Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പന: മഹീന്ദ്രയുമായി ധാരണയായില്ലെന്നു പിനിൻഫരിന സി ഇ ഒ

Pininfarina

സ്ഥാപന വിൽപ്പന സംബന്ധിച്ച് ഇന്ത്യൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുമായി ധാരണയൊന്നുമായില്ലെന്ന് ഇറ്റലിയിലെ പ്രശസ്ത ഓട്ടോ ഡിസൈൻ, എൻജിനീറിങ് കമ്പനിയായ പിനിൻഫരിന എസ് പി എ. പിനിൻഫരിനയെ ഏറ്റെടുക്കാൻ എം ആൻഡ് എം താൽപര്യം കാട്ടിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ധാരണയായിട്ടില്ലെന്നു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(സി ഇ ഒ) സിൽവിയൊ അൻഗൊരി ഓഹരി ഉടമകളെ അറിയിച്ചു.

പിനിൻഫരിന ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിനു മുന്നോടിയായി ഔപചാരിക വാഗ്ദാനം മുന്നോട്ടു വയ്ക്കാൻ എം ആൻഡ് എം ശ്രമിക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചനകൾ. പോരെങ്കിൽ പിനിൻഫരിനയുടെ പുതിയ സഖ്യത്തെക്കുറിച്ചുള്ള വാർത്തകൾ വൈകില്ലെന്നു കമ്പനി ചെയർമാൻ പൗളോ പിനിൻഫരിനയും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഫെരാരിയുടെ ‘ടെസ്റ്ററോസ’ പോലുള്ള വിഖ്യാത മോഡലുകളുടെ രൂപകൽപ്പന നിർവഹിച്ച പിനിൻഫരിനയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ മഹീന്ദ്ര കാത്തിരിക്കേണ്ടി വരുമെന്നാണ് അൻഗൊരിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.

ടൂറിൻ ആസ്ഥാനമായ പിനിൻഫരിനയെ സ്വന്തമാക്കാൻ മോഹിച്ചു പലരും രംഗത്തുണ്ടെങ്കിലും കമ്പനിയുടെ ഉടമസ്ഥാവകാശമുള്ള കുടുംബത്തിനു മഹീന്ദ്രയോടാണു പ്രതിപത്തിയെന്നു നേരത്ത വാർത്തയുണ്ടായിരുന്നു. പിനിൻഫരിനയ്ക്കു വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങൾക്കും മഹീന്ദ്ര കമ്പനി ഏറ്റെടുക്കുന്നതിനോടാണു താൽപര്യം. വാഹന വ്യവസായ മേഖലയിൽ മികച്ച പ്രവർത്തന പാരമ്പര്യമുള്ള മഹീന്ദ്ര ഉടമസ്ഥരാവുന്നതോടെ പിനിൻഫരിനയ്ക്കു കൂടുതൽ സ്ഥിരത കൈവരിക്കാനാവുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.

എട്ടര ദശാബ്ദം മുമ്പ് 1930ൽ സ്ഥാപിതമായ പിനിൻഫരിനയുടെ രൂപകൽപ്പനാ മികവിലാണ് അൻപതുകളിലെ ഇതിഹാസ മോഡലുകളായ ‘ഫെരാരി 250 ജി ടി’യും ആൽഫ റോമിയൊ ‘ഗ്വിലെറഅറ സ്പൈഡറു’മൊക്കെ പിറവിയെടുത്തത്.

കൂടാതെ റോൾസ് റോയ്സ് ‘കമാർഗ്’, കാഡിലാക് ‘അലന്റെ’, മസെരാട്ടി ‘ക്വാർട്രോപോർട്ടെ’ തുടങ്ങിയ സാക്ഷാത്കരിച്ചതും പിനിൻഫരിനയാണ്. അതുകൊണ്ടുതന്നെ പിനിൻഫരിന ഏറ്റെടുക്കുന്നത് മഹീന്ദ്രയുടെ മാത്രമല്ല കൊറിയൻ ഉപസ്ഥാപനമായ സാങ്യങ്ങിന്റെയും വാഹന രൂപകൽപ്പനയെ ഏറെ സഹായിക്കുമെന്നാണു പ്രതീക്ഷ.

കഴിഞ്ഞ 11 വർഷത്തിനിടെ പത്തിലും ട്യൂറിൻ ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം നഷ്ടത്തിലാണു കലാശിച്ചത്. കടം പെരുകിയതും മറ്റു കമ്പനികൾക്കായി കാറുകൾ നിർമിക്കാനുള്ള പ്രത്യേക വിഭാഗം മൂന്നു വർഷം മുമ്പു പ്രവർത്തനം അവസാനിപ്പിച്ചതുമാണു പിനിൻഫരിനയ്ക്കു തിരിച്ചടിയായത്.

തുടർച്ചയായി മാന്ദ്യം അഭിമുഖീകരിക്കുന്ന ഇറ്റലിയിൽ നിന്നു വിദേശ ഉടമസ്ഥതയിലേക്കു നീങ്ങുന്ന കമ്പനികളുടെ പരമ്പരയിലെ പുതിയ കണ്ണിയാവുകയാണു പിനിൻഫരിന. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ വികസനത്തിൽ മുമ്പ് മഹീന്ദ്രയുമായി പിനിൻഫരിന സഹകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച വൈദ്യുത കാർ കൺസപ്റ്റായി ‘ഹാലോ’യുടെ രൂപകൽപ്പനയിൽ പിനിൻഫരിന പങ്കാളിയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.