Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിനിൻഫരിന സ്വന്തമാക്കാനുള്ള ശ്രമം തുടരാൻ മഹീന്ദ്ര

Mahindra

സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിലും പ്രശസ്ത ഇറ്റാലിയൻ ഓട്ടോ ഡിസൈൻ, എൻജിനീറിങ് കമ്പനിയായ പിനിൻഫരിന എസ് പി എയെ സ്വന്തമാക്കാൻ ഇന്ത്യൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) നീക്കം തുടരുമെന്നു റിപ്പോർട്ടുകൾ. പിനിൻഫാരിനയിലെ പ്രധാന നിക്ഷേപകനും കമ്പനിക്കു വായ്പ നൽകിയ ചില ബാങ്കുകളുമാണത്രെ കൈമാറ്റം വിജയിപ്പിക്കാനുള്ള ശ്രമത്തിനു പിന്നിൽ.

ജൂലൈ അവസാനിക്കുംമുമ്പ് ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച പ്രാഥമിക ധാരണയെങ്കിലും തയാറാക്കാനുള്ള ശ്രമങ്ങളാണു പുരോഗമിക്കുന്നത്. ഏപ്രിൽ 29നു ചേർന്ന് ഓഹരി ഉടമകളുടെ യോഗത്തിനു മുമ്പ് ഉടമസ്ഥാവകാശ കൈമാറ്റ കാര്യത്തിൽ മഹീന്ദ്രയുമായി ധാരണയിലെത്താൻ പിനിൻഫരിന നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു.

പിനിൻഫരിന സ്വന്തമാക്കാനായി ഓഹരി വില പോലുള്ള പ്രധാന വിഷയങ്ങളിൽ പോലും വിട്ടുവീഴ്ച ചെയ്യാൻ മഹീന്ദ്ര സന്നദ്ധമാവുമെന്ന അഭ്യൂഹവും ശക്തമാണ്.

പുതിയ നീക്കങ്ങളെപ്പറ്റി മഹീന്ദ്ര ആൻഡ് മഹീന്ദ്രയോ പിനിൻഫരിനയോ പ്രതികരിച്ചിട്ടില്ല. പിനിൻഫരിനയ്ക്കു വായ്പ നൽകിയ ബാങ്കുകളിൽ പ്രമുഖരായ യൂണി ക്രെഡിറ്റും ഇന്റെസ സാൻപോളോയും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ പുതിയ ഉടമകളെ കണ്ടെത്താൻ പിനിൻഫരിനയ്ക്ക് അധികം സമയം അവശേഷിക്കുന്നില്ല എന്നതാണു കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ പാദത്തിലെ പ്രവർത്തന നഷ്ടം മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് ഇരട്ടിയോളമായി ഉയർന്നു. വായ്പ നൽകിയ സ്ഥാപനങ്ങൾ നിർണയിച്ചു നൽകിയ വരുമാനം സ്വന്തമാക്കാൻ വഴി കാണുന്നില്ലെന്നു കഴിഞ്ഞ മേയിൽ തന്നെ പിനിൻഫരിന വ്യക്തമാക്കിയിരുന്നു.

വരുമാനലക്ഷ്യം കൈവരിക്കാതെ വരുന്നതോടെ വായ്പ തിരിച്ചടയ്ക്കാൻ ബാങ്കുകൾ പിനിൻഫരിനയിൽ സമ്മർദം ചെലുത്താനും സാധ്യതയേറെയാണ്; 10.2 കോടി യൂറോ(ഏകദേശം 718 കോടി രൂപ)യാണു കമ്പനിയുടെ കടബാധ്യത. അതേസമയം കമ്പനി പൂട്ടിക്കാതെ പ്രവർത്തനം തുടർന്നു പോകാനുള്ള മാർഗങ്ങൾക്കാവും ബാങ്കുകൾ മുൻഗണന നൽകുകയെന്നു കരുതുന്നവരുമേറെയുണ്ട്.

കമ്പനിയുടെ വായ്പകൾ പുനഃക്രമീകരിച്ച് പിനിൻഫരിനയ്ക്ക് ആയുസ് നീട്ടി നൽകുകയാണു ബാങ്കുകൾക്കു മുന്നിലുള്ള മറ്റൊരു മാർഗം. 2012ൽ പിനിൻഫരിന നടപ്പാക്കിയ പുനഃക്രമീകരണ കരാറിന്റെ കാലാവധി 2018ൽ അവസാനിക്കും.

ഫെരാരിയുടെ ‘ടെസ്റ്ററോസ’ പോലുള്ള വിഖ്യാത മോഡലുകളുടെ രൂപകൽപ്പന നിർവഹിച്ച പിനിൻഫരിനയെ സ്വന്തമാക്കാൻ മഹീന്ദ്ര നടത്തുന്ന നീക്കം, കമ്പനിക്കു കടം കൊടുത്ത ബാങ്കുകളുടെ ശക്തമായ എതിർപ്പ് മൂലം പരാജയത്തിലേക്കു നീങ്ങുകയാണെന്നു പ്രമുഖ ഇറ്റാലിയൻ പത്രമായ ഇൽ മെസ്സാജിറൊ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പിനിൻഫരിനയുടെ കടബാധ്യതയായ 8.7 കോടി യൂറോ(ഏകദേശം 616 കോടിയോളം രൂപ)യിൽ പകുതിയോളം ഏഴുതിത്തള്ളണമെന്ന മഹീന്ദ്രയുടെ ആവശ്യമാണത്രെ ബാങ്കുകളുടെ എതിർപ്പിനു വഴിവച്ചത്.

എട്ടര ദശാബ്ദം മുമ്പ് 1930ൽ സ്ഥാപിതമായ പിനിൻഫരിനയുടെ രൂപകൽപ്പനാ മികവിലാണ് അൻപതുകളിലെ ഇതിഹാസ മോഡലുകളായ ‘ഫെരാരി 250 ജി ടി’യും ആൽഫ റോമിയൊ ‘ഗ്വിലെറഅറ സ്പൈഡറു’മൊക്കെ പിറവിയെടുത്തത്. കൂടാതെ റോൾസ് റോയ്സ് ‘കമാർഗ്’, കാഡിലാക് ‘അലന്റെ’, മസെരാട്ടി ‘ക്വാർട്രോപോർട്ടെ’ തുടങ്ങിയ സാക്ഷാത്കരിച്ചതും പിനിൻഫരിനയാണ്.

കഴിഞ്ഞ 11 വർഷത്തിനിടെ പത്തിലും ട്യൂറിൻ ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം നഷ്ടത്തിലാണു കലാശിച്ചത്. കടം പെരുകിയതും മറ്റു കമ്പനികൾക്കായി കാറുകൾ നിർമിക്കാനുള്ള പ്രത്യേക വിഭാഗം മൂന്നു വർഷം മുമ്പു പ്രവർത്തനം അവസാനിപ്പിച്ചതുമാണു പിനിൻഫരിനയ്ക്കു തിരിച്ചടിയായത്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.