽ ലഭിക്കുന്ന ഇന്ധനക്ഷമത കാറുകളുടെ ഇന്ധനക്ഷമതയായി പ്രചരിപ്പിച്ചിരുന്നു എന്നാണ് കഴിഞ്ഞ മാസം കമ്പനി പറ​ഞ്ഞത്.

കമ്പനിയുടെ 14 മോഡലുകൾക്കും കമ്പനി നിർമിച്ച് മറ്റു കമ്പനികളുടെ പേരിൽ വിറ്റ 12 മോഡലുകൾക്കും ഈ രീതിയാണ് 2010 മുതൽ നടത്തിയതെന്നും 2008 ലെ മാന്ദ്യംമൂലം ശരിയായ പരിശോധന നടത്താനുള്ള സാമ്പത്തിക ശേഷി കുറഞ്ഞതാണ് കാരണമെന്നും കമ്പനി പറഞ്ഞു. കൂടുതൽ മോ‍‍ഡലുകൾ അവതരിപ്പിക്കാനും നിർമിക്കാനുമുള്ള സമ്മർദവും കാരണമായി.

തെറ്റായ നടപടികൾക്കു മാപ്പ് ചോദിച്ച സുസുകി മാനേജ്മെന്റ് അച്ചടക്ക നടപടിയുടെ ഭാഗമായി ബോണസും ശമ്പളവും വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഡയറക്ടർമാർക്ക് ഇത്തവണ ബോണസ് കിട്ടില്ല. സീനിയർ മാനേജിങ് ഓഫിസർമാർക്ക് പകുതി ബോണസ് നൽകിയാൽ മതിയെന്നും തീരുമാനിച്ചു.

എൺപത്താറുകാരനായ ഒസാമു സുസുകി 1978 മുതൽ സുസുകിയുടെ തലപ്പത്തുണ്ട്. ഇത്ര നീണ്ട കാലമായി ഉന്നത പദവിയിലുള്ളവർ വാഹന വ്യവസായരംഗത്തു വേറെയില്ല. പ്രസിഡന്റ് പദവി കഴിഞ്ഞവർഷമാണ് അദ്ദേഹം മകൻ തൊഷിഹിറോ സുസുകിക്കു കൈമാറിയത്.

അടുത്ത ആറു മാസത്തേക്ക് ചെയർമാന്റെ ശമ്പളത്തിൽ 40%, പ്രസിഡന്റിന്റെ ശമ്പളത്തിൽ 30% എന്നിങ്ങനെ കുറവുണ്ടാകും. വൈസ് ചെയർമാന്റെ ശമ്പളം 25%, പുറത്തുനിന്നുള്ള ഡയറക്ടർമാരുടേത് 10% എന്നിങ്ങനെയും ഉന്നത ഉദ്യോഗസ്ഥരുടേത് ഗ്രേഡ് അനുസരിച്ച് 20%, 10% എന്നിങ്ങനെയും വെട്ടിക്കുറയ്ക്കും.

ജപ്പാന് പുറത്തു വിറ്റ വാഹനങ്ങളുടെ ഇന്ധനക്ഷമതാ പരിശോധനയിൽ ക്രമക്കേട് നടന്നിട്ടില്ലെന്നു കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ഉപ സ്ഥാപനമായ മാരുതി സുസുകിയുടെ കാറുകളിൽ ഇന്ത്യയിലെ പരിശോധനാ ചട്ടങ്ങളനുസരിച്ചാണ് മൈലേജ് നിർണയമെന്നും വ്യക്തമാക്കി. കഴിഞ്ഞയാഴ്ച സർക്കാരിന്റെ അന്വേഷണ സംഘം സുസുകിയുടെ ആസ്ഥാനത്ത് പരിശോധന നടത്തിയിരുന്നു.

മറ്റൊരു ജാപ്പനീസ് കമ്പനിയായ മിത്‌സുബിഷി സമാനമായ വെളിപ്പെടുത്തൽ ഈയിടെ നടത്തിയിരുന്നു. കടുത്ത പ്രതിസന്ധിയിലായ മിത്‌സുബിഷിയെ ഏറ്റെടുക്കാൻ നിസ്സാൻ രംഗത്തെത്തുകയും ചെയ്തു.

ജപ്പാനിലെ ‘തകാത്ത’ കമ്പനി നിർ‌മിച്ച എയർ ബാഗുകൾ അപകടമുണ്ടാക്കിയതിനെത്തുടർന്ന് ലോകമെമ്പാടുമായി ലക്ഷക്കണക്കിന് കാറുകൾ തിരികെ വിളിക്കേണ്ടി വന്നതിനും ജർമൻ കമ്പനിയായ ഫോക്സ്‌വാഗൻ മലനീകരണം കുറച്ചു കാട്ടുന്ന സോഫ്റ്റ്‌വെയർ ഡീസൽ എൻജിനുകളിൽ ഉപയോഗിച്ചെന്ന വെളിപ്പെടുത്തൽ ആഗോള വാഹന വ്യവസായത്തെയാകെ പിടിച്ചുലച്ചതിനും പിന്നാലെയാണ് ജാപ്പനീസ് കാർ നിർമാതാക്കൾ മൈലേജ് കണക്കിൽ കൃത്രിമം കാട്ടിയെന്ന വെളിപ്പെടുത്തൽ.‌

Your Rating: