Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോ‍ഡ് ഇകോസ്പോർടിനെ തിരിച്ചുവിളിക്കുന്നു

Ford EcoSport

സസ്പെൻഷന്റെ നിർമാണപിഴവ് മൂലമുള്ള അപകടസാധ്യത പരിഗണിച്ച് ഫോഡ് ഇന്ത്യ 16,500 ‘ഇകോ സ്പോർട്’ തിരിച്ചുവിളിക്കുന്നു. റിയർ ട്വിസ്റ്റ് ബീം(ആർ ടി ബി) ബോൾട്ട് ശരിയാംവണ്ണം മുറുക്കിയിട്ടില്ലെന്ന സംശയത്തെ തുടർന്നാണു ഫോഡ് ഇന്ത്യ ഇക്കുറി ‘ഇകോസ്പോർട്’ തിരിച്ചുവിളിക്കുന്നത്. 2013 നവംബറിനും 2014 ഏപ്രിലിനുമിടയ്ക്ക് ചെന്നൈ മാരൈമലൈനഗർ ശാലയിൽ നിന്നു പുറത്തെത്തിയ ചില ‘ഇകോസ്പോർട്’ വാഹനങ്ങളിലാണ് ഈ തകരാർ സംശയിക്കുന്നത്. അയഞ്ഞനിലയിലുള്ള ആർ ടി ബി ബോൾട്ട് പിവട്ടിനെ തന്നെ തകർക്കാനും വാഹനത്തിന്റെ ഹാൻഡ്ലിങ് തകരാറിലാക്കാനും സാധ്യതയുണ്ടെന്നാണു ഫോഡിന്റെ വിലയിരുത്തൽ. ഇതുമൂലം വാഹനം അപകടത്തിൽപെടാനും സാധ്യതയുണ്ടെന്നു ഫോഡ് കരുതുന്നു.

പരിശോധന ആവശ്യമുള്ള 16,444 ‘ഇകോസ്പോർട്’ വാഹനങ്ങളുടെ ഉടമകളെയും നേരിട്ടു വിവരം അറിയിക്കുമെന്നാണു ഫോഡിന്റെ വാഗ്ദാനം. അറിയിപ്പ് ലഭിക്കുന്നവർ ‘ഇകോസ്പോർട്’ അടുത്തുള്ള ഡീലർഷിപ്പിലെത്തിച്ചാൽ തകരാർ സൗജന്യമായി പരിഹരിച്ചു നൽകുമെന്നും കമ്പനി വ്യക്തമാക്കുന്നു. അതേസമയം ഈ തകരാർ മൂലം അപകടം സംഭവിച്ചതായോ ആർക്കെങ്കിലും പരുക്കേറ്റതായോ വിവരമില്ലെന്നും ഫോഡ് അറിയിച്ചു. അപകടം ഒഴിവാക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് വാഹന പരിശോധന പ്രഖ്യാപിച്ചതെന്നും കമ്പനി വിശദീകരിച്ചു.

ഫോഡ് ശ്രേണിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലും കോംപാക്ട് എസ് യു വിയുയായ ‘ഇകോസ്പോർട്’ ഇതു മൂന്നാം തവണയാണു കമ്പനി തിരിച്ചുവിളിക്കുന്നത്. വാഹനം നിരത്തിലെത്തി ഏറെക്കഴിയുംമുമ്പ് 2013 മധ്യത്തിലാണ് ഗ്ലോപ്ലഗ് മൊഡ്യൂളിന്റെ സ്ഥാനം പുനഃക്രമീകരിക്കാൻ ഫോഡ് ഇന്ത്യ 972 ‘ഇകോസ്പോർട്’ തിരിച്ചുവിളിച്ചത്. തുടർന്ന് കഴിഞ്ഞ ഡിസംബറിൽ മുന്നിലെ എയർബാഗുമായും ഫ്യുവൽ ലൈനുമായും ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ ഫോഡ് 20,700 ‘ഇകോസ്പോർട്’ തിരിച്ചുവിളിച്ചിരുന്നു.