Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെനോ ‘ക്വിഡ്’ വരവായി; ബുക്കിങ്ങിനും തുടക്കം

Renault Kwid

അവതരണത്തിന് മുന്നോടിയായി രാജ്യത്തെ തിരഞ്ഞെടുത്ത റെനോ ഡീലർഷിപ്പുകൾ ചെറു ഹാച്ച്ബാക്കായ ‘ക്വിഡി’നുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങി. ഫ്രഞ്ച് നിർമാതാക്കളായ റെനോയിൽ നിന്നുള്ള എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’ അടുത്ത മാസം വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. ഇതിനു മുന്നോടിയായാണു വിവിധ ഡീലർഷിപ്പുകൾ 20,000 മുതൽ അരലക്ഷം രൂപ വരെ അഡ്വാൻസ് ഈടാക്കി ‘ക്വിഡി’നുള്ള ബുക്കിങ് സ്വീകരിക്കുന്നത്. അതേസമയം കാറിന്റെ അവതരണ തീയതിയെക്കുറിച്ചോ വില സംബന്ധിച്ചോ റെനോ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

അതിനിടെ ഉത്സവകാലം പ്രമാണിച്ചു കമ്പനിയുടെ ബ്രാൻഡ് അംബാസഡറായ രൺബീർ കപൂറിനെ നായകനാക്കി റെനോ സാക്ഷാത്കരിച്ച പുതിയ ടി വി പരസ്യത്തിൽ ‘ഡസ്റ്ററി’നും ‘ലോജി’ക്കുമൊപ്പം ‘ക്വിഡും’ ഇടംപിടിച്ചിട്ടുണ്ട്. ക്രോസോവറിനോടു കിട പിടിക്കുന്ന രൂപഭംഗിയും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായി എൻട്രി ലവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ വേറിട്ട ഇടം ഉറപ്പാക്കാനാണു ‘ക്വിഡി’ലൂടെ റെനോയുടെ ശ്രമം. കാഴ്ചപ്പകിട്ടിനും ബോഡി ക്ലാഡിങ്ങിനുമപ്പുറം എസ് യു വികളെ പോലെ 180 എം എം ഗ്രൗണ്ട് ക്ലിയറൻസാണു ‘ക്വിഡി’നു റെനോ നൽകുന്നത്. കൂടാതെ ‘ഡസ്റ്ററി’ലെ പോലെ തള്ളി നിൽക്കുന്ന മുൻ ബംപറും ക്രീസുള്ള ബോണറ്റും റിയർ ഫെൻഡർ ഫ്ളെയറുകളും ‘ക്വിഡി’നു സ്വന്തമാണ്.

അകത്തളത്തിലാവട്ടെ ലാളിത്യം തുളുമ്പുന്ന ഡാഷ്ബോഡാണു ‘ക്വിഡി’നു റെനോ തിരഞ്ഞെടുത്തിരിക്കുന്നത്; ഇൻസ്ട്രമെന്റ് ക്ലസ്റ്ററാവട്ടെ പൂർണമായും ഡിജിറ്റലും. മധ്യത്തിലായാണ് എയർ കണ്ടീഷനറും പവർ വിൻഡോയും നിയന്ത്രിക്കാനുള്ള സ്വിച്ചുകളുടെ സ്ഥാനം. ആവശ്യത്തിന് ഉയരത്തിലാണ് എയർ കണ്ടീഷനർ വെന്റുകളുടെയും സ്ഥാനം. മുന്തിയ വകഭേദത്തിൽ യു എസ് ബി, ഓക്സിലറി കണക്ടിവിറ്റിയോടെ ആറിഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനവും റെനോ ലഭ്യമാക്കുമെന്നാണു സൂചന; എയർ കണ്ടീഷനറിന്റെ വെന്റുകൾക്കും നിയന്ത്രണ നോബുകൾക്കും മധ്യത്തിലാവും ഇത് ഇടംപിടിക്കുക. കൂടാതെ എതിരാളികളെ അപേക്ഷിച്ചു കൂടുതൽ സംഭരണ സ്ഥലവും ‘ക്വിഡി’ൽ റെനോ ഉറപ്പാക്കിയിട്ടുണ്ട്.

കാറിനു കരുത്തേകുക 800 സി സി, മൂന്നു സിലിണ്ടർ, ഡി ഒ എച്ച് സി എൻജിനാവുമെന്നാണു പ്രതീക്ഷ; പരമാവധി 57 ബി എച്ച് പി വരെയാവുമത്രെ ഈ എൻജിൻ സൃഷ്ടിക്കുന്ന കരുത്ത്. മാനുവൽ ഗീയർബോക്സാവും ട്രാൻസ്മിഷൻ. ഭാവിയിൽ ശേഷിയേറിയ, 1000 സി സി എൻജിനും എ എം ടി ഗീയർബോക്സും ‘ക്വിഡി’ൽ പ്രതീക്ഷിക്കാം.

റെനോ — നിസ്സാൻ സഖ്യം വികസിപ്പിച്ച സി എം എഫ് — എ മൊഡ്യുലാർ പ്ലാറ്റ്ഫോമാണു ‘ക്വിഡി’ന് അടിത്തറയാവുന്നത്. 98 ശതമാനത്തോളം ഘടകങ്ങളും പ്രാദേശികമായി സമാഹരിച്ചവയാണ് എന്നതിനാൽ അടുത്ത മാസം വിൽപ്പനയ്ക്കെത്തുമ്പോൾ മൂന്നു മുതൽ നാലു ലക്ഷം രൂപ വരെയാവുമത്രെ ‘ക്വിഡി’ന്റെ വിവിധ വകഭേദങ്ങളുടെ വില.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.