Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്വി‍ഡ് ഓട്ടമാറ്റിക്ക് ഉടൻ

kwid-amt

വിപണിയിലെത്തി കുറച്ചു നാളുകൾകൊണ്ടു തന്നെ ഹിറ്റായി മാറിയ വാഹനമാണ് റെനോ ക്വിഡ്. റെനൊ ഇന്ത്യയുടെ തലവരമാറ്റിയ ക്വിഡിന്റെ എൻജിൻ ശേഷി കൂടിയ പതിപ്പിന് പിന്നാലെ ഓട്ടമാറ്റിക്ക് വകഭേദവുമായി റെനോ എത്തുന്നു. റെനൊയുടെ കോംപാക്റ്റ് എസ്‌യുവിയായ ഡസ്റ്ററിൽ ഉപയോഗിക്കുന്ന ഈസി ആർ ടെക്നോളജി എഎംടി ഗിയർബോക്സായിരിക്കും ക്വിഡിനും. കാറിന്റെ ഒരു ലിറ്റർ വകഭേദത്തിലായിരിക്കും ഓട്ടമാറ്റിക്ക് മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിക്കുന്നത്.

പ്രധാനമായും മാരുതി സുസുക്കി ‘ഓൾട്ടോ’, ഹ്യുണ്ടേയ് ‘ഇയോൺ’, മാരുതി സുസുക്കി ‘വാഗൻ ആർ’ എന്നിവയോടും പുത്തൻ മോഡലായ ടാറ്റ ‘ടിയാഗൊ’യോടുമാണു ‘ക്വിഡി’ന്റെ മത്സരം. റെനോയിൽ നിന്നുള്ള പുതിയ 793 സി സി എൻജിനുമായാണു ‘ക്വിഡ്’ നിരത്തിലെത്തിയത്. പരമാവധി 54 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ പെട്രോൾ എൻജിനു ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഒരു ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന ക്വിഡിന് 67 ബിഎച്ച്പി കരുത്തും 91 എൻ‌എം ടോർക്കുമുണ്ട്. 23.01 കിലോമീറ്റാണ് എആർഎഐ അംഗീകരിച്ച ഇന്ധനക്ഷമത.

ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമൊക്കെയുള്ള ‘ക്വിഡ്’ ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിന്നു സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാണു റെനോ സാക്ഷാത്കരിച്ചത്. കാറിന്റെ 98 ശതമാനത്തോളം ഘടകങ്ങളും പ്രാദേശികമായി നിർമിച്ചതാണ്. ബൂട്ടിൽ 300 ലീറ്റർ സ്ഥലം, 4.1 ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി എതിരാളികളെ നിഷ്പ്രഭമാക്കുന്ന സൗകര്യങ്ങളുമായാണു ‘ക്വിഡി’ന്റെ വരവ്. റെനോയും പങ്കാളിയായ നിസ്സാനും ചേർന്നു സാക്ഷാത്കരിച്ച പുത്തൻ പ്ലാറ്റ്ഫോമായ ‘സി എം എഫ് — എ’യാണു ‘ക്വിഡി’ന്റെ അടിത്തറ. 

Your Rating: