Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സ്പോർട്സ് കാർ ഇന്ത്യയിൽ ഒരെണ്ണം മാത്രം

porsche-911-r Porsche 911 R

പ്രകടനക്ഷമതയേറിയ ‘911 ആറി’ന്റെ പരിമിതകാല പതിപ്പിൽപെട്ട സ്പോർട്സ് കാർ ഇന്ത്യയിലെ ആദ്യ ഉടമസ്ഥനു കൈമാറിയതായി ജർമൻ നിർമാതാക്കളായ പോർഷെ. ആഗോളതലത്തിൽ തന്നെ ഇത്തരത്തിലുള്ള 991 കാറുകൾ മാത്രമാവും പോർഷെ വിൽപ്പനയ്ക്കെത്തിക്കുക. ബെംഗളൂരു നിവാസിക്കായി ഇറക്കുമതി ചെയ്ത കാറിന്റെ ഇന്ത്യയിലെ വില എത്രയാണെന്നു പോർഷെ വ്യക്തമാക്കിയിട്ടില്ല; എങ്കിലും നികുതികൾക്കു മുമ്പ് മൂന്നു കോടിയോളം രൂപയാവും ‘911 ആറി’ന്റെ വിലയെന്നാണു വിദഗ്ധരുടെ നിഗമനം. തികച്ചും സംശുദ്ധമായ സ്പോർട്സ് കാർ മോഹിക്കുന്നവർക്കു വേണ്ടിയാണു പോർഷെ നാച്ചുറലി ആസ്പിറേറ്റഡ് എൻജിനും മാനുവൽ ട്രാൻസ്മിഷനുമൊക്കെയായി ‘911 ആർ’ അവതരിപ്പിച്ചിരിക്കുന്നത്. സമീപഭാവിയിലൊന്നും ഇത്തരമൊരു സ്പോർട്സ് കാർ പോർഷെ വിൽപ്പനയ്ക്കെത്തിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

porsche-911-r-1 Porsche 911 R

ട്രാക്കിൽ ജനിച്ച് അര നൂറ്റാണ്ടായി നിരത്തു വാഴുന്ന ‘911’ പാരമ്പര്യത്തിന്റെ പകിട്ടും പ്രതാപവും പേറുന്ന മോഡലാണ്. റേസ് ട്രാക്കിൽ നിന്നു നിരത്തിലേക്കു 1967ൽ ചേക്കേറിയ ഈ കാറിനുള്ള ആദരമെന്ന നിലയിലാണു പോർഷെ ‘911 ആർ’ സാക്ഷാത്കരിച്ചിരിക്കുന്നത്.
ഇതിഹാസ മാനങ്ങളുള്ള ‘911’ കാറിന്റെ രൂപകൽപ്പനയും റേസിങ് കാറിൽ നിന്നു പ്രതീക്ഷിക്കാവുന്ന പ്രകടനക്ഷമതയുമാണ് ‘911 ആറി’ന്റെ സവിശേഷതയെന്ന് പോർഷെ ഇന്ത്യ ഡയറക്ടർ പവൻ ഷെട്ടി വിശദീകരിക്കുന്നു.

porsche-911-r-2 Porsche 911 R

ഇരട്ട ഡോറുള്ള സ്പോർട്സ് കാറിനു കരുത്തേകുന്നതു പിൻഭാഗത്തു ഘടിപ്പിച്ച നാലു ലീറ്റർ, ആറു സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എൻജിനാണ്; പരമാവധി 500 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. ആറു സ്പീഡ് സ്പോർട്സ് ട്രാൻസ്മിഷനാണു ഗീയർബോക്സ്. നിലവിലെ ‘911 ജി ടി ത്രീ ആർ എസി’നു സമാനമായ പ്രകടനമാണു ‘911 ആറി’ലെ എൻജിനും പുറത്തെടുക്കുകയെന്ന് ഷെട്ടി വെളിപ്പെടുത്തി. നിശ്ചലാവസ്ഥയിൽ നിന്ന് വെറും 3.8 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുന്ന കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 323 കിലോമീറ്ററാണ്.

Your Rating: