Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെനോ ക്വിഡ് തിരിച്ചു വിളിക്കുന്നു

Renault Kwid

കാർ നിർമാതാക്കളായ റെനോയും നിസ്സാനും തങ്ങളുടെ വാഹനങ്ങളായ ക്വിഡും ഡാറ്റ്സൺ റെഡിഗോയും തിരിച്ചു വിളിക്കുന്നു. റെനോ 50000 ക്വിഡ് കാറുകളാണു മടക്കിവിളിക്കുന്നത്. ഡാറ്റ്സൺ റെഡിഗോ 932 യൂണിറ്റും. ഇന്ധന സംവിധാനത്തിന്റെ പ്രശ്നങ്ങളാണു തിരിച്ചു വിളിക്കലിനു കാരണം.

ഇന്ധന സംവിധാനത്തിന്റെ സമഗ്ര പരിശോധനയ്ക്കു വേണ്ടിയാണു കാറുകൾ തിരികെ വിളിക്കുന്നതെന്നു റെനോ അറിയിച്ചു. 2015 ഒക്ടോബർ മുതൽ ഈ വർഷം മേയ് 18 വരെ ഉൽപാദിപ്പിച്ച 0.8 എൽ വേരിയന്റ് (800 സിസി) ക്വിഡുകളാണ് പരിശോധിക്കുന്നത്.ഈ കാറുകളിലെ ഇന്ധന ഹോസിൽ സംരക്ഷണ ക്ലിപ് പിടിപ്പിക്കും. ഇതോടൊപ്പം ഇന്ധന സംവിധാനത്തിന്റെ പ്രവർത്തനം സമഗ്രമായി വിലയിരുത്തും. ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നില്ല എന്നുറപ്പാക്കും – കമ്പനി പറയുന്നു. സൗജന്യമായാണു സർവീസ് നടത്തുക.

വാഹന ഉടമകളെ ബന്ധപ്പെടുകയാണ്. അതത് വിതരണക്കാരുടെ അടുത്താണു പരിശോധനയ്ക്കു കാർ എത്തിക്കേണ്ടത്. തകരാറിന്റെ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഈ കാലയളവിൽ നിരത്തിലിറക്കിയ 10% വാഹനങ്ങൾക്കു കുഴപ്പമുള്ളതായാണു കണക്കാക്കുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ റെനോ ക്വിഡ് വിപണിയിൽ വൻ വിജയമായിരുന്നു. ആദ്യം 800 സിസി എൻജിനുമായി അവതരിപ്പിച്ച കാറിന് ഈ വർഷം ഓഗസ്റ്റിൽ 1000 സിസിയുടെ വേരിയന്റും ലഭ്യമാക്കിയിരുന്നു. നിസ്സാന്റെ ഡാറ്റ്സൺ റെഡിഗോയ്ക്കും ഇന്ധന സംവിധാനത്തിൽത്തന്നെയാണു പ്രശ്നം. ഇന്ത്യയിൽ നിർമിച്ച 932 വാഹനങ്ങളാണു പരിശോധിച്ചു തകരാർ പരിഹരിക്കുക. മേയ് 18 വരെ ഉൽപാദിപ്പിച്ച കാറുകൾക്കാണു പ്രശ്നമുള്ളത്.

ക്വിഡും റെഡിഗോയും ചെന്നൈയിൽ ഒരേ ഉൽപാദനശാലയിലാണു നിർമിക്കുന്നത്. പാരിസ് കേന്ദ്രമായ ഫ്രഞ്ച് കമ്പനി റെനോയും യോക്കോഹാമ കേന്ദ്രമായ ജപ്പാൻ കമ്പനി നിസ്സാനും സഹകരണ വ്യവസ്ഥയിലാണു വാഹനങ്ങൾ ഉൽപാദിപ്പിക്കുന്നത്. ലോകത്തു വിൽക്കുന്ന 10 കാറുകളിൽ ഒന്ന് ഇവരുടേതാണ്.

Your Rating: