Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബ്രെക്സിറ്റ്’: പി എസ് എ ഗ്രൂപ് ബ്രിട്ടനിൽ കാർ വില കൂട്ടി

psa-group

യൂറോപ്യൻ യൂണിയനിൽ നിന്നു പിൻമാറാനുള്ള ബ്രിട്ടന്റെ തീരുമാനം വിനിമയ നിരക്കിൽ പൗണ്ടിനു സൃഷ്ടിച്ച തിരിച്ചടി പരിഗണിച്ചു കാർ വില വർധിപ്പിക്കുകയാണെന്നു ഫ്രഞ്ച് നിർമാതാക്കളായ പി എസ് എ ഗ്രൂപ് പ്രഖ്യാപിച്ചു. ജൂൺ 23നു നടന്ന അഭിപ്രായ വോട്ടെടുപ്പിലാണു യൂറോപ്യൻ യൂണിയനോടു വിട പറയാൻ ബ്രിട്ടൻ തീരുമാനമെടുത്തത്. തീരുമാനം പൗണ്ടിന്റെ മൂല്യം ഇടിച്ച പശ്ചാത്തലത്തിലാണു ഗ്രൂപ് ബ്രാൻഡുകളായ പ്യുഷൊ, സിട്രോൻ, ഡി എസ് എന്നീ ശ്രേണികളിലെ വാഹന വില ഉയർത്താൻ പി എസ് എ ഗ്രൂപ് തീരുമാനിച്ചത്. പൗണ്ട് അടിസ്ഥാനത്തിൽ വാഹങ്ങൾ വിൽക്കുമ്പോഴും ലാഭക്ഷമത ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും ഗ്രൂപ് വിശദീകരിക്കുന്നു.

അതേസമയം വർധന സംബന്ധിച്ച വിശദാംശങ്ങൾ പി എസ് എ ഗ്രൂപ് വിശദീകരിച്ചിട്ടില്ല. എങ്കിലും കോംപാക്ട് ഹാച്ച്ബാക്കായ ‘പ്യുഷൊ 308’ വിലയിൽ 2.8% വർധന നടപ്പായിട്ടുണ്ടെന്നാണു വ്യവസായ പ്രസിദ്ധീകരണങ്ങളുടെ നിഗമനം.‘ബ്രെക്സിറ്റ്’ അഭിപ്രായ സർവേ ഫലം മൂലം വാഹന വിൽപ്പനയിൽ ഇടിവു നേരിടുമെന്നു പി എസ് എ ഗ്രൂപ്പിനൊപ്പം ഫ്രാൻസിൽ നിന്നുള്ള എതിരാളികളായ റെനയും ആശങ്കപ്പെട്ടിരുന്നു. ജൂണിൽ ബ്രിട്ടീഷ് ജനതയുടെ തീരുമാനം പുറത്തുവന്ന പിന്നാലെ വിനിമയ വിപണിയിൽ പൗണ്ടിന്റെ മൂല്യം മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. ഇതോടെ പൗണ്ട് അടിസ്ഥാനത്തിലുള്ള വാഹനവ്യാപാരം വിദേശ കമ്പനികൾക്ക് തികച്ചും അനാകർഷകവുമായി.

അതേസമയം, പി എസ് എ ഗ്രൂപ് ഇപ്പോൾ നടപ്പാക്കിയ വിലവർധന പരീക്ഷണാടിസ്ഥാനത്തിലുള്ളതു മാത്രമാണെന്ന അഭ്യൂഹവും ശക്തമാണ്. വിപണിയുടെ പ്രതികരണം വിലയിരുത്തിയ ശേഷം യഥാർഥ വർധന പ്രഖ്യാപിക്കാനാണത്രെ കമ്പനിയുടെ നീക്കം. നിലവിൽ പി എസ് എ ഗ്രൂപ് പ്രഖ്യാപിച്ച വർധന പൗണ്ടിന്റെ വിലയിടിവിനെ മറികടക്കാൻ പര്യാപ്തമല്ലെന്ന തിരിച്ചറിവാണ് ഇത്തരം വിശദീകരണങ്ങൾക്കു കരുത്തേകുന്നത്.