Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില കുറച്ച്, എ ടി വി വിൽപ്പന കൂട്ടാൻ പൊളാരിസ്

polaris-rzr-1000 Polaris RZR 1000

ഇന്ത്യയിൽ ഓൾ ടെറെയ്ൻ വാഹന(എ ടി വി) വിൽപ്പന ഇരട്ടിയായി ഉയർത്താനാവുമെന്നു യു എസ് നിർമാതാക്കളായ പൊളാരിസ്. വിദേശ നിർമിത കിറ്റുകൾ ഇന്ത്യയിലെത്തിച്ചു സംയോജിപ്പിക്കുന്ന ‘സി കെ ഡി’ വ്യവസ്ഥയിൽ നിർമാണം ആരംഭിച്ചു വിൽപ്പനയിൽ വൻ വിൽപ്പന കൈവരിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു പൊളാരിസ് ഇന്ത്യ മാനേജിങ് ഡയറക്ടർ പങ്കജ് ദൂബെ അറിയിച്ചു. ചൈനീസ് എ ടി വി നിർമാതാക്കളായ ഹാമർ ഹെഡിനെ പൊളാരിസ് അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ഇതോടെ ചൈനീസ് കിറ്റുകൾ ഇന്ത്യയിലെത്തിച്ചു സംയോജിപ്പിച്ച് ഈ ശ്രേണിയിലെ എ ടി വികൾ വിൽപ്പനയ്ക്കെത്തിക്കാനും പൊളാരിസ് ആലോചിക്കുന്നുണ്ട്. ഇത്തരത്തിൽ വിൽപ്പനയ്ക്കെത്തുന്ന എ ടി വികളുടെ വില നിലവിലുള്ളതിന്റെ പകുതിയോളം മാത്രമാവുമെന്നതാണു കമ്പനി കാണുന്ന ആകർഷണം.

യു എസിൽ നിന്ന് സി ബി യു വ്യവസ്ഥയിൽ ഇറക്കുമതി ചെയ്യുന്നതിനാൽ പൊളാരിസ് ഇന്ത്യ ഇപ്പോൾ വിൽപ്പനയ്ക്കെത്തിക്കുന്ന എ ടി വികൾക്ക് 5.50 മുതൽ 30 ലക്ഷം രൂപ വരെയാണു വില. എന്നാൽ ഹാമർ ഹെഡ് ശ്രേണിയിലെ എ ടി വികൾ 2.85 ലക്ഷം രൂപയ്ക്കു ലഭ്യമാക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.വിലയ്ക്ക് ഏറെ പ്രാധാന്യമുള്ള വിപണിയാണ് ഇന്ത്യ. ഇറക്കുമതി ചുങ്കം കുറവായതിനാൽ സി കെ ഡി രീതിയിൽ നിർമാണം ആരംഭിച്ച് കുറഞ്ഞ വിലയ്ക്ക് എ ടി വി വിൽക്കാനാണു പൊളാരിസിന്റെ തീരുമാനമെന്ന് പങ്കജ് ദൂബെ വിശദീകരിച്ചു. കമ്പനിയുടെ വെയർഹൗസ് പ്രവർത്തിക്കുന്ന ഫരീദബാദിൽ തന്നെയാണു പൊളാരിസ് ഇന്ത്യ കിറ്റുകൾ സംയോജിപ്പിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിൽ തികച്ചും ശൈശവദശയിലുള്ള എ ടി വി വ്യവസായത്തിൽ അപൂർവം നിർമാതാക്കളാണു നിലവിൽ രംഗത്തുള്ളത്. സംഘടിത മേഖലയിലെ നിർമാതാക്കളിൽ 20% വിപണി വിഹിതവുമായി പൊളാരിസിനാണ് ഒന്നാം സ്ഥാനം. എ ടി വികൾ ഇറക്കുമതി ചെയ്തു വിൽക്കുന്ന കമ്പനികളാണു പൊളാരിസിന്റെ പ്രധാന എതിരാളികൾ. അടുത്തയിടെ ജാപ്പനീസ് നിർമാതാക്കളായ സുസുക്കി കോർപറേഷനും ഇന്ത്യയിൽ എ ടി വി വിൽപ്പന ആരംഭിച്ചിട്ടുണ്ട്.

നിലവിൽ പ്രതിവർഷം 1,200 എ ടി വികളാണ് ഇന്ത്യയിലെ വിൽപ്പന. എന്നാൽ ഹോണ്ടയും യമഹയും പോലെ ആഗോളതലത്തിലുള്ള എതിരാളികൾ കൂടി ഇന്ത്യയിലെത്തുന്നതോടെ രണ്ടു കൊല്ലത്തിനകം വാർഷിക വിൽപ്പന 6,000 — 7,000 യൂണിറ്റോളമായി ഉയരുമെന്നാണു ദൂബെയുടെ പ്രതീക്ഷ. പൊലീസിനും അർധസൈനിക വിഭാഗങ്ങൾക്കും പാരാ മിലിട്ടറി സേനകൾക്കും എക്സ്പീരിയൻസ് സോൺ നടത്തിപ്പുകാർക്കുമൊക്കെയാണു നിലവിൽ പൊളാരിസ് എ ടി വി വിൽക്കുന്നത്. 2013 മുതൽ പൊളാരിസിന്റെ വിൽപ്പനയിൽ 20 ശതമാനത്തോളം സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ളതാണ്. അതിർത്തി രക്ഷാ സേനയും ആറോളം സംസ്ഥാനങ്ങളിലെ പൊലീസും നിലവിൽ പൊളാരിസ് എ ടി വി ഉപയോഗിക്കുന്നുണ്ട്.
 

Your Rating: