Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസിൽ ചെറുകാർ നിർമാണം തുടരുമെന്നു ജി എം

Sonic Sonic

ചെറുകാറായ ‘സോണിക്’ യു എസിൽ നിർമിക്കാനുള്ള മുൻ തീരുമാനത്തിൽ മാറ്റം വരുത്താൻ ആലോചനയില്ലെന്നു ജനറൽ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മേരി ബാര. 2018 മുതൽ കോംപാക്ട് കാരായ ‘ഫോക്കസി’ന്റെ ഉൽപ്പാദനം ഡെട്രോയിറ്റിൽ നിന്നു മാറ്റാൻ ഫോഡ് മോട്ടോർ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണു ബാര ജി എമ്മിന്റെ നിലപാട് വ്യക്തമാക്കിയത്.

വാഹന നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ യുണൈറ്റഡ് ഓട്ടോ വർക്കേഴ്സു(യു എ ഡബ്ല്യു)മായി 23നു നടത്തുന്ന ചർച്ചകളിൽ മിച്ചിഗൻ ശാലയുടെ ഭാവിയും വിഷയമാകുമെന്നും ഫോഡ് പ്രഖ്യാപിച്ചിരുന്നു. യു എ ഡബ്ല്യു പ്രതിനിധികളുമായി ഡെട്രോയിറ്റിൽ നടന്ന ചർച്ചയ്ക്കിടയിലാണു ബാരയും ‘സോണിക്’ നിർമാണം യു എസിൽ തുടരുന്നതു സംബന്ധിച്ച നയം വ്യക്തമാക്കിയത്.

ജി എമ്മിന്റെ യു എസ് ശാലകളിലെ ജീവനക്കാരെയാണു യു എ ഡബ്ല്യു പ്രതിനിധീകരിക്കുന്നത്. ഡെട്രോയിറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികൾ വിദേശത്തു കനത്ത നിക്ഷേപം നടത്താൻ തയാറെടുക്കുന്നതിൽ സംഘടനയ്ക്ക് ആശങ്കയുണ്ടെന്നു യു എ ഡബ്ല്യു പ്രസിഡന്റ് ഡെന്നീസ് വില്യംസ് ബാരയുമായുള്ള ചർച്ചയിൽ വെളിപ്പെടുത്തിയിരുന്നു.

അതിനിടെ 2018ൽ മിച്ചിഗൻ അസംബ്ലി പ്ലാന്റിൽ നിന്നുള്ള ‘ഫോക്കസ്’ ഉൽപ്പാദനം അവസാനിപ്പിക്കുമെന്നായിരുന്നു ഫോഡിന്റെ പ്രഖ്യാപനം. 2018ൽ ‘ഫോക്കസി’ന്റെ മോഡൽ മാറ്റം നടപ്പാക്കാനിരിക്കെയാണു ഫോഡിന്റെ തീരുമാനം. ഇതോടെ പുതിയ ‘ഫോക്കസും’ ‘സി മാക്സും’ മിച്ചിഗനു പകരം മറ്റൊരു ശാലയിൽ നിന്നാവും നിരത്തിലെത്തുകയെന്ന് ഏറെക്കുറെ ഉറപ്പായി. പോരെങ്കിൽ ‘ഫോക്കസ്’, ‘സി മാക്സ്’ നിർമാണം നിർത്തുമ്പോൾ പകരം ഏതു മോഡലാവും മിച്ചിഗനിൽ ഉൽപ്പാദിപ്പിക്കുകയെന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

എങ്കിലും യു എ ഡബ്ല്യുവുമായുള്ള ചർച്ചകൾ തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ശാല അടച്ചുപൂട്ടി നാലായിരത്തോളം ജീവനക്കാരെ തൊഴിൽരഹിതരാക്കാൻ ഫോഡ് തയാറാവില്ലെന്നാണു പ്രതീക്ഷ. ശാലയിലെ മൂന്നാം ഷിഫ്റ്റ് അവസാനിപ്പിക്കുകയും തൊഴിലവസരം കുറയ്ക്കുകയും ചെയ്തെങ്കിലും നിലവിൽ കൂടുതൽ ഉൽപ്പാദനം സാധ്യമാവുന്ന അപൂർവം ശാലകളിലൊന്നായ മിച്ചിഗനെ കമ്പനി പൂർണമായും തഴയാനിടയില്ല. പോരെങ്കിൽ ശാല അടയ്ക്കാൻ പദ്ധതിയില്ലെന്നും ഫോഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഫോക്കസ്’ ഉൽപ്പാദനം മെക്സിക്കോയിലേക്കു മാറ്റാനും തായ്ലൻഡിലെ ശാലയുടെ ശേഷി വിനിയോഗം ഉയർത്താനുമുള്ള നടപടിയാണു ഫോഡ് സ്വീകരിക്കുന്നതെന്നാണു സൂചന.

ആഗോളതലത്തിൽ ഒൻപതു ശാലകളിലാണു ഫോഡ് ‘ഫോക്കസ്’ ഉൽപ്പാദിപ്പിക്കുന്നത്; പ്രതിവർഷം 10 യൂണിറ്റിലേറെയാണു കാറിന്റെ വിൽപ്പന. എന്നാൽ യു എസിൽ കഴിഞ്ഞ ആറു മാസത്തിനിടെ ‘ഫോക്കസ്’, ‘സി മാക്സ്’ വിൽപ്പനയിൽ ഇടിവു നേരിട്ടിരുന്നു. ഇന്ധനവില കുറഞ്ഞതു ‘ഫോക്കസ്’ പോലുള്ള ചെറുകാറുകൾക്കുള്ള ആവശ്യം കുറച്ചിട്ടുണ്ടെന്നാണു ഫോഡിന്റെ വിലയിരുത്തൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.