Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിസന്ധിക്കിടയിലും ഉയർന്ന ബോണസുമായി പോർഷെ

porsche-Macan-Turbo

മാതൃസ്ഥാപനമായ ഫോക്സ്‌വാഗൻ പ്രഖ്യാപിച്ച ചെലവു ചുരുക്കൽ നടപടികൾ നിലനിൽക്കുമ്പോഴും ജീവനക്കാർക്ക് കഴിഞ്ഞ വർഷം ഉയർന്ന ബോണസ് നൽകുമെന്നു ജർമൻ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെ. യു എസിലെ മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടി കുടുങ്ങിയതു മൂലമുള്ള കനത്ത പിഴ ശിക്ഷ മറികടക്കാനായിരുന്നു ഫോക്സ്‌വാഗൻ ചെലവുചുരുക്കൽ പ്രഖ്യാപിച്ചത്. ഫോക്സ്‌വാഗൻ ബ്രാൻഡുകളിൽ ഗ്രൂപ്പിനു നൽകുന്ന ലാഭം പരിഗണിച്ചാൽ രണ്ടാം സ്ഥാനത്താണു പോർഷെ. ജർമൻ നഗരങ്ങളായ സ്റ്റുട്ട്ഗർട്ടിലും ലീപ്സിഗിലുമുള്ള ശാലകളിൽ ജോലി ചെയ്യുന്ന ഇരുപതിനായിരത്തോളം ജീവനക്കാർക്ക് 8,911 യൂറോ(ഏകദേശം 6,73,080 രൂപ) ബോണസ് നൽകാനാണു പോർഷെയുടെ നീക്കം. 2014ൽ ജീവനക്കാർക്ക് 8,600 യൂറോയാണു പോർഷെ അനുവദിച്ച ബോണസ്.

പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രവർത്തന ഫലം കമ്പനിക്കു നേടിക്കൊടുത്ത ജീവനക്കാർ അധിക ബോണസ് അർഹിക്കുന്നുണ്ടെന്നാണു പോർഷെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഒലിവർ ബ്ലൂമിന്റെ നിലപാട്. കഴിഞ്ഞ വർഷത്തെ മൊത്തം വാഹന വിൽപ്പന 2,25,121 യൂണിറ്റായിരുന്നു; 2014നെ അപേക്ഷിച്ച് 20 ശതമാനത്തോളം കൂടുതൽ. പുതുതായി നിരത്തിലെത്തിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘മക്കാന്റെ’ ചിറകിലേറിയായിരുന്നു പോർഷെയുടെ കുതിപ്പ്. കമ്പനിയുടെ പ്രവർത്തന ലാഭമാവട്ടെ മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തോളം ഉയർന്ന് 340 കോടി യൂറോ(ഏകദേശം 25,681 കോടി രൂപ)യിലുമെത്തി.

‘പുകമറ’ വിവാദത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ കർശന ചെലവു ചുരുക്കൽ നടപടികളാണു സ്വീകരിച്ചിരിക്കുന്നത്. ജർമനിയിൽ മാത്രം കമ്പനി ഓഫിസുകളിലെ മൂവായിരത്തോളം തൊഴിൽ അവസരങ്ങൾ കുറയ്ക്കാനാണു തീരുമാനിച്ചിരിക്കുന്നത്. അതിനിടെ കരാർ നിയമനം ലഭിച്ചവരടക്കം ഒരു ലക്ഷത്തോളം ജീവനക്കാർക്കു ബോണസ് നൽകാൻ ഫോക്സ്വാഗനിലും ധാരണയായിട്ടുണ്ട്. പക്ഷേ 2014ൽ അനുവദിച്ച 5,900 യൂറോ(ഏകദേശം 4,45,648 രൂപ)യെ അപേക്ഷിച്ചു വളരെ കുറവാകും കഴിഞ്ഞ വർഷത്തെ ബോണസ് എന്നാണു സൂചനകൾ. നേരത്തെ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര കാർ നിർമാതാക്കളായ ഔഡിയും മുൻവർഷത്തെ അപേക്ഷിച്ചു താഴ്ന്ന നിരക്കിലാണു ജീവനക്കാർക്ക് 2015ലെ ബോണസ് പ്രഖ്യാപിച്ചത്. 2014ൽ 6,540 യൂറോ(ഏകദേശം 4,93,990 രൂപ) ബോണസ് അനുവദിച്ച കമ്പനി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത് 5,420 യൂറോ(4,09,392 രൂപ) മാത്രമാണ്.

Your Rating: