Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മിഷൻ ഇ’: കൂടുതൽ തൊഴിലവസരവുമായി പോർഷെ

porsche-logo

വൈദ്യുത സ്പോർട്സ് കാർ നിർമാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട പോർഷെ തീരുമാനിച്ചു. വൈദ്യുത സ്പോര്ട്സ് കാർ നിർമാണ പദ്ധതിക്കായി ആയിരത്തോളം പേരെ നിയമിക്കാനായിരുന്നു പോർഷെ തീരുമാനിച്ചത്. എന്നാൽ പദ്ധതിയിലെ ജീവനക്കാരുടെ എണ്ണം 1,400 ആയി ഉയർത്താനാണ് ഇപ്പോൾ പോർഷെ ആലോചിക്കുന്നത്. ജർമനിയിലെ കമ്പനി ആസ്ഥാനത്തു തന്നെ 1,200 പുതിയ ജീവനക്കാരെ നിയോഗിക്കാനാണു പോർഷെ ഒരുങ്ങുന്നത്.

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പുറത്തിറക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന, ബാറ്ററിയിൽ ഓടുന്ന സ്പോർട്സ് കാറായ ‘മിഷൻ ഇ’ക്കായി പുത്തൻ പെയ്ന്റ് ഷോപ്പും അസംബ്ലി ലൈനുമൊക്കെയാണു പോർഷെ ആസ്ഥാനത്തു നിർമിച്ചു കൊണ്ടിരിക്കുന്നത്. ഈ പദ്ധതി പരിഗണിച്ചു കമ്പനിയിടെ അപ്രന്റീസികളുടെ എണ്ണം 150ൽ നിന്ന് 220 ആയി ഉയർത്തുമെന്നും പോർഷെ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ അടുത്ത വർഷത്തെ ഡെട്രോയ്റ്റ് ഓട്ടോ ഷോയിൽ നിന്നു വിട്ടുനിൽക്കാനും ഫോക്സ്വാഗന്റെ സ്പോർട്സ് കാർ നിർമാണ വിഭാഗമായ പോർഷെ തീരുമാനിച്ചു. ന്യൂയോർക്കിലെ വ്യാപാര പ്രദർശനങ്ങൾക്കൊപ്പം യു എസിലെ പ്രധാന വിപണിയായ ലൊസാഞ്ചസിലെ പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണു കമ്പനിയുടെ പദ്ധതി.
ഡെട്രോയ്റ്റിലെ പങ്കാളിത്തത്തിന്റെ ചെലവും ഓട്ടോ ഷോയിൽ നിന്നുള്ള പ്രതിഫലവുമായി ബന്ധമില്ലെന്നാണു പോർഷെയുടെ കണ്ടെത്തൽ. ഡെട്രോയ്റ്റ് വാഹന പ്രദർശനത്തിൽ പങ്കെടുക്കുന്നതു കൊണ്ടു പ്രത്യേകിച്ചു പ്രയോജനമില്ലെന്ന വിലയിരുത്തലിലാണത്രെ കമ്പനിയുടെ പിൻമാറ്റം.  

Your Rating: