Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധന ചോർച്ച: ‘മക്കാൻ’ തിരിച്ചുവിളിക്കാൻ പോർഷെ

porsche-Macan-Turbo

എൻജിനിൽ നിന്നുള്ള ഇന്ധന ചോർച്ചയെ തുടർന്ന് ആഗോളതലത്തിൽ അറുപതിനായിരത്തോളം കാറുകൾ തിരിച്ചുവിളിക്കുമെന്നു ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട അത്യാഡംബര കാർ നിർമാതാക്കളായ പോർഷെ എ ജി. എൻജിൻ കംപാർട്ട്മെന്റിലെ മർദം കുറഞ്ഞ ഫ്യുവൽ ലൈനിൽ നിന്നുള്ള ചോർച്ചാസാധ്യത പരിഗണിച്ചാണു ‘മക്കാൻ എസ്’, ‘മക്കാൻ ടർബോ’ മോഡലുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു.

തികച്ചും മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ഈ പരിശോധനയെന്നും ഇന്ധനചോർച്ചയെ തുടർന്ന് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും പോർഷെ അവകാശപ്പെട്ടു.മൊത്തം 58,881 കാറുകൾ തിരിച്ചുവിളിച്ചുപരിശോധിക്കാനാണു പോർഷെ തയാറെടുക്കുന്നത്. ഇതിൽ 21,835 കാറുകൾ യു എസിൽ വിറ്റതാണ്. കാനഡയിൽ വിറ്റ 3,490 കാറുകൾക്കും ജർമനിയിൽ വിറ്റ 3,641 എണ്ണത്തിനും പരിശോധന ആവശ്യമാണ്.

വെറും ഒരു മണിക്കൂറിനകം തകരാർ പരിഹരിച്ചു നൽകാനാവുമെന്നാണു പോർഷെയുടെ വാഗ്ദാനം. അറ്റകുറ്റപ്പണി ആവശ്യമുള്ള വാഹനങ്ങളുടെ ഉടമകളെ പ്രാദേശിക ഡീലർമാർ നേരിട്ടു വിവരം അറിയിക്കും.സ്പോർട്സ് കാറിന്റെ സവിശേഷതകളോടെ രൂപകൽപ്പന ചെയ്ത കോംപാക്ട് എസ് യു വിയായ ‘മക്കാൻ’ രണ്ടു വകഭേദങ്ങളിലാണു ലഭ്യമാവുന്നത്: ‘ടർബോ പെട്രോൾ’, ‘എസ് ഡീസൽ’. കോംപാക്ട് എസ് യു വിയെങ്കിലും ‘മക്കാൻ ടർബോ പെട്രോൾ’ വെറും 4.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുമെന്നാണു പോർഷെയുടെ വാഗ്ദാനം. ‘എസ് ഡീസൽ’ ഈ വേഗം കൈവരിക്കാൻ 6.1 സെക്കൻഡ് എടുക്കും.

റൈഡ് ഹൈറ്റ് അഡ്ജസ്റ്റ്മെന്റ് സഹിതമുള്ള എയർ സസ്പെൻഷൻ സംവിധാനം, ഫുള്ളി വേരിയബിൾ ഓൾ വീൽ ഡ്രൈവ്, ലൈറ്റിങ് പാക്കേജ്, ബൈ സീനോൻ ഹെഡ്ലാംപ്, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക്കലി കൺട്രോൾഡ് ടെയിൽ ഗേറ്റ് തുടങ്ങി സവിശേഷ പരിഷ്കാരങ്ങളോടെയാണു ‘മക്കാൻ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.