Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷറപ്പോവയെ കൈവിട്ട് പോർഷെ

maria-sharapova-with-Panamera--se-hybrid Maria Sharapova

ഉത്തേജകമരുന്നു വിവാദത്തിൽ കുടുങ്ങിയ റഷ്യൻ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവയെ ജർമൻ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയും കൈവിട്ടു. ലോക ഉത്തേജക വിരുദ്ധ ഏജൻസി(വാഡ)യുടെ കഴിഞ്ഞ ജനുവരി ഒന്നിനു പ്രസിദ്ധീകരിച്ച നിരോധിത മരുന്നുകളുടെ പട്ടികയിൽപെടുന്ന മെൽഡോണിയം ഉപയോഗിച്ചെന്നു തെളിഞ്ഞതോടെയാണ് ഈ തലമുറയിലെ തന്നെ മികച്ച വനിതാ ടെന്നീസ് താരങ്ങൾക്കൊപ്പം പരിഗണിക്കപ്പെടുന്ന ഷറപ്പോവയുടെ കായിക ഭാവി അനിശ്ചിതത്വത്തിലായത്. ആരോഗ്യ പ്രശ്നങ്ങളെ തുർന്നു കുടുംബ ഡോക്ടറുടെ നിർദേശപ്രകാരം ദശാബ്ദത്തിലേറെയായി മെൽഡോണിയം ഉപയോഗിക്കുന്നുണ്ടെന്നു ലൊസാഞ്ചലസിൽ നടത്തിയ മാധ്യമസമ്മേളനത്തിൽ ഷറപ്പോവ തന്നെയാണു വെളിപ്പെടുത്തിയത്. തുടർന്നു മാർച്ച് 12 മുതൽ പ്രാബല്യത്തോടെ ഷറപ്പോവയെ രാജ്യാന്തര ടെന്നീസ് ഫെഡറേഷൻ താൽക്കാലികമായി വിലക്കുകയും ചെയ്തു. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജപ്പെട്ടാൽ സ്വാഭാവികമായും അയോഗ്യരാവുന്നതിനൊപ്പം ഇതുവരെ നേടിയ വിജയങ്ങളും സമ്മാനത്തുകയുമൊക്കെ നഷ്ടമാവുകയും ചെയ്യുമെന്ന് ഫെഡറേഷൻ വ്യക്തമാക്കി.

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജിയുടെ ഉടമസ്ഥതയിലുള്ള പോർഷെയുടെ ബ്രാൻഡ് അംബാസഡറായി 2013 മുതൽ ഷറപ്പോവ രംഗത്തുണ്ട്. സാഹചര്യം വിലയിരുത്തുകയാണെന്നും കൂടുതൽ വിവരം ലഭിക്കുന്നതു വരെ ഷറപ്പോവയെ പങ്കെടുപ്പിച്ചു മുമ്പു നിശ്ചയിച്ച പ്രചാരണ പരിപാടികൾ മാറ്റിവയ്ക്കുകയാണെന്നുമാണു പോർഷെയുടെ നിലപാട്. നേരത്തെ നൈക്കിയും ആഡംബര വാച്ച് നിർമാതാക്കളായ ടാഗ് ഹ്യൂവും ഷറപ്പോവയുമായുള്ള കറാറുകൾ റദ്ദാക്കിയിരുന്നു. ലോക ടെന്നീസ് അസോസിയേഷൻ പട്ടികയിൽ ഏഴാം റാങ്കുള്ള ഷറപ്പോവ ഫോർബ്സിന്റെ കണക്കെടുപ്പുപ്രകാരം ആഗോളതലത്തിൽ ഏറ്റവുമധികം പ്രതിഫലം നേടുന്ന വനിതാ കായികതാരവുമാണ്. 2015ൽ 297 കോടി ഡോളർ(ഏകദേശം 19920 കോടി രൂപ) സമ്പാദിച്ച ഷറപ്പോവ ലോകത്തെ കായിക താരങ്ങളുടെ സംയോജിത പട്ടികയിൽ 26—ാം സ്ഥാനത്തുമാണ്. ഷറപ്പോവയുടെ മൊത്തം വരുമാനത്തിൽ 23% ആണു ടെന്നീസ് മത്സരവിജയങ്ങൾ വഴി ലഭിക്കുന്നത്. എവൺ പ്രോഡക്ട്സ്, ഡാനോൺ എസ് എയുടെ ഉടമസ്ഥതയിലുള്ള പാക്കേജ്ഡ് വാട്ടർ ബ്രാൻഡായ ഇവിയൻ തുടങ്ങിയവയുടെ പരസ്യപ്രചാരണത്തിലെ പങ്കാളിത്തം വഴി 2.3 കോടി ഡോളർ(ഏകദേശം 154.26 കോടി രൂപ)ആണു ഷറപ്പോവ നേടിയത്.