Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പുകമറ വിവാദ'ത്തിൽപെട്ടു വിലയിടിഞ്ഞു പ്ലാറ്റിനവും

volkswagen-logo

ജർമൻ കാർ നിർമാതാക്കളായ ഫോക്സ്​വാഗൻ എ ജി സൃഷ്ടിച്ച ‘പുകമറ വിവാദം’ പ്ലാറ്റിനത്തിനു തിരിച്ചടിയാവുന്നു. പ്ലാറ്റിനത്തിന്റെ വില കഴിഞ്ഞ ഏഴു വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിച്ചതിൽ ഫോക്സ്​വാഗനും നിർണായക പങ്കുണ്ടെന്നാണു വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച 10 ഗ്രാം പ്ലാറ്റിനത്തിന് 25,000 രൂപയായിരുന്നു വില; പൊതുവേ തിളക്കം മങ്ങി നിൽക്കുന്ന സ്വർണത്തിന് 10 ഗ്രാമിന് 26,580 രൂപ വിലയുള്ളപ്പോഴായിരുന്നു പ്ലാറ്റിനത്തിന്റെ ഈ തകർച്ച എന്നതും ശ്രദ്ധേയമാണ്.

ഡീസൽ എൻജിനുള്ള കാറുകളിൽ ഓട്ടോകാറ്റലിക് കൺവർട്ടറിൽ പ്ലാറ്റിനം ഉപയോഗിക്കുന്നുണ്ട്. എന്നാൽ യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധനകളെ മറികടക്കാൻ 1.10 കോടിയോളം വാഹനങ്ങളിലെ സോഫ്റ്റ്​വെയറിൽ കൃത്രിമം കാട്ടിയെന്നു ഫോക്സ്​വാഗൻ കുമ്പസാരം നടത്തിയതോടെ പൊതുവേ ഡീസൽ കാറുകളോടുള്ള പ്രിയം ആഗോളതലത്തിൽതന്നെ കുറഞ്ഞിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ആവശ്യം ഇടിഞ്ഞതോടെ പ്രതിസന്ധിയിലായ പ്ലാറ്റിനം വിലയിൽ ഫോക്സ്​വാഗന്റെ ‘പുകമറ വിവാദം’ കൂടുതൽ തിരിച്ചടി സൃഷ്ടിച്ചു.

സെപ്റ്റംബർ മൂന്നാം വാരത്തിൽ ഫോക്സ്​വാഗന്റെ ‘പുകമറ വിവാദം’ പുറത്തെത്തിയതു മുതൽ പ്ലാറ്റിനത്തിന്റെ വില സമ്മർദം നേരിടുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാജ്യാന്തര വിപണിയിൽ പ്ലാറ്റിനം വില ഔൺസിന്(28.35 ഗ്രാം) 900 ഡോളറിനു താഴെയെത്തി; പ്ലാറ്റിനത്തെ സംബന്ധിച്ചിടത്തോളം ഏഴു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലനിലവാരമാണിത്.

സമീപഭാവിയിൽ പ്ലാറ്റിനം വില തിരിച്ചുകയറാനുള്ള സാധ്യതകളും വിദഗ്ധർ കാണുന്നില്ല. പൊതുവേ ഡീസൽ കാറുകളോടു പ്രതിപത്തി കാട്ടിയിരുന്ന യൂറോപ്യൻ വിപണികളുടെ മനംമാറ്റമാണു പ്ലാറ്റിനത്തിനു തിരിച്ചടി സൃഷ്ടിക്കുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പും പെട്രോൾ കാറുകൾക്കു പിന്നാലെ പോകുമെന്നാണു പ്രതീക്ഷ.

പരമ്പരാഗതമായി ഡീസൽ കാറുകളെ ഇഷ്ടപ്പെടുന്ന യൂറോപ്പ് പെട്രോൾ എൻജിനുകൾക്കു പിന്നാലെ പോകുമെന്ന സൂചന ശക്തമായതോടെ പലേഡിയത്തിന്റെ വില ഉയർന്നു തുടങ്ങി എന്നതും ശ്രദ്ധേയമാണ്. പലേഡിയം നില മെച്ചപ്പെടുത്തിയത് അടുത്തൊന്നും പ്ലാറ്റിനം തിരിച്ചെത്തില്ല എന്നതിന്റെ വ്യക്തമായ സൂചനയുമാണത്രെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.