Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനിൽ കാർ വിൽക്കാൻ പി എസ് എ — എസ് എ ഐ പി എ ധാരണ

psa-group

ഫ്രാൻസിൽ നിന്നുള്ള പി എസ് എ ഗ്രൂപ് ഇറാനിൽ കാർ നിർമിച്ചു വിൽക്കാനുള്ള രണ്ടാമത്തെ ധാരണാപത്രം ഒപ്പിട്ടു. മധ്യപൂർവ മേഖലയിലെ ഏറ്റവും വലിയ വാഹന വിപണിയായ ഇറാനിൽ നിന്നു യു എസ് നേതൃത്വത്തിൽ പ്രഖ്യാപിച്ച ഉപരോധത്തെ തുടർന്നു പിൻവാങ്ങുമ്പോഴുണ്ടായിരുന്ന മേധാവിത്തം വീണ്ടെടുക്കാനുള്ള ശ്രമമാണു പി എസ് എ നടത്തുന്നത്.

പ്രാദേശിക പങ്കാളിയായ എസ് എ ഐ പി എയുമായി സഹകരിച്ച് 30 കോടി യൂറോ (ഏകദേശം 2220.23 കോടി രൂപ) ചെലവിൽ ഇറാനിൽ കാർ നിർമിക്കാനുള്ള ധാരണാപത്രമാണ് പാരിസ് ആസ്ഥാനമായ പി എസ് എ ഗ്രൂപ് ഒപ്പിട്ടത്. ‘സിട്രോൺ’ ശ്രേണിയിൽ മൂന്നു കാറുകൾ വികസിപ്പിച്ച് ഇറാനിൽ വിൽക്കുകയാണു പുതിയ സംയുക്ത സംരംഭത്തിന്റെ പദ്ധതി.

യു എസിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് 2011ലാണു പി എസ് എ ഇറാനിൽ നിന്നു പിൻവാങ്ങിയത്. അഞ്ചു വർഷത്തെ ഇടവേളയ്ക്കൊടുവിൽ ഇറാനിൽ തിരിച്ചെത്തുമ്പോൾ ചൈനീസ് നിർമാതാക്കളിൽ നിന്നുള്ള കനത്ത മത്സരമാണു പി എസ് എ ഗ്രൂപ്പിനെ കാത്തിരിക്കുന്നത്. പോരെങ്കിൽ പുത്തൻ മോഡലുകളുമായി ഫ്രാൻസിൽ നിന്നു തന്നെയുള്ള റെനോയെ പോലുള്ള നിർമാതാക്കളും ഇറാനിലെത്തിയിട്ടുണ്ട്.

എസ് എ ഐ പി എയുമായുള്ള സഹകരണത്തിൽ പുതിയ അധ്യായത്തിനാണ് ഈ കരാർ തുടക്കമിടുന്നതെന്ന് പി എസ് എ ചീഫ് എക്സിക്യൂട്ടീവ് കാർലോസ് ടവരെസ് അഭിപ്രായപ്പെട്ടു. മുന്തിയ യാത്രാസുഖവും സുരക്ഷിതത്വവും സാങ്കേതിക നിലവാരവുമുള്ള കാറുകൾ ഇറാനിയൻ ഉപയോക്താക്കൾക്കു ലഭ്യമാക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വർഷാവസാനത്തോടെയാവും കരാർ സംബന്ധിച്ച് അന്തിമ ധാരണയിലെത്തുക. 2018-നകം ആദ്യ മോഡൽ വിൽപ്പനയ്ക്കെത്തിക്കാനാണു സിട്രോണിന്റെയും എസ് എ ഐ പി എയുടെയും ശ്രമം.

വിൽപ്പന ഏറ്റവും ഉയർന്നതലത്തിലായിരുന്ന 2011ൽ ഇറാനിലെ കാർ റജിസ്ട്രേഷൻ 16 ലക്ഷം യൂണിറ്റായിരുന്നു; ഇതിൽ 30 ശതമാനത്തോളമായിരുന്നു പി എസ് എയുടെ വിഹിതം. കഴിഞ്ഞ മാസം പി എസ് എ ഗ്രൂപ്പിൽപെട്ട പ്യുഷൊയും ഇറാൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ഇറാൻ ഖൊദ്രോയുമായി കാർ നിർമാണത്തിനുളള സംയുക്ത സംരംഭത്തിനു ധാരണയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 1966 മുതൽ സിട്രോണിന്റെ പങ്കാളിയായ എസ് എ ഐ പി എയുമായി പി എസ് എ ഗ്രൂപ് കരാറിലെത്തിയത്. പി എസ് എയുടെ പ്രീമിയം ബ്രാൻഡായ ഡി എസും ഇറാനിൽ വിതരണക്കാരെ കണ്ടെത്തിയിട്ടുണ്ട്. 

Your Rating: